കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പിസി ജോർജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിൽ 11 മണിക്കാണ് ഹാജരായത്. ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങിയത്. ഈരാറ്റുപേട്ടയിൽ പൊലീസ് കാവലുണ്ടായിരുന്നെങ്കിലും അവരുടെ കണ്ണു വെട്ടിച്ചാണ് പിസി കോടതിയിൽ ഹാജരായത്.
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുമെന്നായിരുന്നു ആദ്യ വിവരം. കോടതിയിൽ ഹാജരായ പിസി ജോര്‍ജിനെ പൊലീസിനു കൈമാറും. പിസി ജോര്‍ജിന്‍റെ മുൻകൂര്‍ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ ഒളിവില്‍ പോയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് നാടകീയമായി പിസി കോടതിയില്‍ ഹാജരായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിരന്തരം ജാമ്യവ്യവസ്ഥ ലംഘിക്കുന്നതിനാല്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നേരത്തെയും പിസി ജോര്‍ജ് ഇത്തരത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ജനുവരിയില്‍ നടന്ന ചാനല്‍ ചർച്ചയിലായിരുന്നു പിസി ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയത്. തുടർന്ന് പിസി ജോർജിനെതിരെ മതസ്‌പർദ്ധ വളർത്തല്‍, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഈരാറ്റുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ തൻ്റെ പരാമർശം അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഉടൻതന്നെ മാപ്പ് പറഞ്ഞിരുന്നു എന്നുമാണ് പിസി ജോർജ് കോടതിയെ അറിയിച്ചത്.
പിസി ജോര്‍ജിന്‍റെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. മതവിദ്വേഷം ഗുരുതര കുറ്റകൃത്യമാണെന്നാണ് കോടതി വ്യക്തമാക്കിയത്.