ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സുരക്ഷ മുന്‍കരുതലുകളും വിലയിരുത്തി കശ്‌മീര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ വികെ ബിര്‍ദി. അനന്തനാഗിലെ പൊലീസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ഡിഐജി എസ്‌കെആര്‍ അനന്തനാഗ് ജാവിദ് ഇഖ്ബാല്‍ മാട്ടൂ, കമാന്‍ഡര്‍ ഫസ്റ്റ് സെക്‌ടര്‍, ഡിഐജി സിആര്‍പിഎഫ് അവന്തിപുര/അനന്തനാഗ്, ഡിഐജി ബിഎസ്‌എഫ്, ഡിഐജി ഐടിബിപി, ദക്ഷിണ കശ്‌മീര്‍ മേഖലയിലെ എല്ലാ എസ്എസ്‌പിമാരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ ദക്ഷിണ കശ്‌മീരില്‍ സ്വീകരിച്ചിട്ടുള്ള സുരക്ഷ ക്രമീകരണങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. സുരക്ഷ മുന്‍കരുതലുകളെക്കുറിച്ച് ഡിഐജി എസ്‌കെ ആര്‍ അനന്തനാഗ് കൃത്യമായ രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു. ദക്ഷിണ കശ്‌മീരിലെ സിഎപിഎഫ് കേന്ദ്രങ്ങള്‍, പോളിങ് ബൂത്തുകള്‍, സ്ട്രോങ് റൂമുകള്‍ തുടങ്ങിയവയുടെ സുരക്ഷ ക്രമീകരണങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. പോളിങ് ബൂത്തുകള്‍ക്കും സ്ട്രോങ് റൂമുകള്‍ക്കുമാണ് കൂടുതല്‍ സുരക്ഷ നല്‍കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ എല്ലാ സുരക്ഷ ഏജന്‍സികളും തമ്മില്‍ കൃത്യമായ ഏകോപനമുണ്ടായിരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ദേശ വിരുദ്ധ ശക്തികളില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ശക്തമായ നിരീക്ഷണം നടത്തണം. ദേശീയപാതകളിലും സുരക്ഷ ഉറപ്പ് വരുത്തണം. സുരക്ഷ ഏജന്‍സികളുടെ വിവിധ ക്യാമ്പുകള്‍ കശ്‌മീര്‍ ഐജിപി സന്ദര്‍ശിച്ച് വിലയിരുത്തലുകള്‍ നടത്തി. ഉദ്യോഗസ്ഥര്‍ക്കും ജവാന്‍മാര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം പതിനെട്ട് മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മുകശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും