ചണ്ഡീഗഡ് :കര്‍ഷകരുടെ സമരം കനത്തതിന് പിന്നാലെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ ഇന്‍റര്‍നെറ്റ് മൊബൈല്‍ സേവനത്തിനുള്ള നിരോധനം നീട്ടി. നാളെ വരെയാണ് (ഫെബ്രുവരി 23) നിരോധനം നീട്ടിയിട്ടുള്ളത്. ഹരിയാന ഭരണകൂടം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ ജില്ലകളിലാണ് ഇന്‍റര്‍നെറ്റ് മൊബൈല്‍ സേവനങ്ങളുടെ നിരോധനം നീട്ടിയിട്ടുള്ളത് (Farmer's protest In Haryana).
മൊബൈല്‍ ഫോണിലൂടെ എസ്‌എംഎസ് വഴിയും വാട്‌സ്‌ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും സമരം സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാനാണ് സര്‍ക്കാര്‍ നടപടി. ഏഴ് ജില്ലകളില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇന്‍റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളുടെ നിരോധനം നീട്ടിയെതെന്ന് സംസ്ഥാന ഭരണകൂടം അറിയിച്ചു. ഫെബ്രുവരി 23 വരെ നിരോധനം തുടരും.
സംസ്ഥാനത്ത് നിയമ ലംഘന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്നും സംസ്ഥാന ഭരണകൂടം പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കി. അതേസമയം ഡല്‍ഹി ചലോ മാര്‍ച്ചിനിടെ കര്‍ഷകരും ഹരിയാന പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡാറ്റാ സിങ് ഖനൗരി മേഖലയില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 12 പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ കുറിച്ച് പൊലീസ് എക്‌സില്‍ വിവരങ്ങള്‍ പങ്കിട്ടു (Internet Suspension Extended In Haryana).