തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്നു വന്ന ബാര്‍ കോഴക്കേസ് പിണറായി സര്‍ക്കാരിന് തലവേദനയാവുകയാണ്. ഒന്നാം ബാര്‍ കോഴക്കേസും തുടര്‍ന്നുള്ള കെഎം മാണിയുടെ രാജിയുമെല്ലാം വീണ്ടും സജീവ ചര്‍ച്ചയാകുന്നുമുണ്ട്. ഇപ്പോൾ ബാര്‍ കോഴ സര്‍ക്കാരിനെതിരെ പ്രധാന രാഷ്‌ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.
സംസ്ഥാനത്തെ ബാര്‍ കോഴക്കേസിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാരിനെയും ആം ആദ്‌മി പാര്‍ട്ടിയെയും പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന ഡല്‍ഹി മദ്യനയ അഴിമതി കേസും ചര്‍ച്ചയാവുകയാണ്. ഡല്‍ഹി മുഖ്യമന്ത്രിയെ തന്നെ അഴിക്കുള്ളിലാക്കിയ ഡല്‍ഹി മദ്യനയ അഴിമതി കേസ് എന്താണെന്ന് നോക്കാം...
എന്താണ് ഡൽഹിയുടെ മദ്യനയം?
2023 ഫെബ്രുവരിയിലാണ് ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്യുന്നത്. മദ്യവിൽപ്പന ലൈസൻസികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയെന്ന് ആരോപിച്ചായിരുന്നു അറസ്‌റ്റ്.
2020-ൽ നിര്‍ദേശിച്ച ഡല്‍ഹി മദ്യനയം 2021 നവംബറിലാണ് പ്രാബല്യത്തിൽ വന്നത്. നയപ്രകാരം ഡൽഹിയെ 32 സോണുകളായി തിരിച്ച് ഓരോ സോണിലും 27 മദ്യവിൽപ്പന ശാലകളാണ് ഉള്ളത്. മദ്യ മാഫിയയെയും കരിഞ്ചന്തയും അവസാനിപ്പിക്കുക, വരുമാനം വർധിപ്പിക്കുക, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, മദ്യവിൽപ്പനയുടെ നീതിപൂർവകമായ വിതരണം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു നയം ആവിഷ്‌കരിച്ചത്.
നയപ്രകാരം മദ്യവിൽപ്പനയിൽ നിന്ന് സർക്കാർ ഒഴിയുകയും സ്വകാര്യ മദ്യശാലകൾക്ക് മാത്രം പ്രവർത്തനാനുമതി നല്‍കുകയും ചെയ്യുന്നു. ഓരോ മുനിസിപ്പൽ വാർഡിലും 2-3 വെൻഡുകളാണ് നിര്‍ദേശിക്കുന്നത്. സർക്കാർ നിശ്ചയിച്ച എംആർപിക്ക് പകരം ലൈസന്‍സികള്‍ക്ക് കിഴിവുകൾ നൽകാനും സ്വന്തം വില നിശ്ചയിക്കാനും നയം അനുവദിക്കുന്നു. മദ്യ വില്‍പ്പനക്കാര്‍ കിഴിവുകൾ വാഗ്‌ദാനം ചെയ്‌തത് മൂലം ആളുകള്‍ കൂടുതലായി എത്തിത്തുടങ്ങി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എക്‌സൈസ് വകുപ്പ് കുറച്ചുകാലത്തേക്ക് ഇളവ് പിൻവലിച്ചു. പുതിയ എക്‌സൈസ് നയം നടപ്പാക്കിയ ശേഷം സർക്കാരിന്‍റെ വരുമാനം 27 ശതമാനമായി വർദ്ധിച്ചിരുന്നു.
എന്താണ് കേസ് ?
ആം ആദ്‌മി പാർട്ടിയുടെ ഉന്നത നേതാക്കൾ അനധികൃതമായി ഫണ്ട് സ്വരൂപിക്കുന്നതിനാണ് മദ്യനയം രൂപീകരിച്ചത് എന്നായിരുന്നു പ്രധാനമായ ആരോപണം. 2022 ജൂണില്‍ മദ്യ ലൈസൻസ് വിതരണത്തിൽ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഡൽഹി പൊലീസിന് കത്തയച്ചു.