കേരളം

kerala

ETV Bharat / bharat

'മനോജ് ജരാങ്കെയുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം'; വച്ചുപൊറുപ്പിക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് - മറാത്ത സംവരണ പ്രക്ഷോഭം

താൻ വധിക്കാൻ ശ്രമിച്ചെന്ന മറാത്ത പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്. ജരാങ്കെയുടെ ഭാഷ അനുചിതമാണെന്നും, ഈ ഭാഷ വച്ചുപൊറുപ്പിക്കില്ലെന്നും ഫഡ്‌നാവിസ്.

Devendra Fadnavis  Manoj Jarange Patil  Maratha Reservation  മറാഠ സംവരണ പ്രക്ഷോഭം  ദേവേന്ദ്ര ഫഡ്‌നാവിസ്
Devendra Fadnavis Slams Manoj Jarange

By ETV Bharat Kerala Team

Published : Feb 27, 2024, 5:32 PM IST

മുംബൈ : തനിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച മറാത്ത സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീലിനെതിരെ നിലപാട് കടുപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഫഡ്‌നാവിസ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന ആരോപണമാണ് മനോജ് ഉയർത്തിയത്. എന്നാൽ മനോജ് ജരാങ്കെയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് ആരുടെ നിർദ്ദേശപ്രകാരമാണെന്ന് സർക്കാർ അന്വേഷിക്കുമെന്നും ഫഡ്‌നാവിസ് നിയമസഭയിൽ പറഞ്ഞു (Devendra Fadnavis Slams Manoj Jarange).

മനോജ് ജരാങ്കെയുടെ ഭാഷ അനുചിതമാണ്. ഈ ഭാഷ വെച്ചുപൊറുപ്പിക്കില്ലെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി. "ആരാണ് മറാത്ത പ്രക്ഷോഭം തുടങ്ങിയത്? ആരാണ് മനോജ് ജരാങ്കെയോട് വീണ്ടും പ്രതിഷേധമാരംഭിക്കാൻ പറഞ്ഞത്? ഇതേപ്പറ്റിയെല്ലാമുള്ള വിവരങ്ങൾ ഞങ്ങൾ തരാം"- ഫഡ്‌നാവിസ് നിയമസഭയിൽ പറഞ്ഞു.

"ആരാണ് ഇയാളോട് ഈ വിഷയം ഉന്നയിക്കാൻ ആവശ്യപ്പെട്ടത്? വലിയ ഗൂഢാലോചനയാണ് ഇപ്പോൾ വ്യക്തമാകുന്നത്. മനോജ് ജരാങ്കെ പാട്ടീൽ സമരം അവസാനിപ്പിച്ച് വീട്ടിലേക്ക് പോയതിന് ശേഷം ആരാണ് അദ്ദേഹത്തെ വീണ്ടും കൊണ്ടുവന്ന് കല്ലെറിയിക്കാൻ തീരുമാനിച്ചത്? അനുയായികളോട് കല്ലെറിയാൻ ആവശ്യപ്പെട്ടവരെക്കുറിച്ച് വിശദമായി അന്വേഷിക്കും. മഹാരാഷ്ട്ര പൊലീസിൻ്റെ ലാത്തി ചാർജിനെത്തുടർന്നാണ് പ്രതിഷേധം ആരംഭിച്ചതെന്ന് പലപ്പോഴും പറയാറുണ്ട്. എന്നാൽ എന്തിനാണ് പൊലീസ് ലാത്തി ചാർജ് ചെയ്‌തത്‌? അവർക്ക് അത് ചെയ്യേണ്ടി വന്നു, ഇതും കാണേണ്ടതുണ്ട്."ഫഡ്‌നാവിസ് പറഞ്ഞു.

മനോജ് ജരാങ്കെയ്‌ക്കെതിരെ അന്വേഷണം നടത്തി കേസെടുക്കണമെന്ന് ബിജെപി എംഎൽഎ ആശിഷ് ഷെലാർ സഭയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാറും ഇക്കാര്യത്തിൽ കടുത്ത നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് മനോജ് ജരാങ്കെ പാട്ടീലിനെതിരെ എസ്ഐടി അന്വേഷണം നടത്താനും ഫഡ്‌നാവിസ് ഉത്തരവിട്ടിരുന്നു.

ഫഡ്‌നാവിസ് വധിക്കാൻ ശ്രമിച്ചെന്ന് ജരാങ്കെ:ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന ഗുരുതര ആരോപണമാണ് കഴിഞ്ഞ ദിവസം മനോജ് ജരാങ്കെ പാട്ടീൽ ഉന്നയിച്ചത്. 10 ശതമാനം സംവരണം പ്രഖ്യാപിച്ച് മറാത്ത സംവരണ പ്രക്ഷോഭം തണുപ്പിക്കാൻ സർക്കാർ ശ്രമിക്കവേയാണ് ആഭ്യന്തര മന്ത്രി കൂടിയായ ഫഡ്‌നാവിസിനെതിരെ പാട്ടീൽ അസാധാരണ ആരോപണം ഉന്നയിച്ചത്.

പത്ത് ശതമാനം സംവരണമെന്ന ബില്ല് നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രക്ഷോഭകരുടെ വാദം. അതുകൊണ്ട് മറാത്തക്കാരെ ഒബിസി ക്വാട്ടയിൽ ഉൾപ്പെടുത്തിയുള്ള സംവരണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇവർ വ്യക്‌തമാക്കുന്നു.

സംസ്ഥാനത്തുടനീളം മറാത്ത പ്രക്ഷോഭകർ പ്രതിഷേധിക്കുന്നുണ്ട്. മനോജ് ജരാങ്കെ പാട്ടീൽ നിരാഹാരം നടത്തുന്ന ജൽനയിൽ പ്രതിഷേധക്കാർ ട്രാൻസ്പോർട്ട് ബസ് കത്തിച്ചിരുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ സർക്കാരുമായുള്ള പോര് കടുത്തിരിക്കുകയാണ്.

Also Read: മറാത്ത സംവരണ പ്രതിഷേധം അക്രമാസക്തം, ബസ്‌ കത്തിച്ചു; ഒബിസിയില്‍ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം

എന്നാൽ പതിവ് അനുനയപാത വിട്ട് സമരത്തെ കര്‍ശനമായി നേരിടുമെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നൽകുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രക്ഷോഭം വഷളായാൽ അത് സർക്കാരിന് കടുത്ത ക്ഷീണമാകുമെന്നാണ് വിലയിരുത്തല്‍.

ABOUT THE AUTHOR

...view details