ഡല്‍ഹി വിമാനത്താവളത്തില്‍ അപകടം (ETV Bharat) ന്യൂഡല്‍ഹി:ഡല്‍ഹി വിമാനത്താവളം ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ടാക്‌സി ഡ്രൈവറാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
മരിച്ചയാളുടെ കുടുംബത്തിന് 20 ല ക്ഷം രൂപ സഹായധനം നല്‍കുമന്ന് കേന്ദ്രവ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു. പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപ ചികിത്സ സഹായവും അനുവദിച്ചിട്ടുണ്ട്.
അപകടം അതീവ ഗൗരവകരമാണെന്നും ടെര്‍മിനല്‍ ഒന്നിലെ സ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ മന്ത്രി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
ഇന്ന് (ജൂണ്‍ 28) പുലര്‍ച്ചെ 5.30ആണ് അപകടമുണ്ടായത്. കനത്ത മഴയിലാണ് ദുരന്തമുണ്ടായത്. ടെര്‍മിനല്‍ ഒന്നിലെ പിക്ക് അപ്, ഡ്രോപ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് മേല്‍ക്കൂരയും തൂണുകളും പതിക്കുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. തകര്‍ന്ന കാറുകള്‍ക്കുള്ളില്‍ ആരും കുടുങ്ങിക്കിടക്കില്ലെന്ന് ഉറപ്പാക്കാന്‍ തെരച്ചില്‍ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയുടെ മൂന്ന് സംഘങ്ങള്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. നിരവധി കാറുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൊടും ചൂട് തുടരുന്നതിനിടെ കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് നല്ല മഴ കിട്ടിയിരുന്നു. പലയിടത്തും ഇത് വെള്ളക്കെട്ടുകള്‍ക്കും ഗതാഗത തടസത്തിനും കാരണമായിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയും ഡല്‍ഹിയിടെ വിവിധ മേഖലകളില്‍ ശക്തമായ ഇടിയോട് കൂടിയ മഴ ഉണ്ടായി.
ഒരാഴ്‌ച മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. അതേസമയം മഴയുടെ തീവ്രത ഏറിയും കുറഞ്ഞും ഇരിക്കുമെന്നും മുന്നറിയിപ്പില്‍ സൂചനയുണ്ട്. ആകാശം പൊതുവേ മേഘാവൃതമായിരിക്കും. കാറ്റിനും സാധ്യതയുണ്ട്.
Also Read:എഞ്ചിന്‍ തകരാറിലായി: മൂന്ന് മണിക്കൂര്‍ ആകാശത്ത് വട്ടമിട്ട് പറന്ന് വിമാനം, ഒടുക്കം സേഫ് ലാന്‍ഡിങ്