ജയ്‌പൂര്‍: സ്‌ത്രീധനമാവശ്യപ്പെട്ട പൊലീസുകാരന് ജയിലഴികള്‍ സമ്മാനിച്ച് വധു. രാജസ്ഥാനിലെ കോട്‌വാളില്‍ നീം കാ താന നിവാസിയായ ഐടിബിപി കോണ്‍സ്‌റ്റബിളിനാണ് സ്‌ത്രീധനം ആവശ്യപ്പെട്ടതിന്‍റെ പേരില്‍ പ്രതിശ്രുത വധു ജയിലറ സമ്മാനിച്ചത്.
വിവാഹത്തിന് മുമ്പ് അഞ്ച് ലക്ഷം രൂപയും ഇതിന് പുറമെ ഒരു ബൈക്കും വേണമെന്നായിരുന്നു വരന്‍റെ ആവശ്യം. നേരത്തെ അഞ്ച് ലക്ഷം രൂപ ഇയാള്‍ക്ക് നല്‍കിയിരുന്നു. ഇതിന് പുറമെയാണ് വീണ്ടും പണം ആവശ്യപ്പെട്ടത്. അത് ആഘോഷങ്ങള്‍ അവസാനിക്കും മുമ്പ് തന്നെ നല്‍കണമെന്ന ആവശ്യവും വരന്‍ മുന്നോട്ട് വച്ചു. എന്നാല്‍ വധു ഇവയൊന്നും നല്‍കില്ലെന്ന നിലപാട് കൈക്കൊണ്ടതോടെ ഇരു കുടുംബങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി.
വരന്‍ വധുവിനോടും സ്ഥലത്തുണ്ടായ മറ്റ് സ്‌ത്രീകളോടും മോശമായി പെരുമാറാന്‍ തുടങ്ങിയെന്നും ചടങ്ങിനെത്തിയവര്‍ പറയുന്നു. വരന്‍റെ ബന്ധുക്കളും മോശമായി പെരുമാറി. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവവുമായി ബന്ധപ്പെട്ട് വരനും അയാളുടെ അച്‌ഛനും അടക്കം അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഹരിനാരായണ്‍ മീണ അറിയിച്ചു.
തിലക് ആഘോഷ ചടങ്ങില്‍ വച്ച് കുറച്ച് പണം നല്‍കിയതായി വധുവിന്‍റെ കുടുംബം വ്യക്തമാക്കി. എന്നാല്‍ അവസാന നിമിഷമുള്ള വരന്‍റെ കൂടുതല്‍ സ്‌ത്രീധന ആവശ്യം തങ്ങളെ അപമാനിക്കാന്‍ ലക്ഷ്യമിട്ടാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇടത്തരം കുടുംബത്തില്‍ നിന്നുള്ള ബിഎഡ് വിദ്യാര്‍ഥിനിയാണ് വധു. രണ്ട് സഹോദരന്‍മാരും ഇവര്‍ക്കുണ്ട്. പിതാവിന്‍റെ മരണശേഷം ഇവരാണ് ജോലി ചെയ്‌ത് കുടുംബം പുലര്‍ത്തുന്നത്.
അതേസമയം സിനിമാക്കഥയെ വെല്ലുന്ന ചില ന്യായീകരണങ്ങളുമായി വരന്‍ രംഗത്തെത്തി. ഷൂ ഒളിപ്പിച്ച് വച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നാണ് വരന്‍റെ പക്ഷം. എന്നാല്‍ വധു നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. വിവാഹചടങ്ങിനിടെ വരന്‍ മോശമായി പെരുമാറിയെന്നും ഇവര്‍ ആരോപിക്കുന്നു. കസ്‌റ്റഡിയിലെടുത്ത വരനും കൂട്ടര്‍ക്കും പിന്നീട് ജാമ്യം ലഭിച്ചു.
രാജ്യത്ത് സ്‌ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും പല രൂപങ്ങളിലും ഇത് ഇന്നും തുടരുന്നു. കേരളത്തില്‍ നിന്ന് നിരവധി സ്‌ത്രീധന പീഡന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല്‍ സ്‌ത്രീധന പീഡനങ്ങള്‍ നടക്കുന്ന സംസ്ഥാനം എന്ന കുപ്രസിദ്ധിയും കേരളത്തിന് സ്വന്തമാണ്. സ്‌ത്രീധനത്തിനെതിരെ സര്‍ക്കാരും സംഘടനകളും നിരവധി പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇന്നും ഇവ നിര്‍ബാധം സമൂഹത്തില്‍ തുടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
Also Read:സ്ത്രീധന പീഡനം; മലയാളി യുവതി തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്‌തു