ന്യൂഡല്‍ഹി :വനിത ഗുസ്‌തി താരങ്ങൾ നല്‍കി ലൈംഗികാതിക്രമ പരാതിയും ഭീഷണിപ്പെടുത്തിയ കേസും റദ്ദാക്കണമെന്നുള്ള ഗുസ്‌തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്ഐ) മുൻ അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ സിങ്ങിന്‍റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ക്രിമിനൽ നടപടികളെ ചോദ്യം ചെയ്യുന്ന ഹര്‍ജി വിചാരണ ആരംഭിക്കുന്നതിന് മുമ്പ് നല്‍കണമായിരുന്നു എന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റം ചുമത്തി, വിചാരണ ആരംഭിച്ച ശേഷമുള്ള ഈ ഹര്‍ജി ഒരു വളഞ്ഞ വഴി മാത്രമാണെന്ന് ജസ്റ്റിസ് കൃഷ്‌ണ നിരീക്ഷിച്ചു.
ഹർജിയിൽ ഉന്നയിക്കുന്ന എല്ലാ വാദങ്ങളും ഉൾക്കൊള്ളുന്ന ഒരു ചെറിയ കുറിപ്പ് ഫയൽ ചെയ്യാൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. കേസ് സെപ്‌റ്റംബർ 26-ന് വീണ്ടും പരിഗണിക്കും. എഫ്ഐആറും കുറ്റപത്രവും അടക്കം കേസിൽ നിന്നുമുള്ള എല്ലാ വിചാരണ നടപടികളും റദ്ദാക്കണം എന്നായിരുന്നു മുൻ ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷന്‍റെ ഹർജിയിലെ ആവശ്യം. മെയ് മാസത്തിലാണ് ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസില്‍ ബ്രിജ് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.