ന്യൂഡൽഹി :മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളില്‍ ചരിത്ര സന്ദര്‍ശനത്തിനൊരുങ്ങി രാഷ്‌ട്രപതി ദ്രൗപതി മുർമു. ഒക്ടോബർ 13 മുതൽ 19 വരെ തീയതികളിലായി അൾജീരിയ, മൗറിറ്റാനിയ, മലാവി എന്നീ രാജ്യങ്ങളില്‍ പ്രസിഡന്‍റ് സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് ഈ മൂന്ന് രാജ്യങ്ങളിലും ഒരു ഇന്ത്യന്‍ രാഷ്‌ട്ര തലവൻ സന്ദര്‍ശനം നടത്തുന്നത്.
ഇന്ത്യ അധ്യക്ഷത വഹിക്കവെ G20യിൽ ആഫ്രിക്കൻ യൂണിയനെ സ്ഥിരാംഗമാക്കിയ പശ്ചാത്തലത്തിലാണ് ഈ സന്ദര്‍ശനത്തിന്‍റെ പ്രസക്തി കൂടുന്നത്. ആഫ്രിക്കയുമായുള്ള പങ്കാളിത്തം നമ്മുടെ സ്വന്തം വളർച്ചയ്ക്കും ആഗോള ദക്ഷിണേന്ത്യയുടെ വളർച്ചയ്ക്കും വളരെ പ്രധാനപ്പെട്ടതും നിർണായകവുമാണെന്ന് എംഇഎ സെക്രട്ടറി ദമ്മു രവി പറഞ്ഞു. മൂന്ന് രാജ്യങ്ങളുമായി നിര്‍ണായക ധാരണപത്രങ്ങളിലും മുര്‍മു ഒപ്പുവയ്‌ക്കും.
ഒക്‌ടോബർ 13ന് അൾജീരിയൻ പ്രസിഡന്‍റ് അബ്‌ദുൽ മദ്‌ജിദ് ടെബൗണുമായി മുര്‍മു കൂടിക്കാഴ്‌ച നടത്തും. അബ്‌ദുൽ മദ്‌ജിദ് ടെബൗൺ രണ്ടാം തവണയും പ്രസിഡന്‍റായി അധികാരമേറ്റിട്ട് ഒരു മാസം തികയുന്നതിന് മുന്‍പാണ് മുര്‍മുവുമായി കൂടിക്കാഴ്‌ച നടത്തുന്നത് എന്ന പ്രത്യേകതയും ഈ സംഗമത്തിനുണ്ട്. 39 വർഷത്തിനു ശേഷം അള്‍ജീരിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ രാഷ്‌ട്രപതി കൂടിയാണ് മുര്‍മു.
ഒക്ടോബർ 13ന് തന്നെ ഇന്ത്യൻ കമ്മ്യൂണിറ്റി റിസപ്ഷനിലും പ്രസിഡന്‍റ് മുര്‍മു പങ്കെടുക്കും. ഒക്‌ടോബർ 14ന് അൾജീരിയൻ സ്വാതന്ത്ര്യ സമരത്തിൽ കൊല്ലപ്പെട്ടവരുടെ ബഹുമാനാർഥം നിർമിച്ച മഖാം എച്ചാഹിദ് സ്‌മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കും. പിന്നീട് പ്രസിഡൻ്റ് ടെബൗണുമായി മുര്‍മു സ്വകാര്യ സംഭാഷണം നടത്തും. കൂടാതെ പ്രതിനിധി തല ചർച്ചകള്‍ നടത്തുകയും വിരുന്നില്‍ പങ്കെടുക്കുകയും ചെയ്യും.
ഇന്ത്യ-അൾജീരിയ ഇക്കണോമിക് ഫോറത്തെയും സിദി അബ്‌ദല്ല സയൻസ് ആൻഡ് ടെക്‌നോളജി പോൾ യൂണിവേഴ്‌സിറ്റിയേയും രാഷ്ട്രപതി അഭിസംബോധന ചെയ്‌ത് സംസാരിക്കും. ജാർഡിൻ ഡി എസായിയിലെ ഹമ്മ ഗാർഡനിലെ ഇന്ത്യ കോർണറിൻ്റെ ഉദ്ഘാടനവും മുര്‍മു നിർവഹിക്കും. ഇന്ത്യയിൽ നിന്നുളള ഒരു തൈ നട്ടു കൊണ്ട് ഹമ്മ ബൊട്ടാണിക്കൽ ഗാർഡനിൽ ഒരു ഇന്ത്യ കേന്ദ്രവും പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്യും. സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.