മുംബൈ :വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കറിന്‍റെ അമ്മ മനോരമ ഖേദ്ക്കറും അച്ഛന്‍ ദിലീപ് ഖേദ്ക്കറും അറസ്റ്റില്‍. വസ്‌തു തര്‍ക്കത്തിന്‍റെ പേരില്‍ ആളുകളെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിലാണ് നടപടി. മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയിലുള്ള മഹാഡില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
പൂനെയിലെ മുല്‍ഷിയിലുള്ള ധാദ്‌വാലി ഗ്രാമത്തില്‍ ഒരു ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് മനോരമയും ഭര്‍ത്താവ് ദിലീപ് ഖേദ്ക്കറും ആളുകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിരുന്നു. പിന്നാലെ പൂനെ റൂറലിലെ പൗദ് പൊലീസ്, ഖേദ്ക്കര്‍ ദമ്പതിമാരെയും മറ്റ് അഞ്ച് പേരെയും അറസ്റ്റ് ചെയ്‌തു.
ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 323 (വിശ്വാസ വഞ്ചന, വസ്‌തുവിന്‍റെ അതിരുകള്‍ അനധികൃതമായി നീക്കുക) അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിന് പുറമെ ആയുധ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മഹാദില്‍ നിന്ന് അറസ്റ്റ് ചെയ്‌ത മനോരമയെ പൂനയിലേക്ക് കൊണ്ടുവന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയതായി പൂനെ റൂറല്‍ പൊലീസ് സൂപ്രണ്ട് പങ്കജ് ദേശ്‌മുഖ് അറിയിച്ചു. അധികാര ദുർവിനിയോഗത്തെ തുടര്‍ന്നും സർട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്നും അന്വേഷണം നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ് പൂജ ഖേദ്ക്കര്‍.