കേരളം

kerala

ETV Bharat / bharat

വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള കേന്ദ്രഫണ്ട് വന്‍തോതില്‍ വെട്ടിക്കുറച്ചെന്ന ആരോപണവുമായി തമിഴ്‌നാട് മന്ത്രി രംഗത്ത്-ഇടിവി ഭാരത് എക്‌സ്ക്ലൂസീവ് - ANBIL MAHESH POYYAMOZHI

''ഇതൊരു രാഷ്‌ട്രീയ വിഷയമല്ല. ഇത് നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഭാവിയുടെ കാര്യത്തിലുള്ള ആശങ്കയാണ്''. മന്ത്രി പൊയ്യാമൊഴി ഇടിവി ഭാരതിന് അനുവദിച്ച എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന കേരളത്തിനും ഫണ്ടില്ലെന്ന് മന്ത്രി.

ETV BHARAT EXCLUSIV  PM SHRI SCHEME  TAMIL NADU CM MK STALIN  SAMAGRA SHIKSHA ABHIYAN
Exclusive Interview: Tamil Nadu Minister Anbil Mahesh Poyyamozhi Alleges Massive Cut In Central Funds For School Education Programmes (ETV Bharat)

By ETV Bharat Kerala Team

Published : Feb 13, 2025, 10:45 PM IST

ചെന്നൈ:സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതികള്‍ക്കുള്ള കേന്ദ്രഫണ്ടില്‍ കുറവ് വരുത്തിയ നടപടിയില്‍ ആശങ്കയുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഇത് സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനത്തിലുണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെയും അധികൃതര്‍ ഉയര്‍ത്തിക്കാട്ടുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനുള്ള സാമ്പത്തിക പിന്തുണയില്‍ വന്‍ കുറവ് വരുത്തിയെന്ന് തമിഴ്‌നാട് സ്കൂള്‍ വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യാമൊഴി ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ആരോപിച്ചു. ഇത് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയെ പാളം തെറ്റിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രം 2154 കോടി രൂപയുടെ ഫണ്ട് തടഞ്ഞു

സംയോജിത സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതിയായ സമഗ്ര ശിക്ഷ അഭിയാന്‍(എസ്‌എസ്‌എ) 2018ലാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തിനും തങ്ങളുെട ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരം നല്‍കി. ഇത് പിന്നീട് കേന്ദ്ര തലത്തിലുള്ള ഒരു സമിതി അംഗീകരിക്കും. എന്നാല്‍ പദ്ധതിക്ക് അനുവദിക്കുന്ന ഫണ്ടില്‍ മിക്കപ്പോഴും വന്‍തോതില്‍ കുറവ് വരുത്തിയെന്നും പൊയ്യാമൊഴി ആരോപിച്ചു.

എസ്‌എസ്‌എ പദ്ധതിയില്‍ കേന്ദ്രം അറുപത് ശതമാനം ഫണ്ടും സംസ്ഥാനം 40 ശതമാനം ഫണ്ടുമാണ് ഉപയോഗിക്കേണ്ടത്. 2018 മുതല്‍ തമിഴ്‌നാടിന് മൂന്ന് തവണകളായാണ് പ്രതിവര്‍ഷം ഫണ്ട് കിട്ടുന്നത്. എന്നാല്‍ 2023ലെ അവസാന തവണ ഇനിയും കിട്ടിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയിലുള്‍പ്പെടുത്ിയാണ് ഇപ്പോള്‍ ഫണ്ടുകള്‍ അനുവദിക്കുന്നത്. ഇത് രാജ്യത്തെ 15000 വിദ്യാലയങ്ങള്‍ നവീകരിക്കാന്‍ വേണ്ടിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തീര്‍ച്ചയായും വിദ്യാലയങ്ങളുടെ നവീകരണം ഗുണകരമാണ്. എന്നാല്‍ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട പിഎം ശ്രീ പദ്ധതിയിലെ ത്രിഭാഷ നയം തമിഴ്‌നാടിന്‍റെ ദീര്‍ഘകാല വിദ്യാഭ്യാസ നയത്തിന് കടകവിരുദ്ധമാണ്. ഈ നിബന്ധനകളുള്ള പിഎം ശ്രീ പദ്ധതി തങ്ങള്‍ അംഗീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതുമാണ്. ഫണ്ടുകള്‍ എസ്‌എസ്‌എയില്‍ പെടുത്തി അനിവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് പൊയ്യാമൊഴി ഇടിവി ഭാരതിനോട് വെളിപ്പെടുത്തി.

എന്നാല്‍ തമിഴ്നാട് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വച്ചാല്‍ മാത്രമേ ഫണ്ട് അനുവദിക്കൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിന്‍റെ ഫലമായി എസ്എസ്എ പദ്ധതി പ്രകാരം തമിഴ്‌നാടിന് അര്‍ഹമായ 2154 കോടി രൂപ കേന്ദ്രം തടഞ്ഞു വച്ചു.

ഈ നീക്കത്തെ അപലപിച്ച മന്ത്രി പൊയ്യാമൊഴി ഇതൊരു രാഷ്‌ട്രീയ വിഷയമല്ലെന്നും ചൂണ്ടിക്കാട്ടി. ഇത് നമ്മുടെ കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍

പ്രത്യേക സമിതിയെ നിയോഗിച്ച് പദ്ധതി പുനപ്പരിശോധിക്കണമെന്ന് കാട്ടി തമിഴ്‌നാട് ചീഫ് സെക്രട്ടറി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. പദ്ധതി പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെയുള്ള ത്രിഭാഷ നയത്തെ അടിച്ചേല്‍പ്പിക്കുന്നുവെന്ന് കണ്ടെത്തി. ഇത് തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാറ്റി മറിക്കും. തമിഴ്‌നാടിനൊപ്പം കേരളവും പശ്ചിമബംഗാളുമടക്കമുള്ള ബിജെപി ഇതര കക്ഷികള്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പദ്ധതിയെ എതിര്‍ക്കുന്നു.

വെല്ലുവിളികള്‍ക്കിടയിലും തമിഴ്‌നാട് വിദ്യാഭ്യാസ രംഗത്ത് മുന്‍പന്തിയില്‍

അതേസമയം തമിഴ്‌നാട് വിദ്യാഭ്യാസ കാര്യത്തില്‍ പിന്നാക്കമാണെന്ന വാദം മന്ത്രി തള്ളി. സമഗ്ര ശിക്ഷ അഭിയാന് കീഴില്‍ കേരളത്തിന് തൊട്ടുപിന്നിലായി രണ്ടാമതായി തമിഴ്‌നാടുണ്ട്. 20 പ്രകടന സൂചികകളില്‍ കേരളം മുന്നില്‍ നില്‍ക്കുന്നു. തമിഴ്‌നാട് തൊട്ടുപിന്നിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ സൂചകങ്ങളില്‍ ബിജെപി ഭരിക്കുന്ന ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, എന്നിവ വളരെ പിന്നാക്കമാണ്. അതേസമയം ഈ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രഫണ്ടുകള്‍ നിര്‍ബാധം ലഭിക്കുന്നു. അതേസമയം മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്ന കേരളത്തിനും തമിഴ്‌നാടിനും ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ നിലപാട്

കേന്ദ്രഫണ്ടിന് വേണ്ടി തങ്ങളുടെ നയത്തില്‍ വിട്ടുവീഴ്‌ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിനും തുറന്നടിച്ചു. കേന്ദ്രം മതിയായ ഫണ്ട് നല്‍കിയില്ലെങ്കില്‍ വിദ്യാഭ്യാസ വികസനം അഭംഗുരം തുടരാനുള്ള മുഴുവന്‍ ചെലവും സംസ്ഥാനം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ വിദ്യാലയങ്ങളില്‍ 25 ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി നീക്കി വയ്ക്കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിവര്‍ഷം 400 കോടി രൂപ നല്‍കുന്നുമുണ്ട്. ഈ ഫണ്ടും നിര്‍ത്തലാക്കിയാല്‍ അതും സംസ്ഥാന സര്‍ക്കാരിന് അധിക ബാധ്യതയാകും. ഇതെല്ലാമായാലും തങ്ങളുടെ കുട്ടികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാലയങ്ങളിലെ ലൈംഗിക പീഡന ബോധവത്ക്കരണം

വിദ്യാലയങ്ങളിലെ ലൈംഗിക പീഡനം തടയാനുള്ള എല്ലാ നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ലൈംഗിക കുറ്റകൃത്യം നടത്തുന്ന അധ്യാപകരെ പുറത്താക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

  • ഈ ഉത്തരവിന്‍ പ്രകാരം ഇതുവരെ 238 ലൈംഗിക പീഡനകേസുകള്‍ വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്‌തു
  • 56 കേസുകള്‍ 2024 മാര്‍ച്ച് പത്ത് വരെ തീര്‍പ്പാക്കി
  • നാല് ഇരകള്‍ക്ക് ജീവന്‍ നഷ്‌ടമായി. 11 കുറ്റാരോപിതര്‍ നിരപരാധികളാണെന്നും വ്യക്തമായി.

ബോധവത്ക്കരണം ശക്തമാക്കാന്‍ വിദ്യാലയ വകുപ്പ് മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് തങ്ങള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് 14417 എന്ന നമ്പരില്‍ വിവരങ്ങള്‍ അറിയിക്കാം. സ്‌കൂളില്‍ പരിശോധനയ്ക്കെത്തുന്നവര്‍ ധരിച്ചിട്ടുള്ള ടീ ഷര്‍ട്ടുകളിലും ഈ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റുഡന്‍റ്സ് വോയ്‌സ് എന്ന പേരില്‍ പരാതിപ്പെട്ടികളും വിദ്യാലയങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് പേര് വെളിപ്പെടുത്താതെ തന്നെ സുരക്ഷിതമായി കുട്ടികള്‍ക്ക് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം നല്‍കുന്നു. കുട്ടികള്‍ സുരക്ഷിതമായ അന്തരീക്ഷത്തില്‍ പഠിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന പൊതുപരീക്ഷകളും കുട്ടികളുടെ തയാറെടുപ്പുകളും

  • അടുത്തമാസം മൂന്നിന് പൊതുപരീക്ഷകള്‍ തുടങ്ങും. കുട്ടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
  • കേവലം ഉത്തരങ്ങള്‍ കാണാപ്പാഠം പഠിക്കാതെ ആശയങ്ങള്‍ മനസിലാക്കുക, ക്ലാസില്‍ പഠിപ്പിച്ചത് മാത്രമേ പരീക്ഷയ്ക്ക് ചോദിക്കൂ
  • അവസാന നിമിഷ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുക. ഇത് സമ്മര്‍ദ്ദമുണ്ടാക്കും.
  • സമയം കൃത്യമായി വിനിയോഗിക്കുക, ചിട്ടയായ പഠനം മികച്ച പ്രകടനം നടത്താന്‍ സഹായിക്കും
  • രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കാതിരിക്കുക, പരീക്ഷകളെ ദൈനം ദിനമുള്ള പ്രവര്‍ത്തനമായി മാത്രം കണ്ട് ഉത്കണ്ഠ ഒഴിവാക്കുക.

പരീക്ഷാഹാളിലെത്തുന്ന കുട്ടികളും രക്ഷിതാക്കളും ഇക്കാര്യങ്ങള്‍ ഉറപ്പാക്കുക

  • വിശ്രമിക്കാന്‍ മതിയായ സൗകര്യം, കുടിവെള്ളം
  • സുരക്ഷിത യാത്ര, മതിയായ ചോദ്യോത്തര പേപ്പറുകള്‍
  • മുന്‍കാലങ്ങളിലെ പോലെ സുഗമമായ പരീക്ഷാ നടത്തിപ്പ്

തമിഴ്‌നാട് സര്‍ക്കാര്‍ ഗുണമേന്‍മയുള്ള വിദ്യാഭ്യാസം നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മികവ് പ്രകടിപ്പിക്കാനുള്ള അവസരമുണ്ടെന്നും മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യാമൊഴി പറഞ്ഞു നിര്‍ത്തി. \

Also Read:ജാര്‍ഖണ്ഡിലെ പട്ടിക വര്‍ഗ റസിഡന്‍ഷ്യല്‍ വിദ്യാലയത്തിലെ പതിനെട്ട് പട്ടികവര്‍ഗ പെണ്‍കുട്ടികള്‍ക്ക് ജെഇഇ മെയില്‍ പരീക്ഷയില്‍ ഉന്നത വിജയം

ABOUT THE AUTHOR

...view details