ന്യൂഡൽഹി : വ്യക്തിപരമായ അപകീർത്തി പരാമർശങ്ങൾ നടത്തിയ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റിനും ബിജെപി നേതാവ് ദിലീപ് ഘോഷിനും തെരഞ്ഞെടുപ്പ് കമ്മിഷൻ താക്കീത് നൽകി. മാതൃക പെരുമാറ്റച്ചട്ട കാലയളവിൽ പൊതു പരിപാടികൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും അപകീർത്തികരമായ പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇരുവർക്കും മുന്നറിയിപ്പ് നൽകിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്.
സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ഇരുവർക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് നോട്ടിസ് നൽകിയിരുന്നു. ഇരു നേതാക്കളുടെയും മറുപടി തെരഞ്ഞെടുപ്പ് സമിതിക്ക് ലഭിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ താക്കീത് നൽകിയത്. രണ്ട് നേതാക്കളും നടത്തിയത് വ്യക്തിപരമായ പരാമർശങ്ങളാണെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. പൊതു പരിപാടികൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും, ഇരുവരുടെയും തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ നിരീക്ഷിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ബോളിവുഡ് നടിയും ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണാവത്തിനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെയാണ് ഇരുവരും വിവാദ പരാമർശങ്ങൾ നടത്തിയത്.
വിവാദ പരാമർശം ഇങ്ങനെ : ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കങ്കണ റണാവത്തിനെ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് ബിജെപി തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് സുപ്രിയയുടെ വിവാദ പോസ്‌റ്റ് ഉയർന്നുവന്നത്. വളരെ ഓപ്പണായുള്ള വസ്‌ത്രം ധരിച്ച കങ്കണയുടെ ചിത്രത്തിനൊപ്പം അപകീർത്തിപ്പെടുത്തുന്ന അടിക്കുറിപ്പോടെയായിരുന്നു സുപ്രിയയുടെ പോസ്റ്റ്. എന്നാൽ സംഭവം വലിയ കോളിളക്കങ്ങൾ സൃഷ്‌ടിച്ചതോടെ തന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്രൊഫൈലുകളുടെ ആക്‌സസ് ഉള്ള വ്യക്തിയാണ് ഇതിനു പിന്നിലെന്ന് പറഞ്ഞ് സുപ്രിയ രംഗത്തെത്തിയിരുന്നു.