ന്യൂഡൽഹി:മുതിർന്ന കോൺഗ്രസ് നേതവും മുൻ വിദേശകാര്യ മന്ത്രിയുമായ കെ നട്‌വർ സിങ് (95) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (10-08-2024) ആയിരുന്നു അന്ത്യം. രണ്ടാഴ്‌ചയോളമായി അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നെന്ന് കുടുംബം അറിയിച്ചു.
മരണവാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തിന്‍റെ ജന്മനാട്ടില്‍ നിന്നും ഡല്‍ഹിയിലെത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. പ്രധാനമന്ത്രി ഉള്‍പ്പടെ പല പ്രമുഖരും നട്‌വര്‍ സിങ്ങിന്‍റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു. സമ്പന്നമായ സംഭാവനകൾ നയതന്ത്ര ലോകത്തിനും വിദേശ നയത്തിനും നല്‍കിയ വ്യക്തിയാണ് നട്‌വർ സിങ്ങെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജസ്ഥാനിലെ ഭരത്പൂരില്‍ 1931ലായിരുന്നു നട്‌വര്‍ സിങ്ങിന്‍റെ ജനനം. ഒന്നാം യുപിഎ ഭരണകാലത്ത് മൻമോഹൻ സിങ് മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായി നട്‌വര്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 2004-2005 കാളയളവിലായിരുന്നു അദ്ദേഹം മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. ദ ലെഗസി ഓഫ് നെഹ്‌റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്, മൈ ചൈന ഡയറി 1956-88, വൺ ലൈഫ് ഈസ് നോട്ട് ഇനഫ് (ആത്മകഥ) തുടങ്ങി നിരവധി പുസ്‌തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 1984ല്‍ രാജ്യം പദ്‌മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
കെ.നട്‌വർ സിങിന്‍റെ രാഷ്‌ട്രീയ യാത്ര:1986ൽ വിദേശകാര്യ സഹമന്ത്രിയായി നിയമിതനായി. 1989ൽ കോൺഗ്രസ് പാർട്ടിയുടെ പരാജയത്തിന് ശേഷവും അദ്ദേഹം വിദേശകാര്യ സഹമന്ത്രിയായി തുടർന്നു. 1991ൽ പിവി നരസിംഹറാവു പ്രധാനമന്ത്രിയായതിന് ശേഷം എഡി തിവാരി അർജുൻ സിങ് എന്നിവരോടൊപ്പം അദ്ദേഹം കോൺഗ്രസ് വിട്ട് ഓൾ ഇന്ത്യ ഇന്ദിരാ കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപീകരിച്ചു.
1998ൽ മറ്റ് രണ്ട് നേതാക്കൾക്കൊപ്പം വീണ്ടും അദ്ദേഹം കോൺഗ്രസ് പാർട്ടിയിലേക്ക് തന്നെ മടങ്ങി. 1998 ഭരത്പൂരിൽ നിന്ന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചു. 2002ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004ലാണ് സിങ് വിദേശകാര്യ മന്ത്രിയായി നിയമിതനായത്.