സുരക്ഷയിലും അടിസ്ഥാന സൗകര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച പ്രവർത്തനങ്ങളാണ് 2024 ൽ ഇന്ത്യന്‍ റെയില്‍വേ നടത്തിയത്. 1,000 ലോക്കോമോട്ടീവുകൾ കവച് സുരക്ഷാ സാങ്കേതിക വിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചു. ഇതു കൂടാതെ 9,000 സാങ്കേതിക വിദഗ്‌ധരെ പരിശീലിപ്പിക്കുകയും ചെയ്‌തു.
കാലങ്ങളായി നടപ്പാക്കിയ വിവിധ സുരക്ഷാ നടപടികളുടെ ഫലമായി അപകടങ്ങളുടെ എണ്ണത്തിൽ കുത്തനെ ഇടിവുണ്ടായതായി റെയില്‍വേ ചൂണ്ടിക്കാട്ടുന്നു. 2004 - 14 കാലയളവിൽ 1711 ട്രെയിൻ അപകടങ്ങൾ (പ്രതിവർഷം ശരാശരി 171) ആണ് നടന്നത്. 2014 - 24 കാലയളവിൽ ഇത് 678 (പ്രതിവർഷം ശരാശരി 68) ആയി കുറഞ്ഞു എന്നാണ് കണക്ക്.
മെച്ചപ്പെട്ട റെയിൽ ട്രാക്കും വേഗതയും
- 6,200 ട്രാക്ക് കിലോമീറ്റർ പുതിയ റെയിലുകൾ ഉപയോഗിച്ച് പുതുക്കി.
- 6,450 ട്രാക്ക് കിലോമീറ്ററിനുള്ള ട്രാക്ക് പുതുക്കൽ പൂർത്തിയായി.
വേഗത വർദ്ധിപ്പിച്ചു
- സുവർണ്ണ ചതുർഭുജ, ഡയഗണൽ റൂട്ടുകളുടെയും മറ്റ് എട്ട് റൂട്ടുകളുടെയും ഭാഗങ്ങൾ ഉൾക്കൊള്ളുന്ന 2,000 ട്രാക്ക് കിലോമീറ്ററിലധികം സെക്ഷണൽ വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്തി.
- 7200 ട്രാക്ക് കിലോമീറ്ററിൽ സെക്‌ഷണൽ സ്‌പീഡ് 110 കിലോമീറ്ററായി ഉയർത്തി.
ഇതുകൂടാതെ, ഇന്ത്യൻ റെയിൽവേയുടെ ഇ-പ്രൊക്യുർമെന്‍റ് സിസ്‌റ്റത്തിൽ (ഐആർഇപിഎസ്) വിവിധ സോണൽ റെയിൽവേകളുടെ എഞ്ചിനീയറിങ് വകുപ്പിന്‍റെ തീർപ്പുകൽപ്പിക്കാത്ത എല്ലാ കേസുകളും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം തീർപ്പാക്കി. 2024 ജനുവരി മുതൽ നവംബർ വരെ 718 റോഡ് ഓവർ ബ്രിഡ്‌ജുകളുടെ (ROBs)/റോഡ് അണ്ടർ ബ്രിഡ്‌ജുകളുടെ (RUB) നിർമ്മാണം പൂര്‍ത്തിയാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗതി ശക്തി മൾട്ടി മോഡൽ കാർഗോ ടെർമിനൽ
കാർഗോ ടെർമിനലുകൾ സ്ഥാപിക്കുന്ന വ്യവസായത്തിൽ നിന്നുള്ള നിക്ഷേപം വർദ്ധിപ്പിക്കുന്നതിനായി, 'ഗതി ശക്തി മൾട്ടി-മോഡൽ കാർഗോ ടെർമിനലുകൾ (ജിസിടി) രാജ്യത്തുടനീളം വികസിപ്പിക്കുകയാണ്. ഇതുവരെ, രാജ്യത്തുടനീളം 354 സ്ഥലങ്ങൾ (റെയിൽവേ ഇതര ഭൂമിയിൽ 327, റെയിൽവേ ഭൂമിയിൽ 27) കണ്ടെത്തി. ഒക്‌ടോബർ 31 വരെ കുറഞ്ഞത് 91 ജിസിടികൾ കമ്മീഷൻ ചെയ്‌തിട്ടുണ്ട്.
മൂന്ന് സാമ്പത്തിക ഇടനാഴികൾക്ക് അനുമതി
എനർജി, മിനറൽ, സിമന്‍റ് ഇടനാഴികൾ, ഉയർന്ന ഗതാഗത സാന്ദ്രതയുള്ള റൂട്ടുകൾ, റെയിൽ സാഗർ ഇടനാഴികൾ എന്നിവയ്ക്ക് റെയിൽവേ അനുമതി നല്‍കി. മൂന്ന് സാമ്പത്തിക ഇടനാഴികളിലായി മൊത്തം 88,875 കോടി ചെലവിലുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.
1,158 കിലോമീറ്റർ പുതിയ പാതയും 259 കിലോമീറ്റർ ഗേജ് പരിവർത്തനവും 2,016 കിലോമീറ്റർ ഇരട്ടിപ്പിക്കലും ഉൾപ്പെടെ ഏപ്രിൽ 1 മുതൽ ഇന്ന് വരെ ഇന്ത്യൻ റെയിൽവേ 3,433 കിലോമീറ്റർ കമ്മീഷൻ ചെയ്‌തു.
സ്റ്റേഷൻ പുനർവികസനം:
'അമൃത് ഭാരത് സ്‌റ്റേഷൻ സ്‌കീമിന്' കീഴിൽ പുനർവികസനത്തിനായി 1,337 സ്‌റ്റേഷനുകൾ റെയില്‍വേ കണ്ടെത്തി. ഇവയ്ക്കായി ടെൻഡറുകൾ നൽകുകയും 1,198 സ്‌റ്റേഷനുകളില്‍ പ്രവൃത്തി ആരംഭിക്കുകയും ചെയ്‌തു.
വെസ്‌റ്റ് സെൻട്രൽ റെയിൽവേയുടെ റാണി കമലപതി സ്‌റ്റേഷൻ, വെസ്‌റ്റേൺ റെയിൽവേയുടെ ഗാന്ധിനഗർ ക്യാപിറ്റല്‍ സ്‌റ്റേഷൻ, സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ സർ എം. വിശ്വേശ്വരയ്യ ടെർമിനൽ സ്‌റ്റേഷൻ, നോർത്ത് ഈസ്‌റ്റേൺ റെയിൽവേയുടെ ഗോമതി നഗർ റെയിൽവേ സ്‌റ്റേഷന്‍റെ ആദ്യ ഘട്ടം, വടക്കൻ റെയിൽവേയുടെ അയോധ്യ റെയിൽവേ സ്‌റ്റേഷൻ, കട്ടക്ക് ഈസ്‌റ്റ് കോസ്‌റ്റ് റെയിൽവേയുടെ റെയിൽവേ സ്‌റ്റേഷൻ എന്നിങ്ങനെ ആറ് റെയിൽവേ സ്‌റ്റേഷനുകൾ വികസിപ്പിക്കുകയും കമ്മീഷൻ ചെയ്യുകയും ചെയ്‌തു.
ടെലികോമുമായി ബന്ധപ്പെട്ട പദ്ധതികൾ
ആനകളുമായി ബന്ധപ്പെട്ട അപകടങ്ങൾ തടയുന്നതിനായി നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയിലെ നിർണ്ണായകമായ സ്ഥലങ്ങളിൽ നോ എലിഫന്‍റ് ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്‌റ്റം (ഇഐഡിഎസ്) കമ്മീഷൻ ചെയ്‌തു. ഡബ്ല്യുസിആറിന് കീഴിലുള്ള ഭോപ്പാൽ ഡിവിഷനിലെ എല്ലാ സ്‌റ്റേഷനുകളിലും ഇസിആറിന് കീഴിലുള്ള ദീൻ ദയാൽ ഉപാധ്യായ (ഡിഡിയു) ഡിവിഷനിലും കേന്ദ്രീകൃത പബ്ലിക് അഡ്രസ് സിസ്‌റ്റവും സ്ഥാപിച്ചു.
ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OFC)
2023-24 സാമ്പത്തിക വർഷത്തിൽ, നവംബർ വരെ 1,411 Rkms ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഇന്ത്യന്‍ റെയില്‍വേ സ്ഥാപിച്ചു. റെയിൽവേ ഇതുവരെ 6,112 സ്‌റ്റേഷനുകളിലാണ് വൈഫൈ എത്തിച്ചത്.
സ്റ്റേഷനുകളിലെ സിസിടിവി
ഹാൾട്ട് സ്‌റ്റേഷനുകൾ ഒഴികെയുള്ള എല്ലാ സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ റെയിൽവേ അംഗീകാരം നൽകി. ഇതുവരെ 1051 സ്‌റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.
വന്ദേ ഭാരത് ട്രെയിനുകള്‍
ഡിസംബർ 26 വരെ, ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ മൊത്തം 136 വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്. 2024-ൽ രാജ്യത്ത് 62 വന്ദേ ഭാരത് സേവനങ്ങൾ അവതരിപ്പിച്ചു. അഹമ്മദാബാദിനും ഭുജിനും ഇടയിൽ ആദ്യത്തെ നമോ ഭാരത് റാപ്പിഡ് റെയിൽ 2024 സെപ്റ്റംബർ 17 ന് ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ചു.
അമൃത് ഭാരത് സേവനങ്ങൾ
നിലവിൽ 12 സ്ലീപ്പർ ക്ലാസ് കോച്ചുകളും എട്ട് ജനറൽ ക്ലാസ് കോച്ചുകളും അടങ്ങുന്ന പൂർണ്ണമായും നോൺ എസി ട്രെയിനുകളായ അമൃത് ഭാരത് സർവീസുകൾ അവതരിപ്പിച്ചു.
2024-ലെ കലണ്ടർ വർഷത്തിൽ, 4 അമൃത് ഭാരത് എക്‌സ്‌പ്രസ് സർവീസുകൾ ദർഭംഗ - ആനന്ദ് വിഹാർ (ടി) എക്‌സ്‌പ്രസ്, മാൾഡ ടൗൺ എസ്എംവിടി ബെംഗളൂരു എക്‌സ്‌പ്രസ് എന്നിവ അവതരിപ്പിച്ചു.
പ്രത്യേക ട്രെയിൻ സർവീസുകൾ
ഇന്ത്യൻ റെയിൽവേ 2024-ൽ റെക്കോർഡ് എണ്ണം പ്രത്യേക ട്രെയിൻ സർവ്വീസുകൾ നടത്തി. ഹോളി, വേനൽ തിരക്ക് എന്നിവ കണക്കിലെടുത്ത്, 13,523 ട്രിപ്പുകൾ നടത്തി. മുൻവർഷം 6,896 സ്‌പെഷ്യൽ ട്രെയിനുകളാണ് സര്‍വീസ് നടത്തിയത്. പൂജ/ദീപാവലി/ഛത്ത് സമയത്ത് ഒക്‌ടോബർ 1 നും നവംബർ 30 നും ഇടയിൽ 7,990 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തി.
ബുള്ളറ്റ് ട്രെയിൻ പദ്ധതി
മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി 243 കിലോമീറ്ററിലധികം വയഡക്‌ട് നിർമ്മാണം പൂർത്തിയായി. കൂടാതെ 352 കിലോമീറ്റർ പിയർ വർക്കുകളും 362 കിലോമീറ്റർ പിയർ ഫൗണ്ടേഷൻ ജോലിയും പൂര്‍ത്തിയായി. 13 നദികൾക്ക് കുറുകെ പാലങ്ങൾ നിർമ്മിച്ചു.
ആനന്ദ്, വഡോദര, സൂറത്ത്, നവസാരി ജില്ലകളിൽ ആർസി (റിഇൻഫോഴ്‌സ്‌ഡ് കോൺക്രീറ്റ്) ട്രാക്ക് ബെഡ് നിർമ്മാണവുമായി ഗുജറാത്തിൽ ട്രാക്ക് നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 71 ട്രാക്ക് കിലോമീറ്റർ ആർസി ട്രാക്ക് ബെഡ് നിർമ്മാണം പൂർത്തിയായി. വയഡക്‌ടിൽ റെയിലുകളുടെ വെൽഡിങ് ആരംഭിച്ചു.
മഹാരാഷ്‌ട്രയിൽ, മുംബൈ ബുള്ളറ്റ് ട്രെയിൻ സ്‌റ്റേഷന്‍റെ ആദ്യത്തെ കോൺക്രീറ്റ് ബേസ് - സ്ലാബ് 32 മീറ്റർ താഴ്‌ചയിൽ വിജയകരമായി സ്ഥാപിച്ചു. ബാന്ദ്ര - കുർള കോംപ്ലക്‌സിനും (ബികെസി) ശിൽഫതയ്‌ക്കുമിടയിൽ 21 കിലോമീറ്റർ തുരങ്കത്തിന്‍റെ പണി നടന്നുവരുന്നു.
പ്രധാന തുരങ്ക നിർമാണം സുഗമമാക്കുന്നതിന് 394 മീറ്റർ ഇന്‍റർമീഡിയറ്റ് ടണൽ (എഡിഐടി) പൂർത്തിയായി. ന്യൂ ഓസ്ട്രിയൻ ടണലിങ് രീതി (NATM) ഉപയോഗിച്ച് ഏഴ് പർവത തുരങ്കങ്ങളുടെ നിർമ്മാണം പാൽഘർ ജില്ലയിൽ പുരോഗമിക്കുന്നു. ഗുജറാത്തിലെ ഏക പർവത തുരങ്കം ഇതിനകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
ആധുനിക എൽഎച്ച്ബി കോച്ചുകള്‍
ഇന്ത്യൻ റെയിൽവേയുടെ പ്രൊഡക്ഷൻ യൂണിറ്റുകൾ 2018 ഏപ്രിൽ മുതൽ എല്‍ഏച്ച്ബി കോച്ചുകൾ മാത്രമേ നിർമ്മിക്കുന്നുള്ളൂ. ഐസിഎഫ് കോച്ചുകൾ ഉപയോഗിച്ച് ഓടുന്ന ട്രെയിനുകൾ എല്‍ഏച്ച്ബി കോച്ചുകൾ ഉപയോഗിച്ച് ഓടുന്ന തരത്തിൽ പരിവർത്തനം ചെയ്യപ്പെടുന്നു. 2024-ൽ (നവംബർ വരെ), 75 ജോഡി ട്രെയിനുകൾ ഇത്തരത്തില്‍ പരിവർത്തനം ചെയ്യപ്പെട്ടു.
ചരക്ക് ലോഡിങ്
2024 ജനുവരി മുതൽ നവംബർ വരെ, ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ലോഡിങ് വരുമാനം 1473.05 മെട്രിക് ടൺ ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.86% വളർച്ചയാണിത്.
ഡിജിറ്റൽ സംരംഭങ്ങൾ
റിസർവ്ഡ് മേഖലയിൽ ഇ-ടിക്കറ്റിങ് 86% എത്തി. അൺ റിസർവ്ഡ് മേഖലയിൽ നടപ്പു സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തിൽ 28% ആയിരുന്നത് ഒക്‌ടോബറിൽ ഏകദേശം 33% ആയി ഉയർന്നു.
യോഗ്യമായ കേസുകളിൽ 98% കേസുകളിലും 24 മണിക്കൂറിനുള്ളിൽ റീഫണ്ട് പ്രാപ്‌തമാക്കുന്ന റീഫണ്ട് പ്രക്രിയയും ഇന്ത്യൻ റെയിൽവേ നടത്തി. ഇന്ത്യൻ റെയിൽവേയുടെ എല്ലാ കൗണ്ടറുകളിലും ഡൈനാമിക് ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്‍റ് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
ഈ സൗകര്യം പാഴ്‌സൽ ഓഫീസുകളിലുടനീളം വ്യാപിപ്പിക്കും. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ എല്ലാ പാഴ്‌സൽ ഓഫീസുകളിലും ഡിജിറ്റല്‍ പേയ്‌മെന്‍റ് രീതി അവതരിപ്പിക്കപ്പെടും.
റിക്രൂട്ട്മെന്‍റ് ആൻഡ് വർക്ക്ഫോഴ്‌സ് മാനേജ്മെന്‍റ്
- ഗ്രൂപ്പ് 'സി' തസ്‌തികകളുടെ വിവിധ വിഭാഗങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്‍റിനായി 2024 മുതൽ വാർഷിക കലണ്ടർ പ്രസിദ്ധീകരിക്കുന്ന സംവിധാനം റെയിൽവേ മന്ത്രാലയം അവതരിപ്പിച്ചു.
- ഓരോ വർഷവും യോഗ്യരാകുന്നവർക്ക് അവസരങ്ങൾ
- പരീക്ഷകളുടെ ഉറപ്പ്
- വേഗത്തിലുള്ള റിക്രൂട്ട്‌മെന്‍റ് പ്രക്രിയ, പരിശീലനവും നിയമനങ്ങളും
- ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ
- ഏകദേശം 92,000 ഒഴിവുകൾക്കായി പത്ത് കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനങ്ങൾ (സിഇഎൻ) വിവിധ തസ്‌തികകളിലേക്ക് 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിജ്ഞാപനം ചെയ്‌തിട്ടുണ്ട്.
മൂലധന ചെലവ്
2024-25 ലെ മൊത്തം കാപെക്‌സ് 2,65,200 കോടി രൂപയാണ്. ഇതുവരെ ബജറ്റിൽ വകയിരുത്തിയ ഏറ്റവും ഉയർന്ന തുകയാണിത്.
ഇന്ത്യൻ റെയിൽവേയുടെ പൈതൃകം
നിലവിൽ, 80 ഹെറിറ്റേജ് സ്‌റ്റേഷനുകളും 78 കെട്ടിടങ്ങളും ഇന്ത്യൻ റെയിൽവേയുടെ സംവിധാനത്തിൽ നിലവിലുണ്ട്. അവ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്.
പുസ്‌തകങ്ങൾ, ഫോട്ടോഗ്രാഫുകൾ, ഭൂപടങ്ങൾ, രേഖകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ദേശീയ റെയിൽ മ്യൂസിയം ആർക്കൈവുകളുടെ ഡിജിറ്റൈസേഷൻ പൂനെയിലെ സി-ഡാക്കിന്‍റെ സഹകരണത്തോടെ നടക്കുകയാണ്. www.railheritage.in എന്ന എന്ന വെബ്‌സൈറ്റില്‍ ഡിജിറ്റൈസ് ചെയ്‌ത എല്ലാ രേഖകളും വായിക്കാം.
ദേശീയ റെയിൽ മ്യൂസിയത്തിലും ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള സ്‌റ്റീം ലോക്കോമോട്ടീവായ രാംഗോട്ടിലും (1862) ലോക പൈതൃക ദിനമായ ഏപ്രിൽ 18-ന് 'മൗണ്ടൻ റെയിൽവേ' എന്ന പേരിൽ ഒരു പ്രദർശനം സംഘടിപ്പിച്ചിരുന്നു.
1881-ൽ നിർമ്മിച്ച ഏറ്റവും ചെറിയ നീരാവി എഞ്ചിൻ 'ബേബി സിവോക്ക്' ഗും സ്‌റ്റേഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1882-ൽ നിർമ്മിച്ച വടക്കൻ റെയിൽവേയുടെ കീഴിലുള്ള കാശി റെയിൽവേ സ്‌റ്റേഷനും റെയിൽവേ സ്‌റ്റേഷനുകളുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുന്നു.
2024 ലെ ആർപിഎഫ് നേട്ടങ്ങൾ
നവംബർ വരെ ട്വിറ്ററിൽ 19,590 പരാതികളാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് പരിഗണിച്ചത്. ആർപിഎഫിന്‍റെ ഹെൽപ്പ് ലൈൻ നമ്പറിൽ 3,35,720 പരാതികളും ലഭിച്ചു.
ഓപ്പറേഷൻ 'നാൻഹെ ഫാരിസ്റ്റേ (കുട്ടികള്‍ക്കായുള്ള രക്ഷാപ്രവർത്തനം)
റെയിൽവേ മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയവുമായി (MoWCD) സഹകരിച്ച് 2024 ഒക്‌ടോബറിൽ പുതുക്കിയ സ്‌റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (എസ്ഒപി) പുറത്തിറക്കി.
പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ റെയിൽവേയ്ക്ക് തിളക്കം
പാരീസ് ഒളിമ്പിക്‌സിൽ മൂന്ന് റെയിൽവേ താരങ്ങൾ മെഡൽ നേടിയിരുന്നു. ഗുസ്‌തിയിലും ഷൂട്ടിംഗിലും അമൻ സെഹ്‌രാവത്തും സ്വപ്‌നിൽ കുസാലെയും വെങ്കലം നേടിയപ്പോൾ, അമിത് രോഹിദാസ് ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്‍റെ ഭാഗമായി.