ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ രാജ്യതലസ്ഥാനത്ത് മുൻ മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ പിന്നില്‍. ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് കെജ്‌രിവാള്‍ ജനവിധി തേടുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണിയ ആദ്യ റൗണ്ടിൽ തന്നെ അദ്ദേഹത്തിന്‍റെ എതിരാളിയും ബിജെപി സ്ഥാനാര്‍ഥിയുമായ പർവേഷ് വർമ്മ മുന്നിലെത്തി.
കെജ്‌രിവാൾ ഉൾപ്പെടെ മൂന്ന് പ്രമുഖ സ്ഥാനാർത്ഥികൾ ഏറ്റുമുട്ടിയ മണ്ഡലം രാജ്യവ്യാപകമായി ശ്രദ്ധ ആകർഷിച്ചിരുന്നു. ആം ആദ്‌മി പാർട്ടിയുടെ മുഖമായ കെജ്‌രിവാളാണ് വർമ്മയ്‌ക്കെതിരെ മത്സരിക്കുന്നത്. പര്‍വേഷ് വര്‍മ മുൻ പാർലമെന്‍റേറിയനും പശ്ചിമ ഡൽഹിയെ പ്രതിനിധീകരിച്ച് രണ്ടുതവണ ലോക്‌സഭാംഗവുമായിട്ടുണ്ട്.
മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ മകൻ സന്ദീപ് ദീക്ഷിതാണ് കോൺഗ്രസ് സ്ഥാനാർഥി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ത്രികോണ മത്സരമായിരിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് അനുസൃതമായി തന്നെയാണ് യഥാര്‍ഥ ഫലവും പുറത്തുവരുന്നത്.
2020 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂഡൽഹി സീറ്റിൽ ആകെ 1,46122 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ആകെ സാധുവായ വോട്ടുകളുടെ എണ്ണം 76,135 ആയിരുന്നു. 46758 വോട്ടുകൾ നേടി വൻ വിജയമാണ് അന്ന് കെജ്‌രിവാള്‍ സ്വന്തമാക്കിയിരുന്നത്. ബിജെപി സ്ഥാനാർഥി സുനിൽ കുമാർ യാദവ് ആകെ 25061 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.
2015 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആകെ 137924 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ആകെ സാധുവായ വോട്ടുകളുടെ എണ്ണം 88742 ആയിരുന്നു. അരവിന്ദ് കെജ്‌രിവാൾ 57213 വോട്ടുകൾ നേടി വൻ വിജയം സ്വന്തമാക്കി മുഖ്യമന്ത്രിയായി. ബിജെപി സ്ഥാനാര്‍ഥി നൂപുർ ശർമ്മ ആകെ 25630 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.
തെരഞ്ഞെടുപ്പ് കമ്മിഷൻ ഫലം പ്രകാരം ബിജെപി ഭൂരിപക്ഷം മറികടന്നു
അതേസമയം, ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആകെയുള്ള 70 നിയമസഭാ സീറ്റുകളില്‍ ഭൂരിപക്ഷ സീറ്റുകളിലും ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട ആദ്യ കണക്കുകള്‍ പ്രകാരം 39 സീറ്റുകളില്‍ ബിജെപിയും 23 സീറ്റുകളില്‍ എഎപിയുമാണ് മുന്നിട്ടുനില്‍ക്കുന്നത്.