കേരളം

kerala

By PTI

Published : Mar 17, 2024, 7:55 PM IST

ETV Bharat / bharat

ഓര്‍ഡര്‍ ചെയ്‌ത ഐഫോൺ ഫ്ലിപ്‌കാർട്ട് ക്യാന്‍സല്‍ ചെയ്‌തു; ഉപഭോക്താവിന് 10,000 രൂപ നഷ്‌ട പരിഹാരം നൽകാന്‍ ഉത്തരവ്

ഫ്ലിപ്‌കാര്‍ട്ട് തന്നെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്‌തത് അധിക ലാഭത്തിന് വേണ്ടിയാണെന്നും അത് അന്യായ വ്യാപാര രീതിയാണെന്നും കമ്മീഷന്‍ കണ്ടെത്തി.

Consumer forum orders Flipkart to pay man Rs 10k for cancellation of iPhone order
Flipcart Flipcart compensation Iphone order Flipcart order cancelled

മുംബൈ :ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്‌ത ഐഫോണ്‍ ക്യാന്‍സല്‍ ആയ സംഭവത്തില്‍ ഉപഭോക്താവിന് 10,000 രൂപ നഷ്‌ട പരിഹാരം നൽകാൻ സെൻട്രൽ മുംബൈയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ഐഫോൺ ഓർഡർ ക്യാന്‍സലായ ശേഷം ഉപഭോക്താവ് അനുഭവിച്ച മാനസിക പീഡനത്തിന് കമ്പനി നഷ്‌ട പരിഹാരം നല്‍കണമെന്നാണ് കമ്മീഷന്‍റെ വിധി. ഫ്ലിപ്‌കാര്‍ട്ട് തന്നെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്‌തത് അധിക ലാഭത്തിന് വേണ്ടിയാണെന്നും, ഇത് നിയമ വിരുദ്ധമാണെന്നും കമ്മീഷന്‍ കണ്ടെത്തി.

2022 ജൂലൈ 10 ന് ആണ് ദാദർ നിവാസിയായ പരാതിക്കാരൻ ഫ്ലിപ്‌കാർട്ടിൽ നിന്ന് ഐഫോൺ ഓർഡർ ചെയ്‌തത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 39,628 രൂപ നൽകുകയും ചെയ്‌തു. ജൂലൈ 12 ന് ഫോൺ ഡെലിവർ ചെയ്യേണ്ടതായിരുന്നു. എന്നാൽ ആറ് ദിവസത്തിന് ശേഷം ഓർഡർ ക്യാന്‍സലായതായി ഇ-കൊമേഴ്‌സ് കമ്പനിയിൽ നിന്ന് അദ്ദേഹത്തിന് മെസേജ് ലഭിച്ചു. പരാതിക്കാരന്‍ അന്വേഷിച്ചപ്പോള്‍, ഇകാർട്ട് ഡെലിവറി ബോയ് ഡെലിവറി ചെയ്യാൻ പലതവണ ശ്രമിച്ചെന്നും ഓര്‍ഡര്‍ ചെയ്‌തയാളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും അതിനാലാണ് ഓർഡർ റദ്ദാക്കിയത് എന്നുമാണ് കമ്പനി മറുപടി നല്‍കിയത്.

തുടര്‍ന്ന് പരാതിക്കാരനോട് പുതിയ ഓര്‍ഡര്‍ നല്‍കാന്‍ കമ്പനി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഉൽപ്പന്നത്തിന് ഏഴായിരത്തോളം രൂപ വർദ്ധിച്ചിരുന്നു. ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്‌തത് തനിക്ക് നഷ്‌ടം വരുത്തിയെന്നും മാനസികമായി പീഡിപ്പിക്കപ്പെട്ടു എന്നുമാണ് പരാതി. താന്‍ ഓൺലൈൻ തട്ടിപ്പിന് ഇരയായി എന്നും പരാതിക്കാരൻ പറഞ്ഞു. ഫ്ലിപ്‌കാർട്ടിന്‍റെ ഡെലിവറി പങ്കാളിയായ ഇകാർട്ട് ലോജിസ്‌റ്റിക്‌സും പരാതിയിൽ കക്ഷിയായിരുന്നു. എന്നാൽ ഇകാര്‍ട്ട് ഒരു ഡെലിവറി പാർട്‌ണര്‍ മാത്രമാണെന്നും പരാതിക്കാരനും സ്ഥാപനവും തമ്മിൽ ഉപഭോക്തൃ-സേവന ദാതാവ് ബന്ധമില്ലെന്നും കമ്മീഷൻ വിലയിരുത്തി.

ഉൽപ്പന്നത്തിന്‍റെ വിൽപ്പനക്കാരാണ് തങ്ങളെന്ന് തെറ്റിദ്ധരിച്ചാണ് പരാതിക്കാരന്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് എന്നായിരുന്നു ഫ്ലിപ്‌കാർട്ടിന്‍റെ വാദം. ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമെന്ന നിലയില്‍, ഇടനിലക്കാരായി മാത്രമേ തങ്ങള്‍ പ്രവർത്തിക്കുന്നുള്ളൂ, ഈ പ്ലാറ്റ്‌ഫോമിലെ എല്ലാ ഉൽപ്പന്നങ്ങളുടെയും വില്‍പ്പനക്കാര്‍ സ്വതന്ത്രമായ മൂന്നാം കക്ഷിയാണെന്നും, തങ്ങള്‍ ഉപഭോക്താവിന് വിതരണം ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും ഫ്ലിപ്‌കാര്‍ട്ട് പറഞ്ഞു.

ഈ കേസില്‍ വിൽപ്പനക്കാരൻ ഇന്‍റർനാഷണൽ വാല്യൂ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡാണ്. പരാതിക്കാരനും വിൽപ്പനക്കാരനും തമ്മിൽ നടത്തിയ ഇടപാടില്‍ ഫ്ലിപ്‌കാർട്ടിന് യാതൊരു പങ്കുമില്ല. പരാതി വിൽപ്പനക്കാരനെ അറിയിച്ചതായും ഫ്ലിപ്‌കാര്‍ട്ട് പറഞ്ഞു. ഉല്‍പന്നം വിലാസത്തിൽ എത്തിക്കാൻ പലതവണ ശ്രമിച്ചെങ്കിലും പരാതിക്കാരൻ ലഭ്യമല്ലാത്തതിനാലാണ് ഓർഡർ റദ്ദാക്കിയതെന്നും ഫ്ലിപ്‌കാര്‍ട്ട് വിശദീകരിച്ചു. പരാതിക്കാരന് പണം തിരികെ നൽകിയതായും കമ്പനി പറഞ്ഞു.

എന്നാല്‍ ഇ-കൊമേഴ്‌സ് കമ്പനി ഏകപക്ഷീയമായാണ് ഓർഡർ റദ്ദാക്കിയതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. പരാതിക്കാരൻ കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ക്യാന്‍സലേഷന്‍ നടന്നതെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഫ്ലിപ്‌കാർട്ടോ വിൽപ്പനക്കാരനോ ഒന്നിലധികം സേവന ശ്രമം നടത്തിയതിന് ഒരു തെളിവും ഫ്ലിപ്‌കാർട്ട് ഹാജരാക്കിയിട്ടില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

Also Read :നിലവാരമില്ലാത്ത പ്രഷർകുക്കറുകൾ വിറ്റു: ഫ്ലിപ്‌കാർട്ടിന് ഒരു ലക്ഷം രൂപ പിഴ

അധികലാഭം നേടാനാണ് ഫ്ലിപ്‌കാർട്ട് മനപ്പൂർവ്വം ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്‌തതെന്ന് കമ്മീഷന്‍ പറഞ്ഞു. ഇത് സേവനത്തില്‍ വന്ന വീഴ്‌ചയും അന്യായമായ വ്യാപാര രീതിയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. പരാതിക്കാരന് റീഫണ്ട് നല്‍കിയെങ്കിലും ഫ്ലിപ്‌കാർട്ട് ഏകപക്ഷീയമായി ഓര്‍ഡര്‍ റദ്ദാക്കിയതിനാൽ അയാൾ അനുഭവിച്ച മാനസിക പീഡനത്തിനും വേദനയ്ക്കും നഷ്‌ടപരിഹാരം നൽകേണ്ടതുണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തി. തുടര്‍ന്ന് പരാതിക്കാരന്‍ അനുഭവിച്ച മാനസിക പീഡനത്തിനും വേദനയ്ക്കും നഷ്‌ടപരിഹാരമായി 10,000 രൂപയും, ചെലവായി 3,000 രൂപയും നല്‍കാന്‍ ഫ്ലിപ്‌കാട്ടിനോട് കമ്മീഷൻ ഉത്തരവിടുകയായിരുന്നു.

ABOUT THE AUTHOR

...view details