ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിക്കെതിരെ കേസെടുത്ത് പൊലീസ്. അലിഗഡ് ഗാസിപൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ഇന്നലെയാണ് (മാര്‍ച്ച് 13) പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബം ബന്ധുവീട്ടിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി തിരികെയെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഭവം ആത്മഹത്യയാണെന്ന് വിലയിരുത്തി. എന്നാല്‍ അയല്‍വാസിയാണ് മകളെ കൊലപ്പെടുത്തിയതെന്ന് കുടുംബം പറയുകയായിരുന്നു.
മരിക്കുന്നതിന് മുമ്പ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ അയല്‍വാസിക്കെതിരെയുള്ള കുടുംബത്തിന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏറെ നാളായി അയല്‍വാസിയുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
സംഭവത്തിന് രണ്ട് ദിവസം മുമ്പും പെണ്‍കുട്ടിയുടെ കുടുംബം അയല്‍വാസിയുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം ലഭിച്ചാല്‍ മാത്രമെ മരണ കാരണം വ്യക്തമാകൂവെന്ന് ഗാസിപൂര്‍ പൊലീസ് പറഞ്ഞു.
മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചിട്ടുണ്ട്. അമ്മയ്‌ക്കൊപ്പമാണ് മകള്‍ കഴിഞ്ഞിരുന്നത്. അമ്മ ബന്ധുക്കളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് സംഭവം. ചടങ്ങില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏരിയ ഓഫീസർ ബർല സർജന സിങ് പറഞ്ഞു. കേസില്‍ അന്വേഷണം ഊര്‍ജിതമാണെന്നും അയല്‍വാസി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.