എറണാകുളം: കളമശേരിയില്‍ മധ്യവയസ്‌കയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരനായ ഗിരീഷ് ബാബു (42) ഇയാളുടെ സുഹൃത്ത് ഖദീജയെന്ന പ്രബിത (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഐടി പ്രൊഫഷണലായ ജെയ്‌സി എബ്രഹാമാണ് (55) കളമശേരിയിലെ അപ്പാര്‍ട്ട്മെന്‍റില്‍ കൊല്ലപ്പെട്ടത്. ജെയ്‌സിയുടെ സുഹൃത്താണ് പ്രതി ഗിരീഷ്.
ഇക്കഴിഞ്ഞ 17നാണ് ജെയ്‌സിയെ കളമശേരിയിലെ അപ്പാർട്ട്മെന്‍റിലെ ശുചിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിലുണ്ടായ ആഴത്തിലുള്ള മുറിവായിരുന്നു മരണ കാരണം. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്‌ടർമാർ കൊലപാതക സംശയം പൊലീസിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് പത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ലോൺ ആപ്പ് വഴിയും ക്രെഡിറ്റ് കാർഡും മറ്റുമായി വലിയ തുകയുടെ കടക്കാരനായിരുന്നു ഗിരീഷ് ബാബു. സാമ്പത്തിക പ്രതിസന്ധികള്‍ തീര്‍ക്കാനായി ജെയ്‌സിയുടെ പണവും സ്വര്‍ണവും കവരാന്‍ ഗിരീഷ് തീരുമാനിച്ചു. ഇതിനായി രണ്ട് മാസം മുമ്പ് തന്നെ ഗിരീഷ് ബാബുവും കാമുകി പ്രബിതയും ഗൂഢാലോചന നടത്തി പദ്ധതി തയ്യാറാക്കി. കൊലപാതകം നടത്തുന്നതിന് മുന്നോടിയായി ഗിരീഷ് രണ്ട് വട്ടം ജെയ്‌സിയുടെ ഫ്ലാറ്റിന്‍റെ സമീപം വരെ വന്നുപോയിരുന്നു. സിസിടിവി ഇല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച് കൃത്യമായ പ്ലാനിങ് നടത്തിയാണ് പ്രതി കൃത്യം നടപ്പിലാക്കിയത്.
ഫ്ലാറ്റിൽ ആരും ഉണ്ടാകാൻ സാധ്യതയില്ലാത്ത ദിവസമാണ് കൃത്യം നിർവഹിക്കാൻ പ്രതി തെരഞ്ഞെടുത്തത്. കാക്കനാട് എൻജിഒ ക്വാട്ടേഴ്‌സിന് സമീപമുള്ള വീട്ടിൽ നിന്നും ഗിരീഷ് ബാബു സഹോദരന്‍റെ ബൈക്കെടുത്ത് പല വഴികളിലൂടെയും ചുറ്റിക്കറങ്ങി സഞ്ചരിച്ച് ഉണിച്ചിറ പൈപ്പ് ലെയിന്‍ റോഡിൽ എത്തി.
ഇവിടെ നിന്ന് രണ്ട് ഓട്ടോറിക്ഷകൾ മാറി കയറി ജെയ്‌സിയുടെ ഫ്ലാറ്റിൽ എത്തുകയായിരുന്നു. രാവിലെ പത്ത് മണിക്ക് ശേഷം അപ്പാർട്ട്മെന്‍റിലെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന മദ്യം ജെയ്‌സിയുമൊത്ത് കഴിച്ചു. മദ്യലഹരിയിൽ ആയിരുന്ന ജെയ്‌സി ബെഡിൽ കിടന്ന സമയം പ്രതി ബാഗിൽ കരുതിയിരുന്ന ആയുധമെടുത്ത് തലയ്ക്ക് പലവട്ടം അടിക്കുകയായിരുന്നു. നിലവിളിക്കാൻ ശ്രമിച്ച ജെയ്‌സിയുടെ മുഖം തലയിണ വച്ച് അമർത്തിപ്പിടിക്കുകയും ചെയ്‌തു.
ജെയ്‌സി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്രതി മൃതദേഹം ശുചിമുറിയില്‍ ഉപേക്ഷിച്ചു. ശുചിമുറിയില്‍ വഴുതി വീണാണ് മരണമെന്ന് തെറ്റിദ്ധരിക്കാന്‍ വേണ്ടിയായിരുന്നു അത്. ജെയ്‌സിയുടെ കൈകളിൽ ധരിച്ചിരുന്ന രണ്ട് സ്വർണ വളകളും ജെയ്‌സിയുടെ രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നാണ് പ്രതി രക്ഷപ്പെട്ടത്. ദൃക്‌സാക്ഷികളോ, സിസിടിവി ദൃശ്യങ്ങളോ ഇല്ലാത്ത കേസിൽ കൊല്ലപ്പെട്ട സ്ത്രീയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണർ ബേബി പിവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.