ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ മധു വിഹാർ ഏരിയയില്‍ സിവിൽ അതോറിറ്റിയുടെ കീഴിലുള്ള പാർക്കിംഗ് സ്ഥലത്ത് ബുധനാഴ്‌ചയുണ്ടായ തീപിടിത്തത്തിൽ 17 കാറുകൾ കത്തിനശിച്ചു. പുലർച്ചെ 1.17ന് റിപ്പോർട്ട് ചെയ്‌ത സംഭവത്തിൽ ആർക്കും പരിക്കില്ല. ഒമ്പത് ഫയർ ടെൻഡറുകൾ എത്തി നാല് മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കിയതായി ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പാർക്കിംഗ് സ്ഥലത്ത് വാടക നല്‍കി വാഹനങ്ങൾ പാർക്ക് ചെയ്‌തിരുന്ന ആളുകളുടെ കാറുകളാണ് കത്തി നശിച്ചത്. ഒരു എസ്‌യുവി ഉൾപ്പെടെ 17 കാറുകൾ തീപിടിത്തത്തിൽ നശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചില വാഹനങ്ങൾ കേടുപാടുകൾ കൂടാതെ രക്ഷിക്കാൻ കഴിഞ്ഞു. സംഭവത്തിൽ ആര്‍ക്കും പരിക്കില്ലെന്നും ഡിഎഫ്എസ് ഓഫീസർ യശ്വന്ത് മീണ അറിയിച്ചു.