വിശാഖപട്ടണം : പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഇന്ത്യൻ നേവി ചീഫ് അഡ്‌മിറൽ ആർ ഹരി കുമാറും ചേർന്ന് ശനിയാഴ്‌ച (03-02-2024) വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ ഐഎൻഎസ് സന്ധായക്ക് (INS Sandhayak) കമ്മീഷൻ ചെയ്‌തു.ഇന്ത്യൻ കപ്പലുകൾക്കും, സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ളവർക്കും സുരക്ഷ ഒരുക്കുന്നതിന് ഇന്ത്യൻ നാവികസേനയെ പ്രതിരോധ മന്ത്രി,അഭിനന്ദിച്ചു. അറബിക്കടലിലെ നിരവധി വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ നിന്ന് ഇന്ത്യൻ നാവികസേന ആളുകൾക്ക് സഹായം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും വർദ്ധിച്ചുവരുന്ന ഭൗമരാഷ്‌ട്രീയ പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
"ഏദൻ ഉൾക്കടൽ പോലുള്ള നിരവധി ചോക്ക് പോയിന്‍റുകൾ (choke points)ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ട്, അതിലൂടെ വലിയ തോതിൽ അന്താരാഷ്‌ട്ര വ്യാപാരം നടക്കുന്നുണ്ട്. വ്യാപാരങ്ങൾ കൂടാതെ ഈ ചോക്ക് പോയിന്‍റുകളിൽ നിരവധി ഭീഷണികളും നിലനിൽക്കുന്നുണ്ട്. കടൽക്കൊള്ളക്കാരുടെ ഏറ്റവും വലിയ ഭീഷണിയാണിതെന്നും അദ്ദേഹം പറഞ്ഞു. അറബിക്കടലിൽ വ്യാപാര കപ്പലുകൾ തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ വര്‍ദ്ധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടൽക്കൊള്ളയിലും കള്ളക്കടത്തിലും ഏർപ്പെട്ടിരിക്കുന്നവരെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രതിരോധമന്ത്രി ഉറപ്പുനൽകി, ‘ന്യൂ ഇന്ത്യ’യുടെ പ്രതിജ്ഞയെന്നാണ് ഇതെന്നും മന്ത്രി പറഞ്ഞു. അടുത്തിടെ ഐഎൻഎസ് ഇംഫാൽ കമ്മീഷൻ ചെയ്യുന്ന വേളയിൽ, "സമുദ്രത്തിന്‍റെ ആഴത്തിൽ നിന്ന് ഇന്ത്യ നീചമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തി അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന്" അദ്ദേഹം പറഞ്ഞിരുന്നു.