നമ്മുടെ രാജ്യത്തെ തൊഴില്‍സേനയ്ക്ക് സന്തോഷം പകരുന്ന വലിയ വാര്‍ത്തയാണ് പുറത്ത് വന്നത്. ചുരുങ്ങിയ വേതനം എന്നത് മാറ്റി നിന്ന് 2025ഓടെ ജീവിക്കാനുള്ള വേതനം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന പ്രഖ്യാപനമാണിത്. ജീവിക്കാനുള്ള വേതന നിലവാരം നിശ്ചയിക്കുന്നതിനായി രാജ്യാന്തര തൊഴിലാളി സംഘടന (International Labour Organization-ILO) യുമായി ചേര്‍ന്ന് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഭവനം, ആരോഗ്യപരിരക്ഷ, ഭക്ഷണം, വസ്‌ത്രം എന്നിവയടക്കം ഉള്‍ക്കൊള്ളുന്നതാകും പുതിയ വേതന സംവിധാനം. അതായത് ചുരുങ്ങിയ വേതനത്തില്‍ നിന്ന് ജീവിക്കാനുള്ള വേതനം എന്ന നിലയിലേക്ക് എത്തുമ്പോള്‍ അത് മികച്ച ജീവിത നിലവാരത്തിലേക്ക് എത്താന്‍ തൊഴിലാളികള്‍ക്ക് സഹായകമാകുന്നു. വ്യക്തികളുടെ മികച്ച ജീവിതത്തിനും സുസ്ഥിര സമൂഹത്തിനും പുതിയ വേതന സംവിധാനം സഹായകമാകും.
1948 മുതലാണ് രാജ്യത്ത് ചുരുങ്ങിയ വേതന നയം നിലവില്‍ വന്നത്. മിനിമം വേതനം എന്നാല്‍ നിശ്ചിത കാലയളവില്‍ ഒരു തൊഴിലാളിയുടെ പ്രകടനത്തിന് തൊഴിലുടമ നല്‍കുന്ന ഏറ്റവും കുറഞ്ഞ വേതനമാണിത്. എന്നാല്‍ ജീവിക്കാനുള്ള വേതനമെന്നാല്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ സാധിച്ചു കൊണ്ട് സാമൂഹ്യ, സാമ്പത്തിക ജീവിതത്തില്‍ പൂര്‍ണമായ ഇടപെടല്‍ ഉറപ്പാക്കുന്നു.
നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തും ചുരുങ്ങിയ വേതനത്തില്‍ വ്യത്യാസമുണ്ട്. ഇത് വിവിധ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് വ്യവച്ഛേദിച്ചിരിക്കുന്നത്. മേഖല, വാണിജ്യം, നൈപുണ്യം, തൊഴില്‍ ശീലങ്ങള്‍ എന്നിവയ്ക്ക് അനുസരിച്ചാകും ഇത്. നമ്മുടെ രാജ്യത്ത് ദേശീയ തലത്തില്‍ ചുരുങ്ങിയ വേതനം 2023ലെ കണക്ക് അനുസരിച്ച പ്രതിദിനം 178 രൂപയാണ്. കുറേ വര്‍ഷങ്ങളായ ഈ ഒരു നിലവാരത്തില്‍ അത് തുടരുകയാണ്. നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ പ്രതിമാസ വേതനം 2,250 മുതല്‍ 70,000 വരെയാണ്. എങ്കിലും ശരാശരി പ്രതിമാസ വേതനം 29,400 രൂപയാണ്. വേതനത്തിലുള്ള ഈ വ്യത്യസ്‌തതയാണ് രാജ്യത്തെ വരുമാന അസമത്വത്തിന് കാരണങ്ങളിലൊന്ന്.
വേതനം, സമ്പത്തിക വളര്‍ച്ച, പണപ്പെരുപ്പം എന്നിവ നമ്മുടെ രാജ്യത്ത് പരസ്‌പര ബന്ധിതമാണ്. വേതനത്തിലെ മാറ്റങ്ങള്‍ പണപ്പെരുപ്പത്തെ ഉത്പാദനച്ചെലവ്, ഉപഭോക്‌തൃ വാങ്ങല്‍ ശേഷി എന്നിവയിലൂടെ സ്വാധീനിക്കുന്നു. സര്‍ക്കാര്‍ നയങ്ങള്‍, റിസര്‍വ് ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മറ്റ് നിരവധി സങ്കീര്‍ണമായ ആഭ്യന്തര ആഗോള ഘടകങ്ങളെല്ലാം നമ്മുടെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെയും പണപ്പെരുപ്പത്തെയും ബാധിക്കുന്നു.
വരുമാനത്തിലെ അസമത്വം നേരിടണമെങ്കില്‍ സുസ്ഥിര ജീവിതം ഉറപ്പാക്കുന്നതിന് വിഭവങ്ങള്‍ എല്ലാവരിലേക്കും തുല്യമായി പങ്കുവയ്ക്കപ്പെടണം. വരുമാനത്തിനലെ അസമത്വം 'ഗിനി കോ എഫിഷ്യന്‍റ്' എന്ന പൊതുവെ അംഗീകരിക്കപ്പെട്ട സങ്കേതം ഉപയോഗിച്ചാണ് കണക്കാക്കുന്നത്. ഇതിലെ സ്‌കോര്‍ പൂജ്യത്തിനും ഒന്നിനുമിടയിലാണ് കണക്കാക്കുന്നത്. പൂര്‍ണമായും തുല്യത ഗിനി കോ എഫിഷ്യന്‍റ് പൂജ്യത്തിലേക്ക് എത്തിക്കുന്നു. പൂര്‍ണമായും അസമത്വം ഒന്നിനെയും സൂചിപ്പിക്കുന്നു. ഗിനി കോ എഫിഷ്യന്‍റ് 2014-15 ലെ 0.472 ല്‍ നിന്ന് 2022-23 ല്‍ 0.402 ല്‍ എത്തി. വരുമാനത്തിലെ അസമത്വത്തിലെ തകര്‍ച്ച വരുമാന സ്‌തൂപികയിലെ താഴെത്തട്ടില്‍ ഗണ്യമായ മാറ്റങ്ങളുണ്ടാക്കി. എങ്കിലും നിര്‍ദ്ദിഷ്‌ടമായ ജീവിക്കാനുള്ള വേതനം എന്ന സമ്പ്രദായം വരുമാന അസമത്വത്തില്‍ കുറവുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. സാമ്പത്തിക വളര്‍ച്ചയെ ഇത് പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നു.
ചരക്കുകളുടെ വില വര്‍ദ്ധന ലോകമെമ്പാടും വലിയ ആശങ്കകളാണുണര്‍ത്തുന്നത്. വേതനത്തിലാകട്ടെ അതിന് തക്ക വര്‍ദ്ധന ഉണ്ടാകുന്നുമില്ല. പണപ്പെരുപ്പം വര്‍ദ്ധിക്കുകയും വേതനത്തില്‍ മാറ്റമില്ലാതെ ഇരിക്കുകയും ചെയ്യുമ്പോള്‍ ഇത് കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇത് വാങ്ങല്‍ ശേഷി കുറയ്ക്കുന്നു. ജീവിതനിലവാരത്തെയും പിന്നോട്ടടിക്കുന്നു. നിര്‍ണായകമായ സാമ്പത്തിക സാമൂഹ്യ അസ്ഥിരതയ്ക്കും ഇത് കാരണമാകുന്നു.
ഇന്ത്യയുടെ പണപ്പെരുപ്പം മറ്റ് പല വികസ്വര രാജ്യങ്ങളുടേതിനെയും അപേക്ഷിച്ച് കുറവാണ്. 2013ല്‍ 10.02ശതമാനമെന്ന ശരാശരി പണപ്പെരുപ്പനിരക്ക് ആശങ്കാജനകമായിരുന്നു. എന്നാല്‍ നമ്മുടെ രാജ്യത്തെ സാമ്പത്തിക -ധന നയങ്ങള്‍ ഇതിനെ കുറച്ചു കൊണ്ടുവരാന്‍ സഹായിച്ചു. 2024 ഫെബ്രുവരിയില്‍ ഇത് 5.09 ശതമാനത്തിലെത്തി.
പ്രതിശീര്‍ഷ വരുമാനവും ഉപഭോഗ ചെലവും വ്യക്തികളുടെ മികച്ച ജീവിതത്തെയും ഉപഭോക്തൃസ്വഭാവത്തെയും സ്വാധീനിക്കുന്നു. നമ്മുടെ രാജ്യത്തെ 2022-23 വര്‍ഷത്തെ പ്രതീശീര്‍ഷ ദേശീയ വരുമാനം 172,000 രൂപയിലെത്തി നില്‍ക്കുന്നു. ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014-15 വര്‍ഷത്തെ 86,647 രൂപയില്‍ നിന്ന് ഏകദേശം നൂറ് ശതമാനം വര്‍ദ്ധന.