ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാന്‍ അരവിന്ദ് കെജ്‌രിവാള്‍. ഫ്ലാഗ്സ്റ്റാഫ് റോഡിലെ വസതി രണ്ട് ദിവസത്തിനകം കെജ്‌രിവാള്‍ ഒഴിയുമെന്നാണ് അറിയിച്ചിരിക്കുന്നത്. എഎപി രാജ്യസഭാ എംപി അശോക് മിത്തലിന് അനുവദിച്ചിട്ടുള്ള ഫിറോസ്ഷാ റോഡിലിലെ ബംഗ്ലാവിലേക്കാണ് കെജ്‌രിവാള്‍ മാറുന്നത് എന്നാണ് എഎപി അംഗങ്ങൾ അറിയിച്ചത്.
ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ കെജ്‌രിവാൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിയുമെന്നും അദ്ദേഹത്തിനും കുടുംബത്തിനുമായി പുതിയ വീട് ഒരുക്കിയിട്ടുണ്ടെന്നും പാർട്ടി പ്രസ്‌താവനയിൽ പറഞ്ഞു. കെജ്‌രിവാളിനോട് തന്‍റെ ബംഗ്ലാവില്‍ താമസിക്കാമെന്ന് അശോക് മിത്തൽ തന്നെ ആവശ്യപ്പെട്ടതാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. നിരവധി എംഎൽഎമാരും കൗൺസിലർമാരും പാർട്ടി പ്രവർത്തകരും സാധാരണക്കാരും അവരുടെ വീടുകൾ കെജ്‌രിവാളിന് നല്‍കാന്‍ സന്നദ്ധത കാട്ടുന്നുണ്ടെന്ന് എഎപി പ്രസ്‌താവനയിൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കെജ്‌രിവാൾ ഒരു ദേശീയ ഉദ്യാനത്തിന്‍റെ തലവനായതിനാല്‍ അദ്ദേഹത്തിന് താമസസ്ഥലം അനുവദിക്കണമെന്ന് എഎപി നേരത്തെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര മന്ത്രാലയത്തിൽ നിന്ന് ഇതുവരെ പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു.
ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ, കഴിഞ്ഞ മാസമാണ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നിലവില്‍ ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെജ്‌രിവാൾ സജീവമായുണ്ട്.
Also Read: ഹരിയാന തെരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചത് 60 കോടിയുടെ കള്ളപ്പണം; സംസ്ഥാനത്ത് സുരക്ഷ ശക്‌തമാക്കി