ന്യൂഡൽഹി: സർക്കാർ വിന്യസിച്ചിരിക്കുന്ന സാങ്കേതിക സംവിധാനം പ്രതിദിനം 1.35 കോടി വ്യാജ തട്ടിപ്പ് കോളുകൾ തടയുന്നുണ്ടെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇതിലൂടെ ജനങ്ങളുടെ 2,500 കോടി രൂപയുടെ ആസ്‌തികൾ ഇതുവരെ സംരക്ഷിക്കാനായിട്ടുണ്ടെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഭൂരിഭാഗം സ്‌പാം കോളുകളും രാജ്യത്തിന് പുറത്തുള്ള സെർവറുകളിൽ നിന്നാണ് വരുന്നത്.
ഇത്തരം വ്യാജ കോളുകളിൽ ഭൂരിഭാഗവും തടയാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നുണ്ട്. വ്യാജ കോളുകളും സൈബർ തട്ടിപ്പും തടയുന്നതിനായി 2024 മാർച്ച് 4 ന് സഞ്ചാർ സതി പദ്ധതിക്ക് കീഴിൽ സ്ഥാപിച്ച ചക്ഷു പോർട്ടൽ വഴിയാണ് കോളുകള്‍ തടയുന്നത്. ഇതിലൂടെ 2.9 ലക്ഷത്തോളം ഫോണുകളുടെ കണക്ഷൻ വിച്ഛേദിക്കുകയും സന്ദേശങ്ങൾ അയയ്‌ക്കാൻ ഉപയോഗിച്ചിരുന്ന 1.8 ദശലക്ഷത്തോളം ഹെഡറുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്‌തിട്ടുണ്ടെന്നും ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
നിയമ നിർവ്വഹണ ഏജൻസികളെയും ബാങ്കുകളെയും സംയോജിപ്പിക്കുന്ന പുതിയ ഒരു സോഫ്‌റ്റ്‌വെയറും സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ബിഎസ്എൻഎൽ 4 ജി ക്കായി ഒരു ലക്ഷം ബേസ് സ്‌റ്റേഷനുകൾ സജ്ജമാക്കാനുള്ള പദ്ധതി നടന്നു വരികയാണെന്നും അതിൽ 50,000 ടവറുകൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടെലികോം മേഖലയിലെ പ്രധാന കമ്പനികളിലൊന്നായി ബിഎസ്എൻഎൽ മാറണമെന്നും അതിൻ്റെ വിപണി വിഹിതവും വരിക്കാരും വർദ്ധിപ്പിക്കണമെന്നും സർക്കാർ ആഗ്രഹിക്കുന്നുണ്ട്. രാജ്യത്തുടനീളം 4 ജി സാച്ചുറേഷൻ ഉറപ്പാക്കുകയാണ് തൻ്റെ രണ്ടാമത്തെ മുൻഗണനയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'രാജ്യത്ത് ഏകദേശം 37,000 ഗ്രാമങ്ങളിൽ 4G കണക്റ്റിവിറ്റി ഇനിയും വരാനുണ്ട്. അവയിൽ പലതും വളരെ ദൂരെയുള്ള പ്രദേശങ്ങളിലാണ്. അടുത്ത മാർച്ച് ഏപ്രിലിൽ 4G യിൽ 100 ശതമാനം സാച്ചുറേഷൻ ഉണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കും. ആവശ്യമായ 27,000 ബിടിഎസുകളിൽ 10,000 എണ്ണം ഇതിനകം ഇൻസ്‌റ്റാൾ ചെയ്‌തു കഴിഞ്ഞു. 4G സാച്ചുറേഷൻ ഏകദേശം 1.6 കോടി ജനങ്ങൾക്ക് കവറേജ് നൽകും' എന്നും സിന്ധ്യ പറഞ്ഞു.
Also Read:'ബുള്‍ഡോസര്‍ രാജ് ഭരണഘടനയ്‌ക്ക് എതിര്, അംഗീകരിക്കില്ല'; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി