ബിജാപൂർ: ഛത്തീസ്‌ഗഡിലെ ബീജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ അഞ്ച് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ്. മാഡ്ഡ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബന്ദേപാര - കൊറഞ്ചെഡ് ഗ്രാമങ്ങളിലെ വനത്തിൽ ഇന്ന് രാവിലെയാണ് വെടിവയ്പ്പുണ്ടായത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ടപ്പോഴാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ബസ്‌തർ റേഞ്ച് ഇൻസ്പെക്‌ടർ ജനറൽ ഓഫ് പൊലീസ് സുന്ദർരാജ് പി അറിയിച്ചു.
ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിന് കീഴിലുള്ള പ്രദേശത്ത് നക്‌സലൈറ്റ് നീക്കത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), ജില്ലാ സുരക്ഷാ സേന എന്നിവര്‍ ഉൾപ്പെട്ട സംഘത്തിന്‍റെ ഓപ്പറേഷൻ ശനിയാഴ്‌ച ആരംഭിച്ചു.
വെടിവയ്പ്പ് വൈകിട്ട് 4 മണി വരെ തുടര്‍ന്നു. രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ അഞ്ച് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒരു സെൽഫ് ലോഡിങ് റൈഫിൾ (എസ്എൽആർ), ഒരു 12 ബോർ റൈഫിൾ, രണ്ട് സിംഗിൾ ഷോട്ട് റൈഫിളുകൾ, ഒരു ബാരൽ ഗ്രനേഡ് ലോഞ്ചർ (ബിജിഎൽ), ഒരു ലോഡിങ് ഗൺ, സ്ഫോടക വസ്‌തുക്കളുടെ ശേഖരം എന്നിവയും പിടിച്ചെടുത്തതായി ഐജി പറഞ്ഞു.