ഹൈദരാബാദ്:അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ അഴിമതി കുറ്റം ചുമത്തിയ വാര്‍ത്ത ബിസിനസ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് പുറത്തുവന്നത്. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നാണ് അദാനിക്കെതിരെയുള്ള കേസ്.
ഗൗതം അദാനിയുടെ അനന്തരവന്‍ സാഗര്‍ അദാനി അടക്കമുള്ളവര്‍ക്കെതിരെ കേസുണ്ട്. 20 വര്‍ഷത്തിനുള്ളില്‍ 2 ബില്യൺ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ കരാറുകൾ നേടുന്നതിനായി അദാനിയും കൂട്ടരും 250 മില്യൺ യുഎസ് ഡോളറിലധികം കൈക്കൂലി നൽകുകയും ഇക്കാര്യം മറച്ചുവെച്ച് നിക്ഷേപ തട്ടിപ്പ് നടത്തുകയും ചെയ്‌തെന്നാണ് ആരോപണം. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്ന പ്രധാന വ്യക്തികളും ആരോപണങ്ങളും
ഗൗതം എസ് അദാനി
നിരവധി പോർട്ട്‌ഫോളിയോ കമ്പനികളുള്ള കോൺഗ്ലോമറേറ്റ് അദാനി ഗ്രൂപ്പിന്‍റെ സ്ഥാപകനാണ് ഗൗതം അദാനി. എനര്‍ജി കമ്പനിയായ അദാനി ഗ്രീനിന്‍റെ ഡയറക്‌ടർ ബോർഡ് ചെയർമാനും അദാനിയാണ്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍റെ (യുഎസ്എസ്ഇസി) പരാതി പ്രകാരം ഗൗതം അദാനിയും അനന്തരവന്‍ സാഗർ അദാനിയും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് ഡോളർ കൈക്കൂലിയായി നൽകുകയും കൈക്കൂലി വാഗ്‌ദാനം ചെയ്യുകയും ചെയ്‌തതായാണ് പറയുന്നത്.
സാഗർ ആർ അദാനി
ഗൗതം അദാനിയുടെ അനന്തരവൻ സാഗർ ആർ അദാനി, 2018 ഒക്‌ടോബർ മുതൽ അദാനി ഗ്രീനിന്‍റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി സേവനമനുഷ്‌ഠിക്കുകയാണ്. യുഎസ് നിക്ഷേപകരില്‍ നിന്ന് ഏകദേശം 175 മില്യൺ ഡോളർ ഉൾപ്പെടെ 750 മില്യൺ ഡോളർ സമാഹരിച്ച ഗൗതം അദാനിയും സാഗര്‍ അദാനിയും 2021 സെപ്റ്റംബര്‍ മുതല്‍ കൈക്കൂലി നല്‍കിവരുന്നതായും യുഎസ്എസ്ഇസിയുടെ പരാതിയില്‍ പറയുന്നു. ഇരുവരും ഫെഡറൽ സെക്യൂരിറ്റീസ് നിയമങ്ങളിലെ വഞ്ചന വിരുദ്ധ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് എസ്ഇസി ചൂണ്ടിക്കാട്ടുന്നു.
വിനീത് എസ് ജെയിൻ
2020 ജൂലൈ മുതൽ 2023 മെയ് വരെ അദാനി ഗ്രീൻ എനർജിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും (സിഇഒ), 2020 ജൂലൈ മുതൽ മാനേജിങ് ഡയറക്‌ടർ ബോർഡ് ഓഫ് ഡയറക്‌ടറുമായിരുന്നു വിനീത് എസ് ജെയിൻ. തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഫെഡറൽ കോടതിയിൽ ഇയാള്‍ക്കെതിരെ അഞ്ച് ക്രിമിനൽ കുറ്റപത്രം നിലവിലുണ്ട്.
രഞ്ജിത് ഗുപ്‌ത
യുഎസ് ഇഷ്യൂവറിന്‍റെ സിഇഒയും യുഎസ് ഇഷ്യൂവേഴ്‌സ് സബ്‌സിഡിയറിയുടെ സിഇഒയും മാനേജിങ് ഡയറക്‌ടറുമായിരുന്നു രഞ്ജിത് ഗുപ്‌ത. യുഎസ് കൈക്കൂലി വിരുദ്ധ നിയമമായ ഫോറിൻ കറപ്റ്റ് പ്രാക്‌ടീസ് ആക്‌ട് ലംഘിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.