ബസ്‌തർ:ഫെബ്രുവരി 14ന് ലോകമെങ്ങും വാലന്‍റൈന്‍സ് ദിനമായി ആഘോഷിക്കുകയാണ്. പ്രണയം കൊണ്ട് അനശ്വരരായ നിരവധി പേരുകള്‍ ലോകത്തുണ്ട്. റോമിയോ ജൂലിയറ്റ്, ലൈല മജ്‌നു തുടങ്ങി അനശ്വര പ്രണയിതാക്കളുടെ പേരുകള്‍ നാമിപ്പോഴും ചേര്‍ത്തുതന്നെയാണ് പറയാറ്.
എന്നാല്‍ ഛത്തീസ്‌ഗഢിലെ ബസ്‌തര്‍ നിവാസികള്‍ക്ക് പ്രണയത്തിന്‍റെ അവസാന വാക്ക് ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ജിത്കു-മിത്കിയാണ്. പ്രണയിച്ച് ജീവിച്ച് ഒടുവില്‍ അനാചാരത്തില്‍ ജീവന്‍ ബലി കഴിക്കേണ്ടി വന്ന ജിത്കു-മിത്കി... ദമ്പതികളുടെ ഓര്‍മ ബസ്‌തറുകാരില്‍ ഇന്നും അലയടിക്കുന്നു.
ബസ്‌തർ നിവാസിയും മുതിർന്ന പത്രപ്രവർത്തകനുമായ അവിനാശ് പ്രസാദാണ് ഇടിവി ഭാരതിന് വേണ്ടി ജിത്കു-മിത്കിയുടെ പ്രണയകഥ പങ്കുവെച്ചത്.
ജിത്കു-മിത്കി പ്രണയകഥ
കൊണ്ടഗാവ് ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 50 - 60 കിലോമീറ്റർ അകലെ, വിഷംപുരി റോഡിനടുത്തുള്ള പെൻഡ്രവൻ ഗ്രാമത്തില്‍ ഏഴ് ആങ്ങളമാരുടെ ഏക പെങ്ങളായാണ് മിത്‌കി ജനിച്ചത്. ഏക സഹോദരിയെ അവര്‍ അതിരറ്റ് സ്നേഹിച്ചു. എല്ലാ ദിവസവും രാവിലെ കുഞ്ഞു പെങ്ങളുടെ മുഖം കണ്ടായിരുന്നു ഇവര്‍ പുറത്തേക്ക് പോയിരുന്നത്.
ജിത്കു മിത്കി ദമ്പതികളുടെ വിഗ്രഹങ്ങൾ (ETV Bharat) പെൻഡ്രവനിലെ ഒരു മേളയിൽ വെച്ച് അയൽ ഗ്രാമത്തിലെ ജിത്കുവിനെ കണ്ടുമുട്ടുന്നതുവരെ മിത്‌കിയുടെയും ലോകം അവളുടെ സഹോദരന്മാര്‍ മാത്രമായിരുന്നു. പെൻഡ്രവനിലെ മേളയിൽ കണ്ടുമുട്ടുന്ന ഇരുവര്‍ക്കും പ്രഥമദൃഷ്‌ടിയില്‍ തന്നെ അനുരാഗമുദിക്കുന്നു.
പരസ്‌പരം ഇഷ്‌ടത്തിലായ ജിത്കുവും മിത്കിയും അടിക്കടി കണ്ടുമുട്ടാൻ തുടങ്ങി. ഇരുവരുടെയും പ്രണയം നാള്‍ക്കുനാള്‍ ശക്തമായി. ജീവിക്കുന്നെങ്കില്‍ ഒന്നിച്ച്, മരിക്കുന്നെങ്കിലും അങ്ങനെത്തന്നെ എന്ന് ഇരുവരും വാക്ക് നല്‍കി.
പ്രണയം വിവാഹത്തിലേക്ക്...
ജിത്കു, മിത്കിയുടെ സഹോദരന്മാരെ കണ്ട് അവളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. സഹോദരങ്ങള്‍ക്ക് ഒരു നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ. ജിത്‌കു ഇവരുടെ വീട്ടിൽ ഒരു 'ഘർ ജമായി' (താമസക്കാരനായ മരുമകൻ) ആയി ജീവിക്കണം. ജിത്കുവിന് കുടുംബമില്ലാത്തതിനാലും മിത്കിക്കൊപ്പം ജീവിതം ചെലവഴിക്കാൻ എന്തും ചെയ്യാൻ തയ്യാറായിരുന്നതിനാലും യാതൊരു മടിയും കൂടാതെ അദ്ദേഹം സമ്മതം മൂളി.
അങ്ങനെയാ പ്രണയ ജോഡികള്‍ വിവാഹിതരായി. മിത്‌കിയുടെ ഗ്രാമത്തിൽ ജിത്കു ഒരു ചെറിയ മണ്‍വീട് പണിതു. അവിടെ ഇരുവരും ജീവിതം ആരംഭിച്ചു. ഒരേ ഗ്രാമത്തിലായിരുന്നിട്ടുകൂടി സഹോദരി മറ്റൊരു വീട്ടിൽ താമസിക്കുന്നതില്‍ മിത്കിയുടെ സഹോദരന്മാർക്ക് വിഷമമുണ്ടായിരുന്നു.
തേടിയെത്തിയ ദുരന്തം
ഇതിനിടെയാണ് ഗ്രാമത്തിൽ ഒരു അപൂർവ ക്ഷാമം ഉണ്ടാകുന്നത്. കടുത്ത വരള്‍ച്ചയില്‍ ഗ്രാമത്തിലെ ഒരേയൊരു കുളം വറ്റിപ്പോയി. ഗ്രാമവാസികള്‍ ആകെ പ്രതിസന്ധിയിലായി.
പ്രതിവിധി എന്തെന്നറിയാന്‍ ഗ്രാമവാസികൾ ഒരു തന്ത്രിയെ വിളിച്ചുവരുത്തി. ഒരു നരബലി മാത്രമേ കുളത്തിലേക്ക് വെള്ളം തിരികെ കൊണ്ടുവരൂ എന്നും നരബലി നടന്നാല്‍ കുളം പിന്നീട് ഒരിക്കലും വറ്റില്ലെന്നും തന്ത്രി നിർദേശിച്ചു. നരബലിക്ക് തെരഞ്ഞെടുക്കപ്പെട്ടയാൾ ഗ്രാമത്തിന് പുറത്തുള്ള ആളായിരിക്കണമെന്ന് തന്ത്രി പ്രത്യേകം പറഞ്ഞു.
ജിത്കു മിത്കി ദമ്പതികളുടെ വിഗ്രഹങ്ങൾ (ETV Bharat) ഗ്രാമവാസികളുടെ കണ്ണില്‍ ജിത്കുവായിരുന്നു പുറത്തുനിന്നെത്തിയ ആള്‍. ജിത്കുവിനെ ബലി നൽകാൻ ഗ്രാമവാസികൾ ചേര്‍ന്ന് മിത്കിയുടെ സഹോദരന്മാരെ പ്രേരിപ്പിച്ചു. ബലി ഗ്രാമത്തെ രക്ഷിക്കുക മാത്രമല്ല, ചുറ്റുമുള്ള ഗ്രാമങ്ങളിൽ സഹോദരന്മാർക്ക് പ്രശസ്‌തിയും അംഗീകാരവും നേടിക്കൊടുക്കുമെന്നും അവർ സഹോദരന്‍മാരെ പറഞ്ഞു വിശ്വസിപ്പിച്ചു.
ജിത്‌കുവിന്‍റെ മരണം, മിത്‌കിയുടേയും...
കനത്ത മഴയുള്ള ഒരു രാത്രിയിലാണ് അത് നടന്നത്. മിത്കിയുടെ സഹോദരന്മാരും ഗ്രാമവാസികളും ചേര്‍ന്ന് ജിത്കുവിനെ ഗ്രാമത്തിലെ കുളത്തിനരികിലേക്ക് എത്തിച്ചു. ഇവിടെവെച്ച് ജിത്‌കുവിനെ കൊലപ്പെടുത്തി. ജിത്‌കുവിന് അത്താഴമൊരുക്കി മിത്‌കി അപ്പോഴും വീട്ടില്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ രാത്രി വൈകിയും ജിത്‌കു മടങ്ങിയെത്തിയില്ല. പിറ്റേന്ന് രാവിലെ, അവൾ ജിത്‌കുവിനെ തെരഞ്ഞ് ഇറങ്ങി. ഒടുവില്‍ കുളത്തിനരികില്‍, ചെളിയിൽ പൂണ്ടനിലയില്‍, തന്‍റെ പ്രിയതമന്‍റെ മൃതദേഹം അവള്‍ കണ്ടു. പ്രാണനായ ജിത്‌കുവിന്‍റെ മരണം സഹിക്കാൻ കഴിയാതെ മിത്കിയും അതേ സ്ഥലത്ത് തന്‍റെ ജീവനൊടുക്കി.
ദൈവ പരിണാമം...
എന്നാല്‍ ജിത്‌കുവിന്‍റെയും മിത്‌കിയുടെയും കഥ അവരുടെ മരണത്തോടെ അവസാനിച്ചില്ല. കാലക്രമേണ, ബസ്‌തറിലെ ആളുകൾ മിത്കിയെ 'ഗാപ ദേവി' എന്ന് പേരില്‍ ആരാധിക്കാൻ തുടങ്ങി. ജിത്കുവിനെ തിരയുന്നതിനിടയിൽ അവൾ ഒരു കൊട്ട (ഗാപ) കയ്യില്‍ കരുതിയിരുന്നു. ഖോഡിയ ദേവിന്‍റെ പ്രതിമയ്ക്ക് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയതിനാൽ ജിത്കു ഖോഡിയ രാജ എന്ന പേരിലും അറിയപ്പെടാന്‍ തുടങ്ങി.
തലമുറകളായി, ബസ്‌തറുകാര്‍ പ്രണയത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ജിത്കുവിന്‍റെ യും മിത്കിയുടെയും പേര് ഇവിടെ കടന്നുവരും. അനാചാരത്തിന് ഇരകളായവരെങ്കിലും ദൈവതുല്യരായിട്ടാണ് ഈ ഗ്രാമം ആ ദമ്പതികളെ കാണുന്നത്. ഇന്ന് ജിത്കുവിന്റെയും മിത്കിയുടെയും പേരില്‍ നാട്ടുകാർ മേളകളും മാർക്കറ്റുകളുമെല്ലാം സംഘടിപ്പിക്കുന്നുണ്ട്. സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പ്രതീകമായി കണ്ട് ജിത്കുവിന്‍റെയും മിത്കിയുടെയും വിഗ്രഹങ്ങളും പ്രാദേശിക കരകൗശല വിദഗ്‌ദ്ധർ ബെൽ മെറ്റലിൽ നിർമ്മിക്കുന്നുണ്ട്.
ഗ്രാമത്തിലെ വിവാഹിതരും അവിവാഹിതരുമായ ദമ്പതികൾ ജിത്കു - മിത്കിയുടെ അനുഗ്രഹം തേടുകയും സ്നേഹത്തിനും സഹവർത്തിത്വത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും. ജിത്കു - മിത്കി പ്രണയകഥ ആസ്‌പദമാക്കി ഒരു ഛത്തീസ്‌ഗഢില്‍ സിനിമയും ഒരുങ്ങിയിട്ടുണ്ട്.
Also Read:പ്രണയം നടിച്ച് പുതിയ 'റൊമാൻസ് തട്ടിപ്പ്': സിംഗിൾസേ.. വാലന്‍റൈൻസ് ഡേ കെണിയിൽ വീഴാതെ സൂക്ഷിച്ചോ - ROMANCE SCAM