ഹൈദരാബാദ് : മുംബൈ സൗത്തിലെ ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) സ്ഥാനാർഥി അനിൽ ദേശായിയുടെ റോഡ്‌ഷോയുടെ വീഡിയോയില്‍ പാകിസ്ഥാന്‍ പതാക പ്രത്യക്ഷപെട്ടു എന്ന തരത്തില്‍ വ്യാപക പ്രചരണം നടക്കുകയാണ്. ബിജെപി നേതാവ് നിലേഷ് റാണെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്.
ഫേസ്ബുക്ക് പോസ്‌റ്റ് (Source : Etv Bharat Reporter) 'യുബിടിയുടെ ഘോഷ യാത്രയിൽ പാക്കിസ്ഥാന്‍ പതാക! ഇനി പിഎഫ്ഐ, സിമി, അൽ ഖ്വയ്‌ദ എന്നിവിടങ്ങളിൽ നിന്നുള്ളവർ ബിരിയാണി കഴിക്കുന്നുണ്ടാകും. ദാവൂദ് മുംബൈയിൽ ഒരു സ്‌മാരകം നിർമിക്കും. ഇതാണ് മിസ്റ്റർ ബാലാസാഹെബിന്‍റെ 'യഥാർഥ കുട്ടി' എന്നാണ് പറയപ്പെടുന്നത്.
എക്‌സില്‍ പ്രത്യക്ഷപ്പെട്ട പോസ്‌റ്റ് (Source : Etv Bharat Network) ഇതേ ആരോപണവുമായി, വീഡിയോ ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ, 'ഇത് ചെമ്പൂരിലെ യുബിടി സ്ഥാനാർഥി അനിൽ ദേശായിയുടെ പ്രചാരണമാണ്... ഇന്ത്യയിൽ ഒരു പാകിസ്ഥാൻ പതാക... എന്തൊരു ദൗര്‍ഭാഗ്യമെന്ന് നോക്കൂ... ബാലാസാഹെബിന് എന്ത് തോന്നും... മഹാരാഷ്‌ട്ര ഇലക്‌റ്ററേറ്റ് ഉചിതമായ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.'
വസ്‌തുതയെന്ത് ?
മുംബൈയിലെ ചെമ്പൂരിൽ ശിവസേന (യുബിടി) നേതാവ് അനിൽ ദേശായിയുടെ റോഡ് ഷോയിൽ, വീഡിയോയില്‍ കാണുന്ന പതാക ഒരു ഇസ്ലാമിക് പതാകയാണ്. എന്നാല്‍ അത് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പറയുന്നത് പോലെ പാകിസ്ഥാൻ പതാകയല്ല. വീഡിയോ കാണുമ്പോൾ തന്നെ പതാക പാകിസ്ഥാൻ പതാകയല്ലെന്ന് വ്യക്തമാണ്. വീഡിയോയിൽ കാണുന്ന പച്ചക്കൊടിയിൽ വെളുത്ത ചന്ദ്രക്കലയും നടുവിൽ നക്ഷത്രവുമുണ്ട്. ഇത് പലപ്പോഴും മുഹറം, ഈദ് മിലാദ്-ഉൻ-നബി ഘോഷയാത്രകളിൽ കാണാം. വൈറലായ വീഡിയോയിലെ പതാകയിൽ വെള്ള കുത്തുകളും കാണാം. അതേസമയം, പാകിസ്ഥാന്‍റെ ദേശീയ പതാകയിൽ ഇടതുവശത്ത് ഒരു വെള്ള കളം കൂടെയുണ്ട്.
പതാകകള്‍ തമ്മിലുള്ള താരതമ്യം (Source : Etv Bharat Network) രണ്ട് പതാകകളും തമ്മിലുള്ള താരതമ്യം :ഇസ്ലാമിക പതാകയെ പാകിസ്ഥാന്‍റെ ദേശീയ പതാകയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ ഫാക്റ്റ് ചെക്കർമാർ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. വീഡിയോ ചെമ്പൂരിൽ നിന്നുള്ളതാണ് എന്നാണ് അവകാശപ്പെടുന്നത്. ഗൂഗിൾ മാപ്പിൽ പരിശോധിച്ചപ്പോൾ വൈറലായ വീഡിയോ ചെമ്പൂർ സ്റ്റേഷന് സമീപമുള്ള റോഡിൽ ചിത്രീകരിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് (യുബിടി) ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുംബൈയിലെ ചില മുസ്‌ലിംകളുടെ പിന്തുണ ലഭിച്ചതായി റിപ്പോർട്ടുണ്ട്. മെയ് 20-നാണ് മുംബൈയിൽ വോട്ടെടുപ്പ് നടക്കുന്നത്. ശിവസേന (യുബിടി) കോൺഗ്രസ്, എൻസിപി (ശരദ് പവാർ) എന്നീ പാര്‍ട്ടികള്‍ ഇന്ത്യ സഖ്യത്തിന് കീഴില്‍ അണിനിരക്കുമ്പോള്‍ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തില്‍ ശിവസേനയും എൻസിപിയുമാണ് മത്സര രംഗത്ത് ഉള്ളത്.
കുറിപ്പ്: ശക്തി കലക്‌ടീവിന്‍റെ ഭാഗമായി ബൂമിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ സ്റ്റോറി ഇടിവി ഭാരത് പുനഃപ്രസിദ്ധീകരിച്ചതാണ്.