കേരളം

kerala

ETV Bharat / bharat

തുടക്കം പോലെ മടക്കവും നാടകീയം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവച്ചു - Arun Goel

2027 വരെ കാലാവധിയിരിക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവച്ചു. മൂന്നുപേരുടെ കമ്മീഷനിൽ രണ്ട് പേര്‍ മാത്രമുണ്ടായിരിക്കെയാണ് രാജി

തെരഞ്ഞെടുപ്പ് കമ്മീഷണർ  അരുണ്‍ ഗോയല്‍  Arun Goel  Loksabha Election 2024
Election Commissioner Arun Goel Resigns

By ETV Bharat Kerala Team

Published : Mar 9, 2024, 9:43 PM IST

Updated : Mar 10, 2024, 6:10 AM IST

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവച്ചു. 2027 വരെ കാലാവധിയുള്ളപ്പോഴാണ് തിടുക്കപ്പെട്ടുള്ള രാജി. മൂന്ന് അംഗ തെര‍ഞ്ഞെടുപ്പ് കമ്മീഷനിലെ ഒരാളാണ് അരുൺ (Election Commissioner Arun Goel Resigns).

തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു. ഈ ഒഴിവ് നികത്തിയിരുന്നില്ല. മൂന്നുപേരുടെ കമ്മീഷനിൽ രണ്ട് പേര്‍ മാത്രമുണ്ടായിരിക്കെയാണ് അരുണ്‍ ഗോയലിന്‍റെ രാജി.

വിരമിച്ചതിന് തൊട്ടു പിന്നാലെ നിയമനം:2022 നവംബര്‍ 21നാണ് അരുണ്‍ ഗോയല്‍ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി ഭരണഘടന ബെഞ്ച് പരിഗണിക്കുന്നതിനിടെ ആയിരുന്നു അരുണ്‍ ഗോയലിന്‍റെ നിയമനം. ഘനവ്യവസായ മന്ത്രാലയത്തില്‍ സെക്രട്ടറിയായിരുന്ന ഗോയലിനെ സ്വമേധയാ വിരമിക്കാന്‍ അവസരം നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയായിരുന്നു എന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചതിന് തൊട്ടടുത്ത ദിവസമാണ് അരുണ്‍ ഗോയല്‍ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായത്.

നിയമനം ചോദ്യം ചെയ്‌ത് സുപ്രീംകോടതി:അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി (ഇസി) നിയമിച്ച നടപടിക്രമത്തെ മുമ്പ് സുപ്രീം കോടതി ചോദ്യം ചെയ്‌തിരുന്നു. ഇതിന്‍റെ ഭാഗമായി അരുണ്‍ ഗോയലിന്‍റെ നിയമന ഫയലുകള്‍ സുപ്രീം കോടതി പരിശോധിക്കുകയുമുണ്ടായി. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും നിയമിക്കുന്നതിന് കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തോട് ഭരണഘടന ബെഞ്ച് ആവശ്യപ്പെട്ടത്.

Also Read: തെരഞ്ഞെടുപ്പ് കമ്മിഷണറായി അരുണ്‍ ഗോയലിനെ നിയമിച്ചത് തിടുക്കപ്പെട്ട്; നിയമന ഫയലുകള്‍ പരിശോധിച്ച് സുപ്രീം കോടതി

അരുണ്‍ ഗോയലിന്‍റെ നിയമനത്തില്‍ അദ്ദേഹത്തിന്‍റെ യോഗ്യതയല്ല, മറിച്ച് നിയമനത്തിന്‍റെ പ്രക്രിയയാണ് സംശയമുണ്ടാക്കുന്നതെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് മുമ്പ് അറിയിച്ചിരുന്നു. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒറ്റ ദിവസം കൊണ്ട് സർവീസിൽ നിന്ന് സ്വമേധയാ വിരമിക്കുകയും, ഫയൽ നിയമമന്ത്രാലയം ഒറ്റ ദിവസം കൊണ്ട് പരിശോധിക്കുകയും, നാല് പേരടങ്ങുന്ന പാനല്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുകയും 24 മണിക്കൂറിനുള്ളില്‍ അരുണ്‍ ഗോയലിന്‍റെ പേര് രാഷ്‌ട്രപതി അംഗീകരിക്കുകയും ചെയ്‌തതായും കോടതി പറഞ്ഞിരുന്നു.

Last Updated : Mar 10, 2024, 6:10 AM IST

ABOUT THE AUTHOR

...view details