തിരുവനന്തപുരം: ഏകദേശം മൂന്നു മാസത്തോളം നീണ്ടു നില്‍ക്കുന്ന അതിദീര്‍ഘമായ നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി 17ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാനമൊഴിഞ്ഞ ശേഷം കേരള ഗവര്‍ണറായി സ്ഥാനമേറ്റെടുത്ത അര്‍ലേക്കറുടെ കേരള നിയമസഭയിലെ ആദ്യ നയപ്രഖ്യാപന പ്രസംഗം കൂടിയാണിത്.
ഗവര്‍ണറുടെ നയപ്രഖ്യാന പ്രസംഗത്തിന് ശേഷം ജനുവരി 20 മുതല്‍ 22 വരെ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ നന്ദി പ്രമേയ ചര്‍ച്ച നടക്കും. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി വിഷയങ്ങള്‍ ഈ ദിവസങ്ങളില്‍ അടിയന്തിര പ്രമേയമായി സഭയിലുയര്‍ത്തി ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കാനായിരിക്കും പ്രതിപക്ഷ ശ്രമം എന്നതു വ്യക്തമാണ്.
പുതിയ വനം ഭേദഗതി നിയമം മുതല്‍ പത്തനംതിട്ട സ്വദേശിയായ എഡിഎം നവീന്‍ബാബുവിന്‍റെ ദുരൂഹ മരണം വരെ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ആയുധമാക്കുമെന്നുറപ്പാണ്. അതേസമയം വയനാട്ടിലെ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍റെയും മകന്‍റെയും ആത്മഹത്യ ഭരണപക്ഷത്തിന് പ്രതിപക്ഷത്തെ അടിക്കാന്‍ ലഭിച്ച വടിയായി മാറും എന്നതിനു സംശയമില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനുവരി 24 മുതല്‍ ഫെബ്രുവരി 6 വരെ സഭാ സമ്മേളനത്തിന് ഇടവേളയാണ്. ഫെബ്രുവരി 7നാണ് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. രാവിലെ 9ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 മുതല്‍ 12 വരെ ബജറ്റിന്മേല്‍ പൊതു ചര്‍ച്ച നടക്കും. ഫെബ്രുവരി 13ന് ബജറ്റിന്‍ മേലുള്ള അന്തിമ ഉപധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പും. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 2 വരെ സഭാ സമ്മേളനത്തിന് ഇടവേളയാണ്.
മാര്‍ച്ച് 3 മുതല്‍ 26 വരെ ബജറ്റിലെ ധനാഭ്യര്‍ഥനകളെ സംബന്ധിച്ചുള്ള ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഗവണ്‍മെന്‍റ് കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരുമാനിക്കുമെന്ന് സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 28ന് സഭ പിരിയും.