ന്യൂഡൽഹി :കർഷകർ നടത്തുന്ന ഡൽഹി ചലോ മാർച്ച് ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു. കർഷകരുമായുളള അടുത്ത ചർച്ച ഞായറാഴ്‌ച നിശ്ചയിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു (Union Minister Anurag Thakur On Farmers Protest). കർഷകരുമായുളള അടുത്ത ചർച്ച നല്ല അന്തരീക്ഷത്തിൽ നടക്കുമെന്നും കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി കർഷകർക്കായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരുടെ സംഘം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ സാന്നിധ്യത്തിൽ സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്‌ദൂർ മോർച്ച തുടങ്ങി 17 സംഘടനകളുടെ നേതാക്കളുമായി ഇന്നലെ മൂന്നാം വട്ടവും ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ച ഫലം കണ്ടില്ലായിരുന്നു.
അതേസമയം കേന്ദ്രസർക്കാരിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് കർഷകർ ദേശവ്യാപകമായി നടത്തുന്ന പണിമുടക്കായ ‘ഗ്രാമീൺ ഭാരത് ബന്ദ്’ വിവിധ സംസ്ഥാനങ്ങളിൽ ആചരിച്ചു. പഞ്ചാബ് റോഡ്‌വേയ്‌സ്, പിആർടിസി എംപ്ലോയീസ് യൂണിയന്‍ എന്നിവ ചേർന്ന് ഭാരത് ഗ്രാമീണ്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ ലുധിയാനയിൽ വെള്ളിയാഴ്‌ച പഞ്ചാബ് റോഡ്‌വേസ് ബസ് സർവീസ് ഉണ്ടായില്ല.