കേരളം

kerala

ETV Bharat / bharat

മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്ക്കരണത്തിന്‍റെ പിതാവ് - FORMER PRIME MINISTER PASSED AWAY

അന്ത്യം ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വച്ച്

MANMOHAN SINGH DEATH  MANMOHAN SINGH  MANMOHAN SINGH DIED  മന്‍മോഹന്‍ സിങ്
MANMOHAN SINGH (ETV Bharat)

By ETV Bharat Kerala Team

Published : Dec 26, 2024, 10:29 PM IST

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് (92) അന്തരിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാത്രി പത്ത് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് വീട്ടില്‍ കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. വിദഗ്ദ്ധ ഡോക്‌ടര്‍മാരുടെ സംഘം അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ തുടങ്ങിവര്‍ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അനുശോചിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും അനുശോചനം അറിയിച്ചു.

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ദീര്‍ഘകാലമായി അദ്ദേഹം സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എങ്കിലും കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളെ അടക്കം വിമര്‍ശിച്ച് ഇടയ്ക്കിടെ രംഗത്ത് എത്തിയിരുന്നു. അംബേദ്ക്കര്‍ വിവാദം കൊടുമ്പിരിക്കൊണ്ട വേളയിലും അദ്ദേഹം കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.

രാജ്യത്ത് സാമ്പത്തിക ഉദാരവത്ക്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ച ധനകാര്യമന്ത്രി എന്ന നിലയിലാകും കാലം ഡോ. മന്‍മോഹന്‍സിങിനെ അടയാളപ്പെടുത്തുക. സ്വകാര്യവത്ക്കരണം, ഉദാരവത്ക്കരണം, ആഗോളവത്ക്കരണം എന്ന മൂന്ന് ആശയങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെ അദ്ദേഹം പൊളിച്ചെഴുതി.

1991ല്‍ പി വി നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ പെട്ടുഴലുമ്പോഴാണ് സാമ്പത്തിക വിദഗ്‌ധന്‍ കൂടിയായ അന്നത്തെ ധനകാര്യമന്ത്രി ഡോ.മന്‍മോഹന്‍ സിങ് തന്‍റെ പുത്തന്‍ സാമ്പത്തിക നയങ്ങളുമായി രംഗപ്രവേശനം ചെയ്‌തത്. രാജ്യത്തിന്‍റെ സമ്പദ്ഘടനയില്‍ സമൂലമാറ്റമുണ്ടാക്കിയ പുത്തന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും കനത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനായി. ആഗോളതലത്തില്‍ മന്‍മോഹന്‍സിങിന്‍റെ സാമ്പത്തിക നയങ്ങള്‍ വന്‍തോതില്‍ പ്രകീര്‍ത്തിക്കപ്പെട്ടു. പക്ഷേ രാജ്യത്തെ പുത്തന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് കനത്ത വിലയാണ് കോണ്‍ഗ്രസിന് നല്‍കേണ്ടി വന്നത്. 1996ല്‍ നടന്ന അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റമ്പി. രാജ്യസഭയിലെ പ്രതിപക്ഷ നേതൃത്വസ്ഥാനത്തേക്ക് മന്‍മോഹന്‍സിങിന് ഒതുങ്ങേണ്ടി വന്നു.

1932 സെപ്റ്റംബര്‍ 26ന് ആണ് അദ്ദേഹം ജനിച്ചത്. ഇന്ത്യന്‍ രാഷ്‌ട്രീയ നേതാവ്, സാമ്പത്തിക വിദഗ്ദ്ധന്‍, അക്കാദമിക് പണ്ഡിതന്‍, ഉന്നത ഉദ്യോഗസ്ഥന്‍ തുടങ്ങിയ മേഖലകളില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. ഒരു ദശകം ഇന്ത്യന്‍ പ്രധാനമന്ത്രി പദം അലങ്കരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, നരേന്ദ്രമോദി എന്നിവര്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച നാലാമത്തെ വ്യക്തിയാണ് മന്‍മോഹന്‍സിങ്.

രാജ്യത്തെ ആദ്യ സിക്ക് പ്രധാനമന്ത്രി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി രണ്ടാം വട്ടവും പ്രധാനമന്ത്രി പദത്തിലെത്തിയ വ്യക്തിയെന്ന പ്രത്യേകതയും മന്‍മോഹന്‍സിങിനുണ്ട്.

ഇന്നത്തെ പാകിസ്ഥാനിലെ പശ്ചിമപഞ്ചാബിലെ ഗാഹിലാണ് അദ്ദേഹത്തിന്‍റെ ജനനം. വിഭജനത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ് നടേിയ ശേഷം അദ്ദേഹം 1966 മുതല്‍ 69 വരെ ഐക്യരാഷ്‌ട്രസഭയില്‍ ജോലി ചെയ്‌തു. പിന്നീട് അദ്ദേഹം വാണിജ്യ വ്യവസായ മന്ത്രാലയത്തില്‍ ഉപദേശകനായി പ്രവര്‍ത്തിച്ചു. 70കളിലും 80കളിലും അദ്ദേഹം ഇന്ത്യയില്‍ പല സുപ്രധാന പദവികളും വഹിച്ചു. മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് (1972-1976), റിസര്‍വ് ബാങ്ക് ഗവര്‍ണര്‍)1982-1985), ആസൂത്രണ ബോര്‍ഡ് തലവന്‍(1985-87) തുടങ്ങിയ പദവികള്‍ വഹിച്ചു.

2004ല്‍ യുപിഎ സഖ്യം അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ സോണിയാഗാന്ധി പ്രധാനമന്ത്രിയാകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് സോണിയ മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദ്ദേശിച്ചു. ദേശീയ ആരോഗ്യദൗത്യം, യുഡിഐ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, എന്നിവ അദ്ദേഹത്തിന്‍റെ കാലത്തെ സുപ്രധാന നേട്ടങ്ങളാണ്. അമേരിക്കയുമായി ആണവകരാറില്‍ ഏര്‍പ്പെട്ടതോടെ ഇടതു കക്ഷികള്‍ സഖ്യം ഉപേക്ഷിച്ചു.

2009ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വീണ്ടും വലിയ ഭൂരിപക്ഷത്തോടെ യുപിഎ അധികാരത്തില്‍ തിരിച്ചെത്തി. രണ്ടാം മന്‍മോഹന്‍സര്‍ക്കാരിന് നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടേണ്ടി വന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ സംഘാടനത്തില്‍ ഉള്‍പ്പെടെയാണ് ആരോപണങ്ങളുയര്‍ന്നത്. ടുജി സ്പെക്‌ട്രം, കല്‍ക്കരിഖനി, തുടങ്ങിയ അഴിമതി ആരോപണങ്ങളും മന്‍മോഹന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയാകാന്‍ ഇല്ലെന്ന പ്രഖ്യാപനത്തോടെ അദ്ദേഹം പിന്‍മാറി. സിങ് ഒരിക്കലും പൊതുതെരഞ്ഞെടുപ്പിനെ നേരിടുകയോ ലോക്‌സഭയില്‍ അംഗമാകുകയോ െചയ്‌തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 1991 മുതല്‍ 2019 വരെ അദ്ദേഹം അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2019 മുതല്‍ 24 വരെ രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലെത്തി.

ഗുര്‍മുഖ് സിങിന്‍റെയും അമൃത് കൗറിന്‍റെയും മകനായാണ് സിങ് ജനിച്ചത്. വളരെ കുട്ടിക്കാലത്ത് തന്നെ അദ്ദേഹത്തിന് അമ്മയെ നഷ്‌ടമായി. പിതാവിന്‍റെ അമ്മയാണ് അദ്ദേഹത്തെ വളര്‍ത്തിയത്. അത് കൊണ്ട് തന്നെ മുത്തശിയുമായി അദ്ദേഹം വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഉര്‍ദു മാധ്യമത്തിലായിരുന്നു പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം. പ്രധാനമന്ത്രി ആയിരുന്ന കാലത്തെ തന്‍റെ ഹിന്ദി പ്രസംഗങ്ങളെല്ലാം ഉര്‍ദുവില്‍ എഴുതിയായിരുന്നു എന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. മാതൃഭാഷയായ പഞ്ചാബിയിലെ ഗുരുമുഖി ലിപിയും അദ്ദേഹം ഉപയോഗിച്ചിരുന്നു.

അമൃതസര്‍ ഹിന്ദു കോളജിലായിരുന്നു കോളജ് പഠനം. പിന്നീട് പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. അതിന് ശേഷമാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡോക്‌ടറേറ്റ് നേടി.

Also Read:മലയാളത്തിന്‍റെ എം ടിക്ക് വിട നല്‍കി നാട്; സ്‌മൃതിപഥത്തില്‍ അന്ത്യനിദ്ര; കണ്ണീര്‍ പ്രണാമത്തോടെ കേരളം

ABOUT THE AUTHOR

...view details