ആറാംബാഗ് : ഗാന്ധിജിയുടെ മൂന്ന് കുരങ്ങുകൾ ചേർന്നാണ് ഇന്ത്യ സഖ്യമുണ്ടാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ പരിഹാസം. ആറാംബാഗിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലാണ് വിമര്‍ശനം.
ഇന്ത്യ സഖ്യത്തിന്‍റെ നേതാക്കളെല്ലാവരും ഗാന്ധിജിയുടെ മൂന്ന് കുരങ്ങുകളെ പോലെ നിശബ്‌ദരായി ഇരിക്കുകയാണ്. അവർ വായ അടച്ചിരിക്കുന്നു. ബംഗാൾ ഭരിക്കുന്ന പാർട്ടിയോട് ഉത്തരം തേടാൻ അവർക്ക് അവകാശമില്ല. സന്ദേശ്ഖാലി സംഭവം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. സിപിഎം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെയും പ്രധാന മന്ത്രി മോദി പരിഹസിച്ചു.
സന്ദേശ്ഖാലിയിലെ സ്‌ത്രീകളോട് തൃണമൂൽ ചെയ്‌തത് കണ്ട് രാജ്യം മുഴുവൻ സങ്കടത്തിലും രോഷത്തിലുമാണ്. രാജാ റാംമോഹൻ റോയിയുടെ ആത്മാവിനെ പോലും കരയിക്കുന്ന കാര്യമാണ് സന്ദേശ്ഖാലിയിൽ അവർ ചെയ്‌തത്. അവർ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ഗാന്ധിജിയുടെ മൂന്ന് കുരങ്ങുകളെപ്പോലെ ഇന്ത്യ മുന്നണിയുടെ നേതാക്കൾ കണ്ണും കാതും വായും അടച്ചിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. സന്ദേശ്ഖാലിയെ പറ്റി ഒരക്ഷരം പോലും സഖ്യത്തിലെ പ്രധാന നേതാക്കൾ പറയുന്നില്ല. അവർ പട്‌ന, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ്. എല്ലാവരും എവിടെയാണ് കണ്ടുമുട്ടുന്നതെന്ന് എനിക്കറിയില്ല.