ന്യൂഡൽഹി:ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ 1 ൽ നിന്നുള്ള സർവീസുകൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ടെർമിനൽ 1ലെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തെ തുടർന്നാണ് നടപടി. നിലവിലെ സാഹചര്യത്തിൽ സുരക്ഷ നടപടികളുടെ ഭാഗമായിട്ടാണ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ അടച്ചതെന്നും അധികൃതർ പറഞ്ഞു.
'കനത്ത മഴയെത്തുടർന്ന് ഇന്ന് പുലർച്ചെ ഡൽഹി എയർപോർട്ടിൻ്റെ ടെർമിനൽ 1 ൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു. പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും നൽകാൻ എമർജൻസി ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു. ഈ സംഭവത്തിൻ്റെ ഫലമായി, ടെർമിനൽ 1ൽ നിന്നുള്ള എല്ലാ പുറപ്പെടലും താൽക്കാലികമായി നിർത്തിവച്ചു, സുരക്ഷാ നടപടിയായി ചെക്ക് - ഇൻ കൗണ്ടറുകൾ അടച്ചിരിക്കുന്നു. ഈ തടസത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു, എന്തെങ്കിലും അസൗകര്യമുണ്ടായതിൽ ക്ഷമ ചോദിക്കുന്നു,'- എന്നും പ്രസ്‌താവനയിൽ പറയുന്നു. ഇൻഡിഗോയുടെയും സ്പൈസ് ജെറ്റിൻ്റെയും ടെര്‍മിനൽ 1 ൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളും ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയതായും അതിൽ പറയുന്നു.