കച്ചത്തീവ് പള്ളിപ്പെരുന്നാള്‍ ബഹിഷ്‌ക്കരിച്ച് രാമേശ്വരത്തെ മത്സ്യത്തൊഴിലാളികള്‍ രാമേശ്വരം : കച്ചത്തീവിലെ സെന്‍റ് ആന്‍റണീസ് പള്ളിപ്പെരുന്നാളിന് തങ്ങളുടെ ബോട്ടുകളും വള്ളങ്ങളും നല്‍കില്ലെന്ന് രാമേശ്വരത്തെ മത്സ്യത്തൊഴിലാളികള്‍. ഇന്നും നാളെയുമാണ് പെരുന്നാള്‍. ഇന്ത്യയില്‍ നിന്ന് വിശ്വാസികള്‍ ആരും കച്ചത്തീവ് പെരുന്നാളിന് പോയിട്ടുമില്ല (Rameswaram Fishermen). രാമേശ്വരത്ത് നിന്നുള്ള മീന്‍പിടുത്തക്കാരെ ശ്രീലങ്കന്‍ സേന അറസ്റ്റ് ചെയ്യുകയും അവരെ ശിക്ഷിക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് നടപടി. ദിവസങ്ങളായി ഇതിനെതിരെ മീന്‍ പിടുത്തക്കാര്‍ പ്രക്ഷോഭത്തിലാണ് (Boycott Festival at St. Anthony's Shrine).
ഈ മാസം 4നാണ് രാമേശ്വരത്ത് നിന്നുള്ള 23 മീന്‍പിടുത്തക്കാര്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലായത്. ഇവരുടെ രണ്ട് ബോട്ടുകളും സേന പിടിച്ചെടുത്തു. കങ്കേശന്‍ സമുദ്രാതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന സംഘമാണ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് ഇവരെ ഊരുകാവല്‍ കോടതിയില്‍ ഹാജരാക്കുകയും കേസ് കേട്ട ജഡ്‌ജി 20 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്‌തു. രണ്ട് സ്രാങ്കുകളെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. രണ്ടാം തവണയും സമുദ്രാതിര്‍ത്തി ലംഘിച്ചതിന ഒരാളെ ഒരു വര്‍ഷത്തേക്ക് തടവിനും ശിക്ഷിച്ചു.
ഇതേ തുടര്‍ന്ന് ഈ മാസം പതിനേഴുമുതല്‍ രാമേശ്വരത്ത് നിന്നുള്ള മീന്‍പിടുത്തക്കാര്‍ പ്രക്ഷോഭത്തിലാണ്. ഇതിലൂടെ ദിവസവും സര്‍ക്കാരിന് പത്ത് കോടി രൂപയുടെ നഷ്‌ടമാണ് ഉണ്ടാകുന്നത്. മീന്‍പിടുത്ത മേഖലയെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിച്ച് കഴിയുന്ന അയ്യായിരത്തോളം തൊഴിലാളികളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു തൊഴിലാളിയെയും ആറ് മാസത്തെ തടവിന് ശ്രീലങ്ക ശിക്ഷിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഒരു യോഗവും വിളിച്ച് കൂട്ടിയിരുന്നു. ഏഴ് ദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ ശ്രീലങ്കന്‍ നാവിക സേനയുടെ നടപടിയെ ഇവര്‍ അപലപിച്ചു.
ഫൈബര്‍ ബോട്ട് മത്സ്യത്തൊഴിലാളി അസോസിയേഷന്‍ നാളെ മുതല്‍ പട്ടിണി സമരത്തിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. എല്ലാ കൊല്ലവും ഫെബ്രുവരി 23നും 24നുമാണ് കച്ചത്തീവ് ആഘോഷം. എന്നാല്‍ ഇക്കൊല്ലം രാമേശ്വരത്തെ മത്സ്യത്തൊഴിലാളികള്‍ ആഘോഷം ബഹിഷ്ക്കരിച്ചതോടെ രാമേശ്വരം തുറമുഖം ശൂന്യമായി. ആഘോഷത്തിനായി രജിസ്റ്റര്‍ ചെയ്‌തവര്‍ നിരാശയിലും.
Also Read: 23 മീന്‍പിടിത്തക്കാരെ അറസ്റ്റ് ചെയ്‌ത് ശ്രീലങ്കന്‍ നാവിക സേന ; രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തു