ചെന്നൈ:തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ ജി അറസ്‌റ്റിൽ. പഴനി ക്ഷേത്രത്തിലെ പ്രസാധമായ പഞ്ചാമൃതത്തെ കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയതിനാണ് മോഹനെ ട്രിച്ചി സൈബർ ക്രൈം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ചെന്നൈയിൽ വച്ച് അറസ്‌റ്റ് ചെയ്‌ത മോഹൻ ജിയെ ട്രിച്ചിയിലേക്ക് കൊണ്ടുവരുമെന്ന് ട്രിച്ചി ജില്ല എസ്‌പി വരുൺ കുമാർ അറിയിച്ചു.
അടുത്തിടെ പഴനിയിലെ പഞ്ചാമൃതം സംബന്ധിച്ച് മോഹൻ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. തിരുമല തിരുപ്പതിയിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡുവില്‍ മൃഗ കൊഴുപ്പ് കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രമായ പഴനി മുരുകന്‍ ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തില്‍ ഗർഭനിരോധന ഗുളികകൾ കലർത്തിയെന്ന അഭ്യൂഹങ്ങൾ താൻ കേട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞത്.
ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടർന്ന് സമയപുരം മാരിയമ്മൻ ക്ഷേത്രത്തിലെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്‍റ് ഡിപ്പാർട്ട്‌മെന്‍റ് മാനേജർ കവിയരസു നൽകിയ പരാതിയിലാണ് അറസ്‌റ്റ് ചെയ്‌തതെന്ന് ട്രിച്ചി ജില്ല പൊലീസിന്‍റെ പത്രക്കുറിപ്പിൽ പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച മോഹൻ്റെ അഭിമുഖത്തിൽ മതസൗഹാർദത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രസ്‌താവനകൾ ഉണ്ടെന്നായിരുന്നു പരാതി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും