ശ്രീനഗർ: ജമ്മു കശ്‌മീരില്‍ നാഷണൽ കോൺഫറൻസും (എൻസി) കോൺഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമായതായി സൂചന. കഴിഞ്ഞയാഴ്‌ച ജമ്മു കശ്‌മീർ നിയമസഭ പാസാക്കിയ ആർട്ടിക്കിൾ 370 സംബന്ധിച്ച പ്രമേയമാണ് ഭിന്നതയ്ക്ക് കാരണമായത്.
കശ്‌മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പ്രമേയം ഒമർ അബ്‌ദുള്ളയുടെ നേതൃത്വത്തിലുള്ള സർക്കാർ, സഭയുടെ ആദ്യ സെഷനിൽ അവതരിപ്പിച്ചിരുന്നു. കോൺഗ്രസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), സജാദ് ലോൺ നിയമസഭാംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു.
എന്നാല്‍ മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രമേയത്തെ കോൺഗ്രസ് പിന്തുണച്ചത് ബിജെപി ചൂണ്ടിക്കാട്ടിയതോടെ കോണ്‍ഗ്രസ് ഇത് നിഷേധിക്കുകയായിരുന്നു. ഏഴ് നിയമസഭാംഗങ്ങളുണ്ടായിട്ടും കോൺഗ്രസ് കശ്‌മീര്‍ സർക്കാരിന്‍റെ ഭാഗമല്ല. എങ്കിലും ബാഹ്യ പിന്തുണ തുടരുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കശ്‌മീർ നയത്തിൽ കോൺഗ്രസിന് തീരുമാനമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എൻസി നേതാവ് ഇടിവി ഭാരതിനോട് പറഞ്ഞു. ഈ ആശയക്കുഴപ്പം ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിൽ അവരെ എക്കാലത്തെയും മോശം പ്രകടനത്തിലേക്ക് നയിച്ചതായും എന്‍സി നേതാവ് പറഞ്ഞു. അതേസമയം ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അജണ്ടയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്‌മീർ വിഷയത്തിലുള്ള ഈ നേട്ടം അവർ രാജ്യത്തിന്‍റെ മറ്റിടങ്ങളിലെ തെരഞ്ഞെടുപ്പിൽ കൊയ്യുകയാണെന്നും എന്‍സി നേതാവ് കൂട്ടിച്ചേർത്തു.