എറണാകുളം: നടി ഹണി റോസിന് എതിരായ പരാമർശവുമായി ബന്ധപ്പെട്ടെടുത്ത കേസിൽ അറസ്റ്റ് തടയണമെന്ന രാഹുൽ ഈശ്വറിന്‍റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിൽ പൊലീസിന്‍റെ നിലപാട് തേടിയ കോടതി, കേസ് 27 ലേക്ക് മാറ്റി. തനിക്കെതിരെ രാഹുൽ ഈശ്വർ സംഘടിതമായി സൈബറാക്രമണം നടത്തുന്നുവെന്നായിരുന്നു ഹണി റോസ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി.
ബോബി ചെമ്മണ്ണൂരിൻ്റെ പി ആർ ഏജൻസികളും, രാഹുലും തനിക്കെതിരെ ആസൂത്രിതമായി പ്രവർത്തിക്കുകയാണെന്നും ഹണി റോസ് പരാതിപ്പെട്ടിരുന്നു. ഹണി റോസിനെ വ്യവസായി ബോബി ചെമ്മണ്ണൂർ അധിക്ഷേപിച്ചെന്ന പരാതിയും, തുടർന്നുള്ള അറസ്റ്റുമടക്കമുള്ള വിഷയങ്ങളിലെ ചാനൽ ചർച്ചകളിലായിരുന്നു രാഹുൽ ഈശ്വർ ഹണി റോസിൻ്റെ വസ്ത്രധാരണത്തെ വിമർശിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പരാതിയിൽ കേസെടുത്തേക്കാമെന്നും അറസ്റ്റ് സാധ്യത നിലനിൽക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈശ്വറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ. സമാനമായ മറ്റൊരു പരാതിയിൽ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റും, റിമാന്‍റുമുണ്ടായ സാഹചര്യമടക്കം മുൻകൂർ ജാമ്യ ഹർജിയിൽ രാഹുൽ ഈശ്വർ വിശദീകരിച്ചിട്ടുണ്ട്.
ബോബി ചെമ്മണ്ണൂരിന്‍റെ ദ്വയാർത്ഥ പ്രയോഗത്തെ ന്യായീകരിച്ചിട്ടില്ലെന്നും, പ്രതി മാപ്പ് പറയണമെന്നുമുള്ള നിലപാടാണ് താൻ സ്വീകരിച്ചതെന്നും രാഹുൽ ഈശ്വർ മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു.