മുംബൈ :ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന് പകരം ജമ്മു കശ്‌മീരിലെ തെരഞ്ഞെടുപ്പ് സുപ്രീം കോടതിക്ക് പ്രഖ്യാപിക്കേണ്ടി വന്നത് വളരെ ലജ്ജാകരമായ കാര്യമെന്ന് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. ശനിയാഴ്‌ച എബിപി നെറ്റ്‌വർക്കിന്‍റെ ഐഡിയാസ് ഓഫ് ഇന്ത്യ ഉച്ചകോടി 3.0 യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്‌മീരിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ആർട്ടിക്കിൾ 370 ആണെന്ന വീക്ഷണം ശരിയല്ലെന്നും നേരത്തെ തീവ്രവാദം ഇല്ലാത്ത പ്രദേശങ്ങളിൽ പ്രത്യേകിച്ചും ജമ്മു, രജൗരി, പൂഞ്ച് മലനിരകളിൽ ഇപ്പോൾ ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
താഴ്‌വര ലക്ഷ്യമിട്ടുളള ആക്രമണങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോഴത്തെ സർക്കാരിന്‍റെ കാലത്താണ് കൂടുതൽ കശ്‌മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടതെന്നും 2024 സെപ്‌റ്റംബർ 30-നകം ജമ്മു കശ്‌മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുളളിൽ ബിജെപിയും കേന്ദ്ര സർക്കാരും എന്താണ് ചെയ്യാൻ പോകുന്നതെന്നും അബ്‌ദുള്ള ചോദിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ റദ്ദാക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനം സുപ്രീം കോടതി ശരിവച്ചിരുന്നുവെങ്കിലും എത്രയും വേഗം ജമ്മു കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചിരുന്നു.
താഴ്‌വരയിൽ കശ്‌മീരി പണ്ഡിറ്റുകൾക്ക് നേരെയുള്ള ഭീകരാക്രമണങ്ങൾ സ്ഥിരം സംഭവമാണെന്നും അബ്‌ദുള്ള കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയെങ്കിലും വിഘടനവാദികൾക്കിവിടെ പിന്തുണയുണ്ടെന്നും തീവ്രവാദ ആക്രമണം ഉണ്ടാകാത്ത ഒന്നോ രണ്ടോ ആഴ്‌ചകൾ മാത്രമേ കടന്നുപോയിട്ടുള്ളെന്നും അദ്ദേഹം പറഞ്ഞു.
കശ്‌മീരി പണ്ഡിറ്റുകൾക്ക് സുരക്ഷിതത്വം ഇല്ലാത്തതിനാലാണ് അവർ നാട് വിട്ട് പോകുന്നതെന്നും അഞ്ചോ പത്തോ വർഷം മുമ്പ് ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ കശ്‌മീരി പണ്ഡിറ്റുകൾ ഇന്ന് കശ്‌മീർ വിട്ടുപോകാൻ ആഗ്രഹിക്കുന്നെന്നും അവർക്ക് സുരക്ഷ ഉറപ്പാക്കിയ ശേഷം അവരെ തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും അബ്‌ദുളള കൂട്ടിച്ചേർത്തു.