കൊല്‍ക്കത്ത: ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ ബിഷ്‌ണുപൂര്‍ മണ്ഡലം ഒരു അപൂര്‍വ ഏറ്റുമുട്ടലിന് വേദിയാകുകയാണ്. വേര്‍പിരിഞ്ഞ ദമ്പതിമാരായ സുജാത മണ്ഡല്‍ ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ ഇവരുടെ ഭര്‍ത്താവായിരുന്ന സൗമിത്രഖാനാണ് ബിജെപിയില്‍ നിന്ന് ഇവര്‍ക്കെതിരെ ജനവിധി തേടുന്നത്(Bengal).
അനീതിക്കെതിരെയുള്ള പോരാട്ടമാണ് ഇതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുജാത മണ്ഡല്‍ പറഞ്ഞത്. ബിഷ്‌ണാപൂരിലെ ജനങ്ങള്‍ അവരുടെ വീട്ടിലെ മകളെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നെക്കുറിച്ച് ഇവിടെ ആരോടെങ്കിലും ചോദിച്ച് നോക്കൂ എല്ലാവര്‍ക്കുമറിയാം ഞാനെപ്പോഴും ഇവിടെ തന്നെ ഉണ്ടായിരുന്നുവെന്ന്. ബിഷ്‌ണാപൂരിലെ ജനങ്ങള്‍ക്കൊപ്പം എപ്പോഴും നില്‍ക്കാനും താന്‍ ശ്രമിച്ചെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഞാന്‍ ബിഷ്‌ണപൂരിന്‍റെ മകളാണ്. ഇതൊരു രാഷ്‌ട്രീയ പോരാട്ടം മാത്രമല്ല. രണ്ട് എതിരാളികള്‍ തമ്മിലുള്ള അനീതിക്കെതിരായ പോരാട്ടമാണ്(Sujata mondal).
ഞായറാഴ്‌ചയാണ് മണ്ഡലിനെ ടിഎംസി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അതേസമയം ഖാന്‍റെ സ്ഥാനാര്‍ത്ഥിത്വം ഈ മാസം ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. എല്ലാവര്‍ക്കും സൗമിത്രഖാനെ അറിയാം. എന്നെ മാത്രമല്ല ഞങ്ങളുടെ മുന്‍കാല കഥകളും എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ താന്‍ പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. എല്ലാവരും എന്നെ അനുഗ്രഹിക്കണം- അവര്‍ പറഞ്ഞു(SaumithaKhan).
2020ലാണ് ദമ്പതിമാര്‍ വേര്‍പിരിഞ്ഞത്. മണ്ഡല്‍ ടിഎംസിയില്‍ ചേര്‍ന്ന് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയതാണ് ഇവരുടെ ബന്ധം വേര്‍പെടാനുള്ള കാരണം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ ജനവിധി തേടുകയും ചെയ്‌തു. ഖാനാകട്ടെ ടിഎംസിയില്‍ നിന്ന് കൂറുമാറി 2019 തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയില്‍ ചേര്‍ന്ന വ്യക്തിയാണ്.