ന്യൂഡല്‍ഹി: ദേശീയതലസ്ഥാനത്ത് വായുഗുണനിലവാരം അതീവ ഗുരുതരാവസ്ഥയില്‍. വളരെ മോശം ഗുരുതരാവസ്ഥയായ 352ലേക്ക് വായുഗുണനിലവാര സൂചിക(എക്യുഐ) താഴ്‌ന്നതായി സിസ്‌റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്‌റ്റിങ് ആന്‍ഡ് റിസര്‍ച്ച്(സഫര്‍) വ്യക്തമാക്കി. ശനിയാഴ്‌ച രേഖപ്പെടുത്തിയ ശരാശരി എക്യുഐ വിഭാഗമായ മോശത്തിലും വളരെ താഴെയാണ്.
ആനന്ദ് വിഹാറില്‍ വായു ഗുണനിലവാര സൂചിക 400 കടന്നു. രാവിലെ ഏഴ് മണിക്ക് ഇത് 405 ആണ്. തീവ്ര വിഭാഗത്തിലാണ് ഇത് വരുന്നത്. ശനിയാഴ്‌ച ഇവിടെ 367 ആണ് രേഖപ്പെടുത്തിയിരുന്നത്. അക്ഷര്‍ധാം ക്ഷേത്രത്തില്‍ 261ആണ് വായുഗുണനിലവാര സൂചിക. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 324 രേഖപ്പെടുത്തി. ഇരുസ്ഥലങ്ങളും വളരെ മോശം വിഭാഗത്തിലാണ് സൂചികയുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നഗരത്തിലെ ചിലയിടങ്ങളില്‍ കനത്ത പുകമഞ്ഞ് മൂടിയിട്ടുണ്ട്. മലിനീകരണം കൂടിയതോടെ ജനങ്ങള്‍ക്ക് കനത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി മലിനീകരണം തടയാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ഡല്‍ഹി നിവാസികൾ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടെന്ന് നഗരവാസികൾ പറയുന്നു. മലിനീകരണം മൂലം പെട്ടെന്ന് തങ്ങള്‍ ക്ഷീണിക്കുന്നു. മാസ്‌കും മറ്റും ധരിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ല. മലിനീകരണം വലിയ തോതിലായത് തന്നെയാണ് ഇതിന് കാരണമെന്നും ഡല്‍ഹി നിവാസികൾ ചൂണ്ടിക്കാട്ടുന്നു. ദീപാവലി അടുത്തതോടെ മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ജനുവരി ഒന്നുവരെ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം യമുനയിലെ കാളിന്ദി കുഞ്ജ് മേഖലയില്‍ വിഷപ്പത പ്രതിഭാസം തുടരുകയാണ്. നദിയിലെ മലിനീകരണം ബിജെപിയും ആം ആദ്‌മി പാര്‍ട്ടിയും തമ്മിലുള്ള ചൂടന്‍ രാഷ്‌ട്രീയ വാഗ്വാദങ്ങള്‍ക്ക് വഴി മരുന്നിട്ടിരുന്നു. നഗരത്തിലെ മലിനീകരണം തടയുന്നതില്‍ ആം ആദ്‌മി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് ബിജെപി നേതാവ് ഷാസിയ ഇല്‍മി കുറ്റപ്പെടുത്തി. നഗരവാസികള്‍ക്ക് കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യമുനയില്‍ മുങ്ങിക്കുളിച്ച് പ്രതിഷേധിച്ച ബിജെപി നേതാവ് വീരേന്ദ്ര സച്ച്‌ദേവ് രോഗബാധിതനായി. അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് ഡല്‍ഹിയിലെ പൊതുജനങ്ങളുടെ ആരോഗ്യപ്രശ്‌നമാണ്. മൂവായിരം കോടി ഡല്‍ഹിക്കും യമുനയ്ക്കും വേണ്ടി നീക്കി വച്ചിട്ടുണ്ട്. ഇതെവിടെയെന്നും ഷാസിയ ഇല്‍മി ചോദിച്ചു. ഡല്‍ഹിയിലെ പൊതുജനങ്ങള്‍ക്ക് ശ്വസിക്കാനാകുന്നില്ല. യമുനയില്‍ പത ഒഴുകിപ്പരക്കുന്നുവെന്നും ഇല്‍മി ചൂണ്ടിക്കാട്ടി.
അതേസമയം ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ബിജെപിയെ കുറ്റപ്പെടുത്തി രംഗത്തെത്തി. മലിനീകരണം വര്‍ദ്ധിപ്പിക്കുന്നത് ബിജെപിയാണെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ സര്‍ക്കാരുകളും, കക്ഷികളും ഒന്നിച്ച് വേണം ഇത് നേരിടാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാടകങ്ങള്‍ കൊണ്ട് മലിനീകരണം കുറയ്ക്കാനാകില്ലെന്ന് ബിജെപി നേതാക്കള്‍ മനസിലാക്കണം. ശൈത്യകാല ഒരുക്കങ്ങളെക്കുറിച്ച് താന്‍ ബിജെപി അധ്യക്ഷനും കത്തെഴുതിയിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലും പ്രതികരണമോ നിര്‍ദ്ദേശമോ ഇതുവരെ ഉണ്ടായിട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read:കെജ്‌രിവാളിനെ യുവമോർച്ച പ്രവർത്തകർ ആക്രമിച്ചതായി ആം ആദ്‌മി; സംഭവം റോഡ് ഷോയ്ക്കിടെ