ഹണ്ടർമാൻ (ലഡാക്ക്): ഒരു കാലത്ത് കമ്മ്യൂണിറ്റികളെ ഒരുമിപ്പിച്ചിരുന്ന പാതയാണ് ഇന്ത്യ പാക് അതിര്‍ത്തി പ്രദേശത്തുള്ള ഹണ്ടർമാന്‍റെ ഹിമാലയൻ ചുരങ്ങളിലൂടെയുള്ള പുരാതന വ്യാപാര പാത. എന്നാൽ ഈ കൊടുമുടികൾ ഇന്ന് ഇന്ത്യയും പാകിസ്ഥാനും അവരവരുടെ സൈനിക കോട്ടയായി ഉപയോഗിക്കുന്നു. ഇന്ത്യൻ ആപ്രിക്കോട്ട് കർഷകനായ ഗുലാം അഹമ്മദ് (66) തന്‍റെ കൗമാര കാലത്താണ് മാതാപിതാക്കളിൽ നിന്ന് വേർപിരിയുന്നത്.
പാകിസ്ഥാന്‍ മേഖലയിലായിരുന്ന ഗുലാം അഹമ്മദിന്‍റെ ഗ്രാമം യുദ്ധങ്ങള്‍ക്കൊടുവില്‍ ഇന്ത്യയുടെ കീഴിലായി. അമ്മയുടെ ശവക്കുടീരം കാണണമെങ്കില്‍ ഗുലാം അഹമ്മദിന് പാകിസ്ഥാനില്‍ പോകണം. അതിര്‍ത്തി തുറന്നിരുന്നെങ്കിൽ 50 കിലോമീറ്റർ (30 മൈൽ) മാത്രം വരുന്ന ഒരു ദിവസത്തെ യാത്ര മതിയാകും ഇതിന്. എന്നാൽ ഇപ്പോള്‍ അവിടം സന്ദർശിക്കണമെങ്കില്‍ ഏകദേശം 2,500 കിലോമീറ്റർ (1,550 മൈൽ) ഈ കര്‍ഷകന്‍ യാത്ര ചെയ്യണം. വിസ അനുമതി അദ്ദേഹത്തിന് വെല്ലുവിളിയുമാകുന്നു.
മാത്രമല്ല, പാകിസ്ഥാനിലേക്ക് പോകാനുള്ള ചെലവുകള്‍ താങ്ങാനും ഇപ്പോള്‍ ഈ വയോധികന് ആവില്ല. 'നമുക്ക് എന്ത് ചെയ്യാൻ കഴിയും? ഉറ്റവരെ കണ്ടുമുട്ടാനാകാതെ ഇവിടെ പലരും മരിച്ചു. എന്നെങ്കിലും കണ്ടുമുട്ടാനാകുമെന്ന പ്രതീക്ഷയിൽ നിരവധി പേര്‍...'- അഹമ്മദ് പറഞ്ഞു. ആരെങ്കിലും ഈ അതിർത്തി വീണ്ടും തുറന്നാൽ പലരും അവിടേക്ക് പോകുമെന്നും പലരും ബന്ധുക്കളെ കാണാനായി ഇവിടെ വരുമെന്നും അദ്ദേഹം പറഞ്ഞു.
കശ്‌മീരിനെ പാകിസ്ഥാനുമായി വേര്‍തിരിക്കുന്ന നിയന്ത്രണ രേഖയിൽ സിന്ധു നദിയുടെ പോഷക നദിയുടെ അരികിലായാണ് കാർഗിൽ പ്രദേശത്തെ അഹമ്മദിന്‍റെ ഗ്രാമം. മഞ്ഞുമൂടിയ കൊടുമുടികൾ, എതിരാളികളുടെ സൈനിക പോസ്റ്റുകള്‍ എന്നിവ ഈ ഗ്രാമത്തെ വലയം ചെയ്യുന്നുണ്ട്.
ആളുകൾക്ക് കടക്കാൻ കഴിയുന്നതായി ഇന്ത്യയ്ക്കും പാകിസ്ഥാനും ഒരേയൊരു കർശനമായ നിയന്ത്രിത അതിർത്തി പോയിന്‍റ് മാത്രമേയുള്ളൂ. അത് പഞ്ചാബിന്‍റെ തെക്ക് ഭാഗത്താണ്. എന്നാൽ വിരളമായി മാത്രമെ ആളുകള്‍ ഇതിലൂടെ അതിര്‍ത്തി കടക്കാറുള്ളൂ. ഈ ആഴ്‌ച 77ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ 1947ൽ വിഭജിക്കപ്പെട്ടതിന് ശേഷം മൂന്ന് വലിയ യുദ്ധങ്ങളും എണ്ണമറ്റ അതിർത്തി സംഘർഷങ്ങളുമാണ് ഉണ്ടായത്.
ഉറ്റവരെ കാണാനാകാതെ...:
1999ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അവസാനമായി ഏറ്റുമുട്ടിയ സ്ഥലവും കാർഗിലാണ്. 49 കാരനായ അലി, വേനൽക്കാലത്ത് വിനോദ സഞ്ചാരികളുടെ ടൂർ ഗൈഡായി ജോലി ചെയ്യും. മറ്റ് സമയത്ത് ഇന്ത്യൻ മിലിട്ടറി മൗണ്ടന്‍ ഔട്ട് പോസ്റ്റുകളിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന കഴുതകളെ തെളിക്കും.