മുംബൈ:തെരഞ്ഞെടുപ്പ് പരിശോധനയെന്ന വ്യാജേന വ്യാപാരിയില്‍ നിന്ന് ഒരു സംഘം ഇരുപത്തഞ്ചര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മഹാരാഷ്‌ട്രയിലെ കോലാപ്പൂരില്‍ ചെക്ക് പോസ്‌റ്റിന് സമീപത്താണ് കഴിഞ്ഞ ദിവസം ഈ വന്‍ തട്ടിപ്പ് അരങ്ങേറിയത്. പൂനെ -ബംഗളുരു ദേശീയപാതയ്ക്ക് സമീപമുള്ള തവ്‌ദെ ഹോട്ടല്‍ മേല്‍പ്പാലത്തിന് സമീപം പുലര്‍ച്ചെയാണ് തട്ടിപ്പ് നടന്നത്. പരാതി ലഭിച്ചയുടന്‍ തന്നെ പൊലീസ് അഞ്ച് സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.. തീര്‍ത്ഥാടകര്‍ക്ക് തൊട്ടില്‍ വില്‍ക്കുന്ന ആളായ അന്‍പതുകാരനായ സുഭാഷ് ലക്ഷ്‌മണ്‍ ഹരണ്‍ ആണ് തട്ടിപ്പിനിരയായത്. പുലര്‍ച്ചെ യൂണിഫോമിലെത്തിയ ഒരു സംഘം ഇദ്ദേഹത്തിന്‍റെ കാര്‍ തടഞ്ഞു നിര്‍ത്തി. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പരിശോധന നടത്തുകയാണ് തങ്ങളെന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിച്ച ഇവര്‍ ഇദ്ദേഹത്തോട് പറഞ്ഞു. ആ സമയത്ത് ഇദ്ദേഹത്തിന്‍റെ കാറില്‍ കച്ചവടത്തിലൂടെ കിട്ടിയ ഇരുപത്തഞ്ച് ലക്ഷത്തി അന്‍പതിനായിരം രൂപ ഉണ്ടായിരുന്നു. ഇത് ഈ സംഘം കണ്ടെത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു.
ഇത് കച്ചവടത്തിലൂടെ കിട്ടിയ പണമാണെന്ന് പറഞ്ഞിട്ടും അവര്‍ കേട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇത്രയും പണം കൈവശം വയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു അവരുടെ വാദം. ഇരുപത്തഞ്ചിനും മുപ്പതിനുമിടയില്‍ പ്രായമുള്ള അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ സുഭാഷ് ലക്ഷ്‌മണിനെ സര്‍നോബത്‌വാഡിയിലേക്ക് കൊണ്ടുപോകുകയും പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത ശേഷം കടന്നുകളയുകയുമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.