സാംക്രമികേതര രോഗങ്ങള്‍ കാരണമാണ് ലോകത്തെ മരണങ്ങളില്‍ 74 ശതമാനവും സംഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഓരോ വര്‍ഷവും 41 ദശലക്ഷം പേരാണ് ഇത്തരം രോഗങ്ങള്‍ കാരണം മരിക്കുന്നത്. സാംക്രമികേതര രോഗങ്ങള്‍ കാരണമുള്ള മരണം രാജ്യത്ത് വന്‍ തോതില്‍ കൂടി വരുന്നുവെന്നാണ് ഐസിഎംആര്‍ നടത്തിയ ഒരു പഠനം പറയുന്നത്.
1990 ല്‍ 37.9 ശതമാനം മരണങ്ങളാണ് സാംക്രമികേതര രോഗങ്ങള്‍ കാരണം ഉണ്ടായതെങ്കില്‍ 2016 ല്‍ അത് 61.8 ശതമാനമായി ഉയര്‍ന്നു. ഹൃദയ സംബന്ധമായ രോഗങ്ങള്‍, ക്യാന്‍സര്‍, ശ്വാസകോശ സംബന്ധ രോഗങ്ങള്‍, പ്രമേഹം എന്നിവ കാരണമാണ് കൂടുതല്‍ പേര്‍ക്കും മരണം സംഭവിച്ചത്. ജീവിത ശൈലിയുമായി ബന്ധപ്പെട്ടാണ് ഈ നാലു രോഗങ്ങളും അപകടകാരികളാവുന്നത്.
അനാരോഗ്യകരമായ ഭക്ഷണ രീതി, വ്യായാമത്തിന്‍റെ കുറവ്, പുകയിലയുടേയും മദ്യത്തിന്‍റേയും ഉപയോഗം തുടങ്ങിയവയാണ് ഈ രോഗങ്ങളിലേക്ക് നയിക്കുന്നത്. സാംക്രമികേതര രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിന് ജനസംഖ്യാടിസ്ഥാനത്തിലുള്ള സ്ക്രീനിങിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു.
2018 മുതല്‍ 30 വയസിനു മുകളിലുള്ള പൗരന്മാരെ നാഷണല്‍ എന്‍സിഡി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌ത് സ്ക്രീനിങ് നടത്തി വരികയാണ്. നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസസിനു കീഴില്‍ ആഭാ ഐഡികളുമായി ബന്ധപ്പെടുത്തി രോഗ വിവരങ്ങള്‍ ഒറ്റ രജിസ്റ്ററില്‍ കൈകാര്യം ചെയ്‌തു പോരുന്നു. ഇതേവരെ 30 വയസിനു മുകളിൽ പ്രായമുള്ള 42.2 കോടിപ്പേര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു.
ഇവരില്‍ 39.80 കോടി പേര്‍ക്കും പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, സാധാരണ കാന്‍സര്‍ പരിശോധനകള്‍ നടത്തി ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്തിക്കഴിഞ്ഞു. അധിക കാലറിയുള്ള ഭക്ഷണം ഒഴിവാക്കിയാല്‍ത്തന്നെ പ്രൈമറി സെക്കന്‍ററി സ്റ്റേജുകളിലുള്ള ഹൃദ്രോഗങ്ങള്‍ തടയാനാവും.
അമിത രുചിയും വിപണന തന്ത്രങ്ങളും
അള്‍ട്രാ പ്രോസസ്‌ഡ് ഭക്ഷണ ഇനങ്ങളുടെ വില്‍പന 2011 നും 2021 നും ഇടയില്‍ രാജ്യത്ത് 13.7 ശതമാനം വര്‍ധിച്ചതായി ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ ജനതയുടെ ഭക്ഷണ ചെലവില്‍ 9.6 ശതമാനവും നഗര ജനതയുടെ ഭക്ഷണ ചെലവില്‍ 10.64 ശതമാനവും പ്രസോസസ്‌ഡ് ഫുഡിനും ബിവറേജസുകള്‍ക്കും വേണ്ടിയാണ് വിനിയോഗിക്കുന്നതെന്ന് മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു. പൊണ്ണത്തടി, ഹൃദ്രോഗം, മാനസിക പ്രശ്‌നങ്ങള്‍ എന്നിവക്കൊക്കെ ഇത് വഴിവക്കും.
ഭക്ഷ്യവസ്‌തുക്കളുടെ അമിത രുചിയും, ഉപഭോക്തൃ പെരുമാറ്റത്തെ ലക്ഷ്യം വച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും സെലിബ്രിറ്റികളുടെ അംഗീകാരങ്ങളും ഉൾപ്പെടുന്നതാണ് അള്‍ട്രാ പ്രോസസ്‌ഡ് ഭക്ഷണ ഇനങ്ങളുടെ വിപണന തന്ത്രം. പലപ്പോഴും അനാരോഗ്യകരമായ പാക്ക്‌ഡ് ഭക്ഷണ സാധനങ്ങൾ ആരോഗ്യകരമായ ഉത്‌പന്നങ്ങളായി പരസ്യപ്പെടുത്തിയാണ് വിപണനം ചെയ്യുന്നത്. ടെട്രാ പായ്ക്ക് ജ്യൂസുകൾ, ചോക്ലേറ്റ് മാൾട്ട് പാനീയങ്ങൾ എന്നിവയെ പലപ്പോഴും ആരോഗ്യകരവും പോഷകപ്രദവുമായി ചിത്രീകരിക്കാറുണ്ട്.
ഇവയെല്ലാം കർശന പരിശോധനക്ക് കീഴിൽ വരണമെന്നാണ് സാമ്പത്തിക സർവേയിലെ നിർദേശം. ഉപ്പിന്‍റെയും പഞ്ചസാരയുടെയും അനുവദനീയമായ അളവുകൾക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും യുപിഎഫ് ബ്രാൻഡുകൾ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും വേണമെന്നും സർവേ പറയുന്നു.
ബ്രസീൽ, കാനഡ, ചിലി, ഫ്രാൻസ്, മെക്‌സികോ, ഇസ്രയേൽ, പെറു, യുകെ, ഉറുഗ്വേ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ 2016-ൽ പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (PAHO) നിർദേശിച്ച പ്രകാരം ലേബൽ ചെയ്യുന്നതിനും മാർക്കറ്റിങ് നിയന്ത്രിക്കുന്നതിനുമായി ന്യൂട്രിയന്‍റ് പ്രൊഫൈൽ മോഡൽ നടപ്പിലാക്കി വരുന്നുണ്ട്. മെക്‌സികോ കാർബണേറ്റഡ് പാനീയങ്ങൾക്ക് സർചാർജും ജങ്ക് ഫുഡിന് നികുതിയും ഏർപ്പെടുത്തി.