ബെംഗളൂരു :പോക്‌സോ കേസിൽ കുറ്റാരോപിതനായകർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്ക് ജൂലൈ 15 ന് വാദം കേൾക്കുന്നതിന് ഹാജരാകാൻ സമൻസ് അയച്ച് കോടതി. യെദ്യൂരപ്പയ്‌ക്കെതിരെ സിഐഡി സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. കേസ് അന്വേഷിച്ച പൊലീസ് 700 പേജിലധികം വരുന്ന കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.
2024 മാർച്ച് മൂന്നിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യെദ്യൂരപ്പക്കെതിരെ സദാശിവനഗർ പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് സർക്കാർ, കേസന്വേഷണം സിഐഡിക്ക് കൈമാറി. അടുത്തിടെ സിഐഡി ഉദ്യോഗസ്ഥർ യെദ്യൂരപ്പയ്ക്ക് രണ്ടാമത്തെ നോട്ടിസ് നൽകുകയും ഹിയറിങ്ങിന് ഹാജരാകാൻ നിർദേശിക്കുകയും ചെയ്‌തു.