ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ മുന്‍ സഹയാത്രികനായിരുന്ന അശോക് തന്‍വറിനെ പാര്‍ട്ടിയിലേക്ക് തിരികെ സ്വീകരിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഹരിയാനയിലെ ബിജെപിയുടെ ഏക ദളിത് മുഖമായിരുന്നു അദ്ദേഹം. ശനിയാഴ്‌ച നടക്കുന്ന നിര്‍ണായകമായ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്.
ഹരിയാനയിലെ വോട്ടര്‍മാരില്‍ 21ശതമാനം ദളിതുകളാണ്. നിരവധി നിയമസഭ സീറ്റുകളില്‍ ഇവര്‍ നിര്‍ണായക ശക്തിയുമാണ്. ഇതാണ് തന്‍വറിനെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനുള്ള പ്രധാന കാരണമെന്നാണ് വിശദീകരണം. മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ തന്‍വറിനെ 2014ല്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായും നിയോഗിച്ചിരുന്നു.
2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡയുമായുള്ള തര്‍ക്കമാണ് തന്‍വറിന് പുറത്തേക്കുള്ള വഴി തുറന്നത്. തന്‍വര്‍ പിന്നീട് ടിഎംസി, എഎപി, ബിജെപി തുടങ്ങിയ പാര്‍ട്ടികളില്‍ തന്‍റെ ഭാഗ്യം പരീക്ഷിച്ചു. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്‍റിലേക്ക് ജനവിധി തേടി. കഴിഞ്ഞ ദിവസം ഹന്‍സി സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണ രംഗത്തുമുണ്ടായിരുന്നു.
രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് ദളിത് വിരുദ്ധരാണെന്ന ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. പാല്‍വാലില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മോദിയുടെ ആരോപണങ്ങള്‍. കാവിപ്പാര്‍ട്ടിക്കുള്ള ശക്തമായ സന്ദേശമാണ് തന്‍വറിനെ വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെ എത്തിച്ചത് വഴി രാഹുല്‍ നല്‍കുന്നതെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ഹൂഡയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ പ്രമുഖ ദളിത് നേതാവ് കുമാരി ഷെല്‍ജ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് ഇത്.
അശോക് തന്‍വര്‍ തിരികെ എത്തിയത് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഗുണകരമാകും. ഇത് അദ്ദേഹത്തിന്‍റെ ഘര്‍ വാപസിയാണ്. തങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ബിജെപി ദളിതുകള്‍ക്ക് വേണ്ടി ഒന്നും ചെയ്‌തിട്ടില്ല. വെറും അധരവ്യായാമങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറിയും ഹരിയാനയുടെ ചുമതലയുമുള്ള മനോജ് ചൗഹാന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
പ്രാദേശിക വിഷയങ്ങളായ തൊഴില്‍, സ്്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍, കര്‍ഷക പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിയാണ് തങ്ങളുടെ പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ സമൂഹത്തിനും സാമൂഹ്യനീതി ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹേന്ദ്ര ഗഡില്‍ നടന്ന റാലിയില്‍ തന്‍വര്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിലേക്ക് തിരികെ എത്തുന്നതിന് തൊട്ടുമുമ്പ് കുമാരി ഷെല്‍ജ സോണിയ ഗാന്ധിയുമായി അരമണിക്കൂര്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. സംസ്ഥാനത്തെ ദളിത് വോട്ടുകള്‍ സുപ്രധാനമായത് കൊണ്ട് തന്നെയാണ് ഹൂഡയും ഷെല്‍ജയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരിട്ട് രംഗത്ത് ഇറങ്ങിയത്. കുമാരി ഷെല്‍ജയ്ക്ക് സ്വാധീനമുള്ള നിയമസഭ മണ്ഡലമായ അസന്തില്‍ നിന്നാണ് രാഹുല്‍ ഗാന്ധി തന്‍റെ പ്രചാരണം തുടങ്ങിയത് എന്നതും ശ്രദ്ധേയമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബിജെപി ഭരണഘടന വിരുദ്ധരാണെന്ന് രാഹുല്‍ ആരോപിച്ചു. പാര്‍ശ്വവത്കൃത സമൂഹത്തിന്‍റെ സംവരണം എടുത്ത് കളയാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ കടുത്ത പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയത്. ബദാഷ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വര്‍ദ്ധന്‍ യാദവിനും രെവാരിയില്‍ ചിരജീവ് റാവുവിനും വേണ്ടി രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് ദോത്തസരയും ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവും പ്രചാരണത്തിനെത്തിയിരുന്നു.
ബിഹാറില്‍ യാദവര്‍ക്ക് നേരെ പ്രാദേശിക ജനതയെ തിരിക്കുന്നു. ഹരിയാനയില്‍ ജാട്ടുകള്‍ക്കെതിരെ മറ്റ് സമുദായങ്ങളെയും തിരിപ്പിക്കുന്നു. അത് കൊണ്ട് നിങ്ങള്‍ ഏറെ അവധാനത പുലര്‍ത്തണമെന്ന് മഹേന്ദ്രഗഡ് റാലിയില്‍ സംസാരിക്കവെ യോഗേന്ദ്ര യാദവ് പറഞ്ഞു.
മുസ്ലീം ആധിപത്യ പ്രദേശമായ നൂഹിലും രാഹുല്‍ഗാന്ധി പ്രചാരണം നടത്തി. ഇവിടെ ബിജെപിക്ക് വലിയ കരുത്തില്ല. തങ്ങള്‍ എല്ലാ സമൂഹത്തിനും വേണ്ടി നിലകൊള്ളുന്നവരാണെന്ന പ്രതീതി സൃഷ്‌ടിക്കാന്‍ കോണ്‍ഗ്രസ് കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.
Also Read: ഹരിയാന തെരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചത് 60 കോടിയുടെ കള്ളപ്പണം; സംസ്ഥാനത്ത് സുരക്ഷ ശക്‌തമാക്കി