കോഴിക്കോട് : വേനൽക്കാലമായതോടെ തണ്ണിമത്തന് ആവശ്യക്കാരേറുകയാണ്. വേനൽച്ചൂടിൽ ആശ്വാസമാകുകയാണ് എളമരത്തെ കോടി പാടം. തേനൂറും മധുരമുള്ള തണ്ണിമത്തന്‍റെ നിറവിലാണ് പാടം. വാഴക്കാട്ടെ കർഷകരായ സലിം മപ്രവും ഗോപിനാഥ് തെങ്ങിലക്കടവും ഒ സി അലിയും ചേർന്നാണ് കൊതിയൂറുന്ന തണ്ണിമത്തനുകൾ സമൃദ്ധമായി വിളയിച്ചത്.
പുറമെ കടുംപച്ച നിറത്തിലുള്ള കിരണും വെള്ള വരകളോട് കൂടി ഇളംപച്ച നിറത്തിലുള്ള കൃഷ്‌ണയുമാണ് കോടി പാടത്തെ തണ്ണിമത്തൻ താരങ്ങൾ. കടും ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള തണ്ണിമത്തനുകളാണ് അവർ പാടത്ത് കൃഷി ചെയ്‌തെടുത്തത്.
വേനൽക്കാലത്ത് അധികം ആളുകളും വാങ്ങുന്ന ഒന്നാണ് തണ്ണിമത്തൻ. മധുരമുള്ളതും ജലസമൃദ്ധവുമായതിനാൽ തന്നെ ചൂടുകാലത്താണ് ഇതിന് ആവശ്യക്കാരേറുന്നത്. വാഴക്കാട് കൃഷിഭവന്‍റെ മാർഗനിർദേശത്തിൽ കൃത്യതയുള്ള കൃഷി രീതിയാണ് അവർ പിന്തുടർന്നതെന്ന് കർഷകർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് തണ്ണിമത്തൻ കൃഷി. വെള്ളമോ വളമോ ഏതെങ്കിലുമൊന്ന് കൂടിയാൽ കൃഷി നശിച്ചുപോകും. അതുകൊണ്ടുതന്നെ ഊഴം വച്ചാണ് തണ്ണിമത്തൻ കൃഷിയെ പരിപാലിച്ചത്. പാടത്ത് തണ്ണിമത്തൻ സമൃദ്ധമായതോടെ നിരവധിയാളുകളാണ് അത് വാങ്ങുന്നതിനായി എത്തുന്നത്. മാത്രമല്ല നമ്മുടെ പാടത്തും തണ്ണിമത്തൻ നിറസമൃദ്ധമായി വിളയുമെന്ന് തെളിയിക്കുക കൂടിയാണ് വാഴക്കാട്ടെ ഈ മൂന്ന് കർഷകർ.
Also Read: കേരളത്തിലെ കാലാവസ്ഥ ഇപ്പോള്‍ അനുയോജ്യം... വീട്ടില്‍ തന്നെ തണ്ണിമത്തൻ കൃഷി ചെയ്യാം, വഴികള്‍ ഇതാ...