അമരാവതി:ആന്ധ്രപ്രദേശിലെപോളിങ് സ്റ്റേഷനിലെ ഇവിഎം തകർത്ത കേസിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി മുൻ എംഎൽഎ പിന്നെല്ലി രാമകൃഷ്‌ണ റെഡ്ഡി അറസ്റ്റിൽ. ഇവിഎം നശിപ്പിക്കുകയും ഇത് തടഞ്ഞവരെ ആക്രമിക്കുകയും ചെയ്‌ത കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇതേ തുടർന്ന് ഇന്നാണ് (ജൂണ്‍ 26) റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
നരസറോപേട്ടിൽ തടഞ്ഞുവച്ച ശേഷം പിന്നെല്ലി രാമകൃഷ്‌ണ റെഡ്ഡിയെ പൊലീസ് എസ്‌പി ഓഫിസിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രതിയെ മച്ചേർല കോടതിയിലേക്ക് മാറ്റും. മെയ് 13നാണ് കേസിനാസ്‌പദമായ സംഭവം.
മച്ചേർല അസംബ്ലി മണ്ഡലം സ്ഥാനാർഥിയായിരുന്ന റെഡ്ഡി തൻ്റെ അനുയായികളോടൊപ്പം പോളിങ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറുകയും വിവി പാറ്റ്, ഇവിഎം മെഷിനുകൾ തകർക്കുകയും ചെയ്‌തുവെന്നാണ് കേസ്. മച്ചേർല നിയോജക മണ്ഡലത്തിലെ അന്നത്തെ സിറ്റിങ് എംഎൽഎയും ആയിരുന്നു പിന്നേലി രാമകൃഷ്‌ണ റെഡ്ഡി.
ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസുകളിൽ ചില ഉപാധികളോടെ മെയ് 28ന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജൂൺ 4ന് മച്ചേർല നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണൽ സ്റ്റേഷനിൽ പ്രവേശിക്കുന്നതിൽ നിന്ന് ഇയാളെ സുപ്രീം കോടതി വിലക്കിയിരുന്നു. അതേസമയം മെയ് 13ന് നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാമകൃഷ്‌ണ റെഡ്ഡി പോളിങ് കേന്ദ്രത്തിലേക്ക് നടന്ന് ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നീട് ഇയാൾ വിവിപാറ്റ് എടുത്ത് നിലത്ത് ഇടിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ 25 ലോക്‌സഭ മണ്ഡലങ്ങളിലേക്കും 175 നിയമസഭ സീറ്റുകളിലേക്കുമാണ് അന്ന് വോട്ടെടുപ്പ് നടന്നത്. റെഡ്ഡി ഉൾപ്പെട്ട മച്ചേർല നിയമസഭ മണ്ഡലത്തിലെ ഏഴ് പോളിങ് സ്റ്റേഷനുകളിൽ മെയ് 13ന് ഇവിഎമ്മുകൾ കേടായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസി) ചൂണ്ടിക്കാട്ടി.
ALSO READ:കനയ്യ ലാല്‍... രാജ്യം നടുങ്ങിയ അരുംകൊല: രണ്ട് വര്‍ഷത്തിനിപ്പുറവും നീതി കാത്ത് കുടുംബം