ന്യൂഡല്‍ഹി:സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ചീഫ് സെക്രട്ടറിമാര്‍ക്കും പൊലീസ് മേധാവികള്‍ക്കും കേന്ദ്ര സുരക്ഷ ഏജന്‍സികളുടെ തലവന്‍മാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ഗീയ ലഹളകള്‍ക്കുള്ള സാധ്യത മുന്നില്‍ കണ്ട് അവ തടയാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മണിപ്പൂരിലെ സംഘര്‍ഷങ്ങളും അവിടെ സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളും വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് പലായനം ചെയ്‌തവരുടെ പങ്കാളിത്തവും തെരഞ്ഞെടുപ്പില്‍ ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യാതൊരു കളങ്കവുമില്ലാത്ത തെരഞ്ഞെടുപ്പ് നടത്തുകയാണ് ദൗത്യമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചൂണ്ടിക്കാട്ടി. എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും നടക്കുന്ന നിര്‍ണായക യോഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അയല്‍സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഉദ്യോഗസ്ഥരുടെ പരസ്‌പര സഹകരണത്തോടെ വേണം തെരഞ്ഞെടുപ്പ് പ്രക്രിയ കൊണ്ടുപോകാനെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സേനകളുടെ കൃത്യമായ വിന്യാസം വേണമെന്നും, സുരക്ഷ സേനയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്‌ത് കൊടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.