ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ദീർഘകാല അതിർത്തി തർക്കം, ഇരു രാജ്യങ്ങള്‍ക്ക് വേണ്ടിയും ലോകത്തിന് വേണ്ടിയും അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നാണ് പ്രധാനമന്ത്രി നരേ ന്ദ്രമോദി ഏറ്റവും ഒടുവിലായി പ്രസ്‌താവിച്ചത്.
'നമ്മുടെ അതിർത്തിയില്‍ നീണ്ടുനിൽക്കുന്ന സാഹചര്യം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ടെന്നാണ് എന്‍റെ വിശ്വാസം. അതുവഴി നമ്മുടെ ഉഭയകക്ഷി ഇടപെടലുകളിലെ അസാധാരണത്വം നമുക്ക് അവസാനിപ്പിക്കാനാകും.'- പ്രധാന മന്ത്രി പറഞ്ഞു. യുഎസ് പ്രസിദ്ധീകരണമായ ന്യൂസ് വീക്കിന് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പരാമര്‍ശം. ഇന്ത്യയും ചൈനയും തമ്മിലുള്ള സമാധാനപരമായ ബന്ധം ഇരു രാജ്യങ്ങള്‍ക്ക് മാത്രമല്ല ലോകത്തിനും പ്രധാനമാണെന്നും മോദി പറഞ്ഞു.
സുസ്ഥിരമായ ബന്ധങ്ങൾ ചൈനയുടെയും ഇന്ത്യയുടെയും പൊതുതാത്പര്യങ്ങൾ സംരക്ഷിക്കുമെന്നാണ് മോദിയുടെ പ്രസ്‌താവനയോട് പ്രതികരിച്ചു കൊണ്ട് ചൈന പറഞ്ഞത്. അതേസമയം, അതിർത്തിയെ സംബന്ധിച്ച് ഉയരുന്ന ചോദ്യം ഇന്ത്യ-ചൈന ബന്ധത്തിന്‍റെ പൂർണ്ണതയെ പ്രതിനിധീകരിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു. ഇരുപക്ഷവും നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ആശയ വിനിമയം നടത്തുകയാണെന്നും മാവോ ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ പരാമർശം ജനങ്ങള്‍ ശ്രദ്ധിക്കുമെന്ന് മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്‌റ്റഡീസ് ആൻഡ് അനാലിസസിലെ ഈസ്‌റ്റ് ഏഷ്യ സെന്‍റര്‍ അസോസിയേറ്റ് ഫെലോ എംഎസ് പ്രതിഭ പറഞ്ഞു. “നമ്മൾ ചില സ്‌റ്റിക്കിങ് പോയിന്‍റുകൾ മാത്രമേ പരിഹരിച്ചിട്ടുള്ളൂ. ബാക്കിയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചൈനയോട് പറയാൻ ശ്രമിക്കുകയാണ്. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ കനത്ത സൈനിക സാന്നിധ്യം പിൻവലിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും പ്രതിഭ ഇടിവി ഭാരതിനോട് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ചൈനയും ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു. ചൈനയ്ക്ക് ഇന്ത്യയിൽ ധാരാളം ബിസിനസ് താത്പര്യങ്ങളുണ്ടെന്നും പ്രതിഭ ചൂണ്ടിക്കാട്ടി.
ഇന്ത്യ ചൈന തര്‍ക്കം ഉടന്‍ പരിഹരിക്കപ്പെടുമെന്ന ശുഭാപ്‌തി വിശ്വാസത്തില്‍, ഇന്ത്യ ചൈന പ്രശ്‌നങ്ങളുടെ ഉത്ഭവം ഒന്ന് പുനരവലോകനം ചെയ്യാം.
ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചെറുതും വലുതുമായ നിരവധി പ്രദേശങ്ങളുടെ പരമാധികാരത്തെ ചുറ്റിപ്പറ്റിയാണ് ദീർഘകാലമായ ചൈന-ഇന്ത്യ അതിർത്തി തർക്കം നിലകൊള്ളുന്നത്. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) എന്നറിയപ്പെടുന്ന ഇന്ത്യ-ചൈന അതിർത്തി ഹിമാലയത്തിന് കുറുകെ 3,488 കിലോമീറ്ററിലധികം വ്യാപിച്ച് കിടക്കുന്നതാണ്.
ഈ പ്രദേശങ്ങളിലൊന്നായ അക്‌സായി ചിൻ ചൈനയുടെ ഭരണത്തിൻ കീഴിലാണെങ്കിലും ഇന്ത്യയും ഈ പ്രദേശത്തിന് മേല്‍ അവകാശവാദമുന്നയിക്കുന്നുണ്ട്. ജനവാസം നന്നേ കുറഞ്ഞതും വളരെ ഉയര്‍ന്നതുമായ ഭൂപ്രദേശമാണ് അക്‌സായി ചിന്‍. കാശ്‌മീർ, ടിബറ്റ്, സിൻജിയാങ് എന്നിവയുടെ ക്രോസ്റോഡിൽ സ്ഥിതി ചെയ്യുന്ന അക്‌സായി ചിൻ ചൈനയുടെ സിൻജിയാങ്-ടിബറ്റ് ഹൈവേയിലൂടെ കടന്ന് പോകുന്ന പ്രദേശമാണ്.
തർക്കത്തില്‍ പെട്ട് കിടക്കുന്ന മറ്റൊരു മേഖല മക്‌മഹോൺ ലൈനിന്‍റെ തെക്ക് ഭാഗത്താണ്. മുമ്പ് നോർത്ത്-ഈസ്‌റ്റ് ഫ്രോണ്ടിയർ ഏജൻസി (NEFA) എന്നറിയപ്പെട്ടിരുന്നതും ഇപ്പോൾ വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനവുമായ അരുണാചൽ പ്രദേശാണിത്. ഇന്ത്യയുടെ കീഴിലുള്ള ഈ പ്രദേശം ചൈനയും അവകാശപ്പെടുന്നു.
1914-ലെ സിംല കൺവെൻഷന്‍റെ ഭാഗമായി ബ്രിട്ടീഷ് ഇന്ത്യയും ടിബറ്റും തമ്മിലുള്ള ഉടമ്പടിയിലൂടെ സ്ഥാപിതമായ മക്മോഹൻ ലൈൻ, തർക്കത്തിന്‍റെ കേന്ദ്ര ബിന്ദുവായി തുടരുകയാണ്. സിംല കൺവെൻഷനിൽ പ്രവേശിക്കുമ്പോൾ ടിബറ്റ് സ്വതന്ത്രമായിരുന്നില്ല എന്ന് വാദിച്ചാണ് ചൈന മക്മോഹൻ ലൈൻ കരാറിന്‍റെ സാധുത നിരസിക്കുന്നത്.
1962-ൽ ഇന്ത്യൻ-ചൈനീസ് സൈനികർ അതിശക്തമായ അതിർത്തി യുദ്ധത്തിൽ ഏർപ്പെട്ടതോടെയാണ് സംഘർഷങ്ങൾ കൂടുതല്‍ വഷളായത്. ലഡാക്കിലും മക്മോഹൻ ലൈനിന് കുറുകെയും ചൈന ഒരേസമയം ആക്രമണം അഴിച്ചുവിട്ടു. ഒരു മാസത്തെ പോരാട്ടത്തിന് ശേഷം ഏകപക്ഷീയമായി പിന്മാറുന്നതിന് മുമ്പ് ചൈന അവരുടെ ലക്ഷ്യങ്ങളൊക്കെയും നേടിയെടുത്തിരുന്നു.