അമരാവതി:ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരത്തില്‍ പട്ടമടയിലാണ് സംഭവം. പ്രദേശത്തെ പ്രമുഖ അസ്ഥി രോഗ വിദഗ്ദ്ധനായ ഡോ. ശ്രീനിവാസ് (40) ഭാര്യ ഉഷ (38) മക്കളായ ശൈലജ(9), ശ്രീഹന്‍ (8) അമ്മ രമണമ്മ (65) എന്നിവരാണ് മരിച്ചത്. അമ്മയെയും ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ഡോ.ശ്രീനിവാസ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഗൃഹനാഥന്‍ ബാല്‍ക്കണിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇവര്‍ അയല്‍പ്പക്കത്തുള്ളവരെ വിവരമറിയിച്ചു. ഇവര്‍ പൊലീസിനെയും. പൊലീസ് വന്ന് നോക്കുമ്പോഴാണ് വീട്ടിനുള്ളില്‍ ശ്രീനിവാസിന്‍റെ ഭാര്യയെയും രണ്ട് കുട്ടികളെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കഴുത്തറുത്ത നിലയിലായിരുന്നു.